രണ്ട് ലക്ഷം ഉപഭോക്താക്കളുമായി ത്രില്‍ആര്‍ക്ക്

കൊച്ചി: വൈവിധ്യമാര്‍ന്ന യാത്രാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന മലയാളി ട്രാവല്‍ സ്റ്റാര്‍ട്ടപ്പായ ത്രില്‍ആര്‍ക്കിന്‍റെ ഉപഭോക്താക്കള്‍ രണ്ട് ലക്ഷം കവിഞ്ഞു. കൊവിഡ് കാലത്ത് ആരംഭിച്ച കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ സ്റ്റാര്‍ട്ടപ്പിന് ഇന്ന് 40 ലധികം നഗരങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. പരമ്പരാഗത ട്രാവല്‍ സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓണ്‍ ഡിമാന്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ത്രില്‍ആര്‍ക്ക്. അന്താരാഷ്ട്ര നഗരങ്ങളിലെ ടൂറുകള്‍, ആകര്‍ഷണങ്ങള്‍, പ്രാദേശിക അനുഭവങ്ങള്‍ എന്നിവ തത്സമയം കണ്ടെത്താനും ബുക്കു ചെയ്യാനും കഴിയുന്നു. യുഎഇ, സിംഗപ്പൂര്‍, തായ്ലാന്‍റ്, വിയറ്റ്നാം, ഇന്തോനേഷ്യ, ജപ്പാന്‍ മലേഷ്യ എന്നിവിടങ്ങളില്‍ ത്രില്‍ആര്‍ക്കിന്‍റെ സേവനങ്ങള്‍ സജീവമാണ്. അവസാന നിമിഷത്തെ പ്ലാനിംഗ് ആണെങ്കിലും നഗരത്തെക്കുറിച്ച് അറിയില്ലെങ്കിലും എളുപ്പത്തില്‍ ടിക്കറ്റ് കണ്ടെത്താനും ഓണ്‍ലൈന്‍ വഴി തന്നെ അത് ബുക്ക് ചെയ്യാനും ഇതു വഴി സാധിക്കും. സഞ്ചാരത്തിന്‍റെ ഭാവിയെന്നത് അനുഭവങ്ങളാണെന്ന് ത്രില്‍ആര്‍ക്ക് സഹസ്ഥാപകനും സിഇഒയുമായ ഫിറോസ് മുസ്തഫ ചൂണ്ടിക്കാട്ടി. എവിടെ പോകുന്നു എന്നതിലല്ല, അവിടെ അനുഭവവേദ്യമാകാന്‍ എന്തു ലഭിക്കുന്നുവെന്നതിലാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. സാംസ്ക്കാരിക-പൈതൃക സ്ഥലങ്ങള്‍, ലോക പ്രശസ്ത മ്യൂസിയങ്ങള്‍, അറിയപ്പെടാത്ത പ്രകൃതി രമണീയ ആകര്‍ഷണങ്ങള്‍, പൈതൃക നടത്ത പരിപാടികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങളാണ് ത്രില്‍ആര്‍ക്ക് ഒരുക്കുന്നത്. നിലവിലുള്ള 40 നഗരങ്ങളിലെ സേവനങ്ങള്‍ക്ക് പുറമെ ഉടന്‍ തന്നെ 20 ഡെസ്റ്റിനേഷനുകള്‍ കൂടി ത്രില്‍ആര്‍ക്കില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് സഹസ്ഥാപകനും സിഇഒയുമായ ഫാസില്‍ പാറക്കാട്ട് ചൂണ്ടിക്കാട്ടി. യൂറോപ്പിലും, യുഎസിലുമുള്ള പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകള്‍ ത്രില്‍ആര്‍ക്കില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രാരംഭദശയിലായ ത്രില്‍ആര്‍ക്ക് കൂടുതല്‍ വിപുലീകരണത്തിന് ഒരുങ്ങുകയാണ്. നിക്ഷേപ സമാഹരണം, കൂടുതല്‍ തൊഴിലവസരങ്ങള്‍, സേവനങ്ങളുടെ വൈവിധ്യവത്കരണം എന്നിവയിലൂടെ സുസ്ഥിര വളര്‍ച്ച നേടാനാണ് കമ്പനിയുടെ ഒരുക്കം.