January 7, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്ക് പ്രഖ്യാപിച്ചു കേരളം

1 min read

കൊച്ചി: രാജ്യങ്ങള്‍ക്കിടയില്‍ ചരിത്രം, സംസ്കാരം, സര്‍ഗാത്മകത, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്കിന് കേരളം തുടക്കം കുറിച്ചു. നൂറ്റാണ്ടുകളായി ആഗോള സമുദ്ര വ്യാപാരത്തിന്‍റെയും സാംസ്കാരിക വിനിമയത്തിന്‍റെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടുകളുടെ പാരമ്പര്യം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഹെറിറ്റേജ് നെറ്റ് വര്‍ക്ക് പ്രഖ്യാപിച്ചത്. മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് ഹെറിറ്റേജ് നെറ്റ് വര്‍ക്ക് പ്രഖ്യാപിച്ചത്. ‘പുരാതന പാതകള്‍, പുതിയ യാത്രകള്‍’ എന്ന വിഷയത്തിലാണ് ജനുവരി 8 വരെ ത്രിദിന സമ്മേളനം നടക്കുന്നത്. സംസ്കാരങ്ങളുടെ സംഗമഭൂമി എന്ന നിലയില്‍ കേരളത്തിന്‍റെ ചരിത്രപരമായ പങ്കും ഭാവിയിലേക്കുള്ള സ്പൈസ് റൂട്ട്സിന്‍റെ പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഉറപ്പിക്കുന്നതാണ് ഈ സമ്മേളനമെന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത മന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളായി സ്പൈസ് റൂട്ട്സ് മലബാര്‍ തീരത്ത് നിന്ന് കുരുമുളക്, കറുവപ്പട്ട, ഏലം എന്നിവ മാത്രമല്ല വിനിമയം ചെയ്തത്. ആശയങ്ങള്‍, വിശ്വാസങ്ങള്‍, സാങ്കേതികവിദ്യകള്‍, കലാരൂപങ്ങള്‍, ജീവിതരീതികള്‍ എന്നിവയുടെ കൈമാറ്റത്തിനുള്ള വേദിയായി കൂടിയാണ് ഇത് പ്രവര്‍ത്തിച്ചത്. സ്പൈസ് റൂട്ടിനെ ഭൂതകാലത്തിന്‍റെ അവശിഷ്ടമായിട്ടല്ല, സാംസ്കാരിക സംവാദം, ടൂറിസം, സമഗ്ര വികസനം എന്നിവയ്ക്ക് പ്രചോദനം നല്‍കുന്ന വ്യാഖ്യാനമായിട്ടാണ് കേരളം കാണുന്നത്. ഇതില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ കേരളത്തിനാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചരിത്രം, പൈതൃകം, സംരക്ഷണം, ഡോക്യുമെന്‍റേഷന്‍, ആര്‍ക്കൈവിംഗ്, പുരാവസ്തു ഗവേഷണം, മ്യൂസിയങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ മേഖലകളിലെ വിഭവങ്ങള്‍ പങ്കിടുന്നതിലും സഹകരണം വളര്‍ത്തിയെടുക്കുന്നതിനായാണ് സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ് വര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സഹകരണ ഗവേഷണം രൂപകല്‍പ്പന ചെയ്യുന്നതിലും പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും സംയുക്ത പദ്ധതികള്‍ ഏറ്റെടുക്കുന്നതിലും ഹെറിറ്റേജ് നെറ്റ് വര്‍ക്ക് ശ്രദ്ധവയ്ക്കും. സ്പൈസ് റൂട്ടിനെ വീണ്ടും ബന്ധിപ്പിക്കുന്നതിനും അതിര്‍ത്തി കടന്നുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള വേദിയൊരുക്കുന്നതില്‍ സ്പൈസ് റൂട്ട്സ് സമ്മേളനം തുടക്കം കുറിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ ചരിത്രവും സംസ്കാരവും രൂപപ്പെടുത്തുന്നതില്‍ സ്പൈസ് റൂട്ട്സ് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. വ്യത്യസ്ത ദേശങ്ങളില്‍ നിന്നുള്ള ആളുകളെ ബന്ധിപ്പിക്കുകയും ജനങ്ങളുടെ ചരിത്രവും സംസ്കാരവും രൂപപ്പെടുത്തുകയും ചെയ്ത സ്പൈസ് റൂട്ട് ചരിത്രത്തില്‍ ആകര്‍ഷകമായ ഒന്നാണെന്ന് വിശിഷ്ടാതിഥിയായിരുന്ന ഹൈബി ഈഡന്‍ എംപി പറഞ്ഞു. മുസിരിസ് പൈതൃകവുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും എംപി നിര്‍വ്വഹിച്ചു. സ്പൈസ് റൂട്ട്സിനെ സംബന്ധിച്ചുള്ള ആഗോള സംഭാഷണങ്ങള്‍ക്കും സാംസ്കാരിക വിനിമയത്തിനും സമ്മേളനം വേദിയാകുമെന്ന് മുഖ്യാതിഥിയായ ഷാര്‍ജ മ്യൂസിയംസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മനല്‍ അതായ പറഞ്ഞു. സിഗ്നേച്ചര്‍ ട്രെയില്‍സ്, ഹെറിറ്റേജ് വാക്ക്സ് ബ്രോഷറുകളുടെ പ്രകാശനം മനല്‍ അതായ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. രാജ്യത്ത് ഇത്തരത്തിലുള്ള ഒരു സമ്മേളനം ആദ്യമായി സംഘടിപ്പിക്കുന്നതെന്നും സമകാലിക ആഗോള വ്യവഹാരത്തില്‍ സ്പൈസ് റൂട്ടുകളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഇത് അവസരമൊരുക്കുമെന്നും സ്വാഗതപ്രസംഗത്തില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. പണ്ഡിതന്‍മാരെയും ചിന്തകരെയും സാംസ്കാരിക പരിശീലകരെയും ഒരുമിച്ച് കൊണ്ടുവന്ന് അര്‍ഥവത്തായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ സ്പൈസ് റൂട്ടുകളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ സമ്മേളനത്തിന്‍റെ ലക്ഷ്യമെന്ന് ശിഖ സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം അഡീഷണല്‍ സെക്രട്ടറി ഡി. ജഗദീഷ്, ഐസിഒഎംഒഎസ് ഇന്ത്യ പ്രസിഡന്‍റ് ഡോ. റിമ ഹൂജ, കിറ്റ്സ് ഡയറക്ടര്‍ ഡോ. ദിലീപ് എംആര്‍, കെടിഐഎല്‍ എംഡി ഡോ. മനോജ് കുമാര്‍ കിനി, ബിആര്‍ഡിസി എംഡി ഷിജിന്‍ പി, കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ്‌കുമാര്‍ കെ, അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി (കെ.ടി.എം) പ്രസിഡന്‍റ് ജോസ് പ്രദീപ്, കെ.ടി.എം സെക്രട്ടറി എസ്. സ്വാമിനാഥന്‍, കോണ്‍ഫറന്‍സ് അക്കാദമിക് ക്യൂറേറ്റര്‍ എം.എച്ച് ഇലിയാസ്, ആഴി ആര്‍ക്കൈസിലെ റിയാസ് കോമു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 22 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തിന്‍റെ ഭാഗമാണ്. പ്രമുഖ അക്കാദമിഷ്യന്‍മാര്‍, ചരിത്രകാരന്‍മാര്‍, പ്രശസ്ത പുരാവസ്തു ഗവേഷകര്‍, നയതന്ത്രജ്ഞര്‍, നയരൂപീകരണ വിദഗ്ധര്‍, ടൂറിസം മേഖലയിലെ പ്രഗത്ഭര്‍, പ്രശസ്ത കലാകാരന്‍മാര്‍, സാംസ്കാരിക പരിശീലകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പുരാതന സുഗന്ധവ്യഞ്ജന വിനിമയ പാതകളെ സമകാലിക ആഗോള ചര്‍ച്ചകളുമായി ബന്ധിപ്പിക്കുന്ന ബൗദ്ധിക, സാംസ്കാരിക വേദിയായിട്ടാണ് സമ്മേളനത്തെ വിഭാവനം ചെയ്തിരിക്കുന്നത്. വിഷയാധിഷ്ഠിത അവതരണങ്ങള്‍ക്ക് പുറമേ അന്തര്‍ദേശീയ പൈതൃക ഇടനാഴികള്‍ നിയന്ത്രിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, പൈതൃക ടൂറിസവും സുസ്ഥിരതയും, ടൂറിസത്തിനായി സുഗന്ധവ്യഞ്ജന പാതകളുടെ പുനര്‍വിഭാവനം, ഡിജിറ്റല്‍ സ്പൈസ് റൂട്ട്സ്, മുസിരിസ് പുനര്‍വിഭാവനം, മേഖലയിലെ വിജ്ഞാന പാരമ്പര്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകളും ഉണ്ടായിരിക്കും. പ്രശസ്തമായ ആഗോള വ്യാപാര ഇടനാഴിയുടെ പരിധിയില്‍ വരുന്ന ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങള്‍ക്കിടയില്‍ സാംസ്കാരിക, പൈതൃക ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടുകള്‍ സമ്മേളനം മുന്നോട്ടുവയ്ക്കും. സമുദ്രവ്യാപാരത്താല്‍ രൂപപ്പെട്ട ഭാഷാ-സാംസ്കാരിക വിനിമയം, കുടിയേറ്റം, അറിവ്, വിശ്വാസം, തത്വചിന്ത: സമുദ്ര മേഖലയിലൂടെ വ്യാപിച്ച ശാസ്ത്രം, വൈദ്യശാസ്ത്രം, വിശ്വാസ വ്യവസ്ഥകള്‍, ബൗദ്ധിക പാരമ്പര്യങ്ങള്‍, കൊളോണിയലിസവും പൈതൃകങ്ങളും: മാരിടൈം കൊളോണിയലിസത്തിന്‍റെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കല്‍, സമുദ്ര സാങ്കേതികവിദ്യകളും ലോജിസ്റ്റിക്സും: സമുദ്രപാതകളിലൂടെയുള്ള സാധനങ്ങളുടെയും ആശയങ്ങളുടെയും നവീകരണങ്ങളുടെയും കൈമാറ്റത്തിന്‍റെ ചരിത്രം തുടങ്ങിയ വിഷയങ്ങളിലാണ് സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. മുസിരിസ് അനുഭവം, സമകാലിക കലാ ഇടപെടല്‍, പാരമ്പര്യ കലകളുടെ ആസ്വാദനം തുടങ്ങിയവ ഉള്‍പ്പെടുന്ന കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിലേക്കുള്ള യാത്രയില്‍ സമ്മേളനത്തിലെ പ്രതിനിധികള്‍ ഭാഗമാകും. പേപ്പര്‍ അവതരണം, സംഭാഷണങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍, കലാ പ്രദര്‍ശനങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനം, കലാപ്രകടനങ്ങള്‍, സ്ഥല സന്ദര്‍ശനങ്ങള്‍ തുടങ്ങിയ അക്കാദമിക, കലാപരമായ ആവിഷ്കാരങ്ങളും സമ്മേളനത്തിലുണ്ടാകും. സ്പൈസ് റൂട്ടുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫിക് പ്രദര്‍ശനങ്ങള്‍, കലാപരിപാടികള്‍ എന്നിവയും നടക്കും.

  പെട്രോകെമിക്കല്‍ കോണ്‍ക്ലേവ് സംസ്ഥാനത്തിന്റെ ഈ മേഖലയിലെ നിക്ഷേപ സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടും

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3