January 8, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അതിര്‍ത്തികള്‍ ഉണ്ടാകുന്നതിന് മുമ്പേ സ്പൈസ് റൂട്ടുകള്‍ ലോകത്തെ ബന്ധിപ്പിച്ചിരുന്നു

1 min read

കൊച്ചി: വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെയും വ്യത്യസ്ത സംസ്കാരങ്ങളുടെയും സംഭാവനകളാണ് പുരാതനകാലം മുതല്‍ കേരളത്തെ സുഗന്ധവ്യജ്ഞന വ്യാപാരത്തിന്‍റെ ശക്തികേന്ദ്രമായി മാറ്റിയതിന് പിന്നിലെന്ന് അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വിദഗ്ധര്‍ പറഞ്ഞു. ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ സ്പൈസ് റൂട്ട്സ് പീപ്പിള്‍, ഗുഡ്സ് ആന്‍ഡ് ഐഡിയാസ് ഇന്‍ മോഷന്‍ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. കേരളം വെറും വ്യാപാരകേന്ദ്രം മാത്രമായിരുന്നില്ലെന്നും പല സംസ്കാരങ്ങള്‍ ഒന്നിച്ചുകൂടിയ ഇടമായിരുന്നെന്നും അവര്‍ വ്യക്തമാക്കി. ജനുവരി 6 മുതല്‍ 8 വരെ നടക്കുന്ന സമ്മേളനം മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സും കേരള ടൂറിസം വകുപ്പും ചേര്‍ന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. പുരാതന സ്പൈസ് റൂട്ടിനെ സമകാലിക ആഗോള ചര്‍ച്ചകളുമായി വീണ്ടും ബന്ധിപ്പിക്കുന്ന ബൗദ്ധിക-സാംസ്കാരിക വേദിയായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിര്‍ത്തികള്‍ ഉണ്ടാകുന്നതിന് മുമ്പേ സ്പൈസ് റൂട്ടുകള്‍ ലോകത്തെ ബന്ധിപ്പിച്ചിരുന്നതായി ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. കേവലം തുറമുഖമായി മാത്രമല്ല ആഗോള പ്രസ്ഥാനത്തിന്‍റെ കേന്ദ്രമായി മുസിരിസ് നിലകൊണ്ടിരുന്നുവെന്നും വിവിധ നാഗരികതകള്‍ പരസ്പരം കണ്ടുമുട്ടുകയും ചര്‍ച്ചകള്‍ നടത്തുകയും പഠിക്കുകയും ചെയ്ത സ്ഥലം കൂടിയായിരുന്നുവെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള സുഗന്ധവ്യജ്ഞനങ്ങള്‍ ദൂരദേശങ്ങളിലേക്ക് പോകുകയും അവിടെ നിന്നുള്ള ആശയങ്ങള്‍ തിരിച്ചെത്തി സമൂഹങ്ങളെയും സംസ്കാരത്തെയും ജീവിതരീതികളെയും പരിവര്‍ത്തനപ്പെടുത്തി. വേഗത്തില്‍ മാറ്റങ്ങള്‍ നടപ്പാകുന്ന ഈ കാലഘട്ടത്തില്‍ പൈതൃകം സ്ഥിരമല്ലെന്ന് ഇവ നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‍റെ ചരിത്രപരമായ വ്യാപാരത്തെക്കുറിച്ച് സംസാരിച്ച കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. മൈക്കിള്‍ തരകന്‍ 1920 ല്‍ ബ്രട്ടീഷ് ഭരണകൂടവും മദ്രാസ് സര്‍ക്കാരും തിരുവിതാംകൂര്‍ കൊച്ചി സര്‍ക്കാരുകളും തമ്മിലുണ്ടായ ഇന്‍റര്‍പോര്‍ട്ടല്‍ ട്രേഡ് കണ്‍വെന്‍ഷന്‍ കൊച്ചിയെ പ്രധാന തുറമുഖമാക്കുകയും പിന്നീടത് കൊളോണിയല്‍ വ്യാപാരത്തിന്‍റെ കേന്ദ്രമായി മാറുകയും ചെയ്തതായി ചൂണ്ടിക്കാട്ടി. ഫ്യൂഡലൈസേഷന്‍ നിമിത്തം യൂറോപ്യന്‍ വിപണികള്‍ സ്തംഭിച്ചപ്പോള്‍ മലബാറില്‍ നിന്നുള്ള കുരുമുളകും മറ്റ് സുഗന്ധവ്യജ്ഞനങ്ങളും അറബ് വ്യാപാര ശൃംഖലകളിലൂടെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും എത്തിയിരുന്നതായി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുലെ മുന്‍ പ്രൊഫസര്‍ പയസ് മാലേകണ്ടത്തില്‍ പറഞ്ഞു. എട്ടാം നൂറ്റാണ്ടില്‍ മെഡിറ്ററേനിയന്‍, അറ്റ്ലാന്‍റിക് തുറമുഖങ്ങളില്‍ വ്യാപാരം നടന്ന പ്രധാന ചരക്കുകളില്‍ ഒന്നായിരുന്നു കേരളത്തിലെ കുരുമുളകെന്നും അദ്ദേഹം വ്യക്തമാക്കി. 14, 15 നൂറ്റാണ്ടുകളില്‍ ജര്‍മ്മനിയില്‍ കുരുമുളക് ഔഷധമായി ഉപയോഗിച്ചിരുന്നു. 1452 നും 1459 നും ഇടയിലുള്ള കാലയളവില്‍ ജര്‍മ്മന്‍ നഗരമായ കോളണില്‍ 91,342 പൗണ്ട് കുരുമുളകും 45,354.5 പൗണ്ട് ചുക്കും 800.5 പൗണ്ട് ഇഞ്ചിയും വിറ്റഴിച്ച 45 കടകള്‍ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഹുണ്ടി സമ്പ്രദായവും, ബന്ധുത്വ കടമെടുപ്പ് ശൃംഖലകളും ഇന്ത്യന്‍ വ്യാപാരികളെ ബ്രിട്ടീഷുകാരുടെ അടിമത്ത സമ്പ്രദായത്തിനെതിരെയുള്ള നിയന്ത്രണങ്ങളെ മറികടക്കാന്‍ സഹായിച്ചുവെന്ന് സോമയ്യ വിദ്യാവിഹാര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ഛായ ഗോസ്വാമി പറഞ്ഞു. നിരന്തരമായ മനുഷ്യ സഞ്ചാരമായിരുന്നു ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രധാന ആകര്‍ഷണവും, കൂടാതെ ചുറ്റുമുള്ള വ്യാപാര മേഖലയുമായി ബന്ധം സ്ഥാപിക്കാന്‍ സഹായിച്ചതുമെന്ന് സെഷനില്‍ ഓണ്‍ലൈനായി പങ്കെടുത്ത ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഫഹദ് ബിഷാര പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സെക്രട്ടറി എസ് സ്വാമിനാഥനും സംസാരിച്ചു. അക്കാദമിക് വിദഗ്ധര്‍, ചരിത്രകാരന്‍മാര്‍, പുരാവസ്തു ഗവേഷകര്‍, നയതന്ത്രജ്ഞര്‍, ടൂറിസം മേഖലയിലെ പ്രതിനിധികള്‍, കലാകാരന്‍മാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

  അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിന് ജനുവരി 6 ന് കൊച്ചിയില്‍ തുടക്കമാകും

 

1 thought on “അതിര്‍ത്തികള്‍ ഉണ്ടാകുന്നതിന് മുമ്പേ സ്പൈസ് റൂട്ടുകള്‍ ലോകത്തെ ബന്ധിപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3