സ്പെയിനിലെ അന്താരാഷ്ട്ര ടൂറിസം മേളയില്‍ ശ്രദ്ധേയ സാന്നിധ്യമായി കേരളം
തിരുവനന്തപുരം: സ്പെയിനില്‍ നടക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ ടൂറിസം മേളയായ ഫിത്തൂറില്‍ ശ്രദ്ധേയ സാന്നിധ്യമായി കേരളം. കേരളത്തിന്‍റെ പ്രധാന ടൂറിസം വിപണികളിലൊന്നായ സ്പെയിനുമായുള്ള ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഈ വര്‍ഷം കേരളം പങ്കെടുക്കുന്ന ആദ്യത്തെ പ്രധാന രാജ്യാന്തര ടൂറിസം മേളയാണ് ഫിത്തൂര്‍ 43-ാം പതിപ്പ്. സ്പെയിനിലെ ഫിലിപ്പെ ആറാമന്‍ രാജാവ് മാഡ്രിഡില്‍ മേള ഉദ്ഘാടനം ചെയ്തു. മേളയിലെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പവലിയന്‍ സന്ദര്‍ശന വേളയില്‍ ഫിലിപ്പെ ആറാമനും രാജ്ഞി ലെറ്റീസിയയുമായി കേരള പ്രതിനിധി സംഘത്തെ നയിക്കുന്ന മന്ത്രി പി എ മുഹമ്മദ് റിയാസ് സംവദിച്ചു.
സ്പെയിനില്‍ നിന്നും സമീപ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കും അതുവഴി കേരളത്തിലേക്കും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേളയിലെ പങ്കാളിത്തം പ്രയോജനപ്പെടും.
കേരള ടൂറിസം പവലിയന്‍റെ ഉദ്ഘാടനം മന്ത്രിയും സ്പെയിനിലെ ഇന്ത്യന്‍ അംബാസഡര്‍ ദിനേശ് പട്നായിക്കും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറി രാകേഷ് കുമാര്‍ വര്‍മ്മ, കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് എന്നിവര്‍ സന്നിഹിതനായിരുന്നു. കേരളീയ ഉത്സവങ്ങളുടെ നിറപ്പകിട്ടും പ്രതീതിയും അനുഭവവേദ്യമാക്കുന്ന പവലിയന്‍ മേളയില്‍ സന്ദര്‍ശകരുടെ ശ്രദ്ധ നേടി. ജനുവരി 18 ന് ആരംഭിച്ച മേള 22 ന് സമാപിക്കും.
കോവിഡിന് ശേഷം കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നടത്തുന്ന പ്രചാരണ പരിപാടികള്‍ക്ക് ഫിത്തൂര്‍ മേളയിലെ പങ്കാളിത്തം ഗുണം ചെയ്യും. വരുന്ന ടൂറിസം സീസണില്‍ സ്പെയിനില്‍ നിന്നും കൂടുതല്‍ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തുമെന്നാണ് മേളയിലെ ചര്‍ച്ചകളില്‍ നിന്നുള്ള വിലയിരുത്തല്‍. കോവിഡിനു മുന്‍പ് ഒരു വര്‍ഷം പരമാവധി 18947 സഞ്ചാരികളാണ് സ്പെയിനില്‍ നിന്ന് കേരളത്തില്‍ എത്തിയിരുന്നത്. സഞ്ചാരികളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം വളര്‍ച്ച കാണിക്കുന്നുമുണ്ട്.
എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ലക്ഷ്യസ്ഥാനം എന്ന ആശയമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. പുതിയ ലക്ഷ്യസ്ഥാനങ്ങളും നൂതനമായ ടൂറിസം സര്‍ക്യൂട്ടുകളും അവതരിപ്പിക്കുക, ഉത്തരവാദിത്ത ടൂറിസം സംരംഭം വിപുലീകരിക്കുക, ഗ്രാമീണ ജീവിതവും പ്രാദേശിക സമൂഹങ്ങളും പ്രയോജനപ്പെടുത്താന്‍ അനുവദിക്കുകയും മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ നിരവധി സംരംഭങ്ങളാണ് കേരള ടൂറിസം വിനോദസഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.