ബഹിരാകാശ മേഖലയ്ക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട്
ന്യൂഡൽഹി: ഇൻ-സ്‌പേസിൻ്റെ ആഭിമുഖ്യത്തിൽ ബഹിരാകാശ മേഖലയ്ക്കായി 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് രൂപീകരിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിർദിഷ്ട 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിൻ്റെ വിനിയോഗ കാലയളവ്, പ്രവർത്തനങ്ങളുടെ യഥാർത്ഥ തീയതി മുതൽ അഞ്ച് വർഷം വരെയായായി ആസൂത്രണം ചെയ്തിട്ടുണ്ട്. നിക്ഷേപ അവസരങ്ങളും ഫണ്ട് ആവശ്യകതകളും അനുസരിച്ച് പ്രതിവർഷം ശരാശരി വിനിയോഗിക്കാവുന്ന തുക 150-250 കോടി രൂപയായിരിക്കും. കമ്പനിയുടെ നില, വളർച്ചയുടെ പാത, ദേശീയ ബഹിരാകാശ ശേഷികളിൽ അതിൻ്റെ സാധ്യത എന്നിവയെ ആശ്രയിച്ച്, നിക്ഷേപത്തിൻ്റെ സൂചക പരിധി 10-60 കോടി രൂപയായിരിക്കും. കമ്പനിയുടെ വളർച്ചാ ഘട്ടത്തിൽ 10 കോടി രൂപ മുതൽ 30 കോടി രൂപ വരെയും, പിന്നീടുള്ള വളർച്ചാ ഘട്ടത്തിൽ 30 കോടി രൂപ മുതൽ 60 കോടി രൂപ വരെയും ലഭ്യമാക്കും. ഏകദേശം 40 സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് പിന്തുണയാകുമെന്ന് പ്രതീക്ഷിക്കുന്നു.
2020-ലെ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങളുടെ ഭാഗമായി, ബഹിരാകാശ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെൻ്റ് ഇൻ-സ്പേസ് സ്ഥാപിച്ചു. 2033-ഓടെ 44 ബില്യൺ ഡോളറിലെത്തുകയെന്ന ലക്ഷ്യത്തോടെ, നിലവിൽ 8.4 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ബഹിരാകാശ, സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി ഇൻ-സ്‌പേസ് 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഹൈടെക് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകാൻ പരമ്പരാഗത വായ്പാ ദാതാക്കൾ മടി കാണിക്കുന്നതിനാൽ, റിസ്ക് മൂലധനത്തിൻ്റെ നിർണായക ആവശ്യം പരിഹരിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. മൂല്യ ശൃംഖലയിൽ ഉടനീളം 250 ഓളം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ഉയർന്നുവരുന്നതിനാൽ, അവരുടെ വളർച്ച ഉറപ്പാക്കുന്നതിനും കഴിവുകൾ വിദേശത്തേക്ക് നഷ്ടപ്പെടുന്നത് തടയുന്നതിനും സമയബന്ധിതമായ സാമ്പത്തിക സഹായം നിർണായകമാണ്. സർക്കാർ പിന്തുണയുള്ള നിർദ്ദിഷ്ട ഫണ്ട്, നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും സ്വകാര്യ മൂലധനത്തെ ആകർഷിക്കുകയും ബഹിരാകാശ പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതക്കു ദിശാബോധം നൽകുകയും ചെയ്യും. സ്റ്റാർട്ടപ്പുകൾക്ക് പ്രാരംഭ ഘട്ട ഓഹരി വിഹിതം നൽകുകയും കൂടുതൽ സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങൾക്കായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന ഈ ഫണ്ട് സെബി നിയന്ത്രണങ്ങൾക്ക് കീഴിലുള്ള ഒരു ഇതര നിക്ഷേപ ഫണ്ടായി പ്രവർത്തിക്കും.