സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കും; പക്ഷേ ബഹ്‌റൈന് നെഗറ്റീവ് ഔട്ട്‌ലുക്ക് നല്‍കി എസ് ആന്‍ഡ് പി
1 min readസമ്പദ് വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെങ്കില്‍ സമ്മര്‍ദ്ദം തുടരുമെന്ന് റേറ്റിംഗ് ഏജന്‍സി
ദുബായ്: സമ്പദ് വ്യവസ്ഥ ഈ വര്‍ഷം വളര്‍ച്ചയിലേക്ക് തിരിച്ചെത്തുമെങ്കിലും ബഹ്‌റൈന് നെഗറ്റീവ് ഔട്ട്‌ലുക്ക് നല്‍കി റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി. രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഗതി കണക്കിലെടുത്താണ് എസ് ആന്‍ഡ് പി ബഹ്‌റൈന്റെ വളര്‍ച്ചാ നിഗമനം നെഗറ്റീവിലേക്ക് താഴ്ത്തിയത്.
രാജ്യത്തെ പ്രധാന വരുമാന മേഖലകളായ ഊര്‍ജം, ടൂറിസം തുടങ്ങിയ മേഖലകള്‍ കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം തിരിച്ചടി നേരിട്ടതോടെ കഴിഞ്ഞ വര്‍ഷം ബഹ്‌റൈന്‍ 5.4 ശതമാനം സാമ്പത്തിക ഞെരുക്കം നേരിട്ടതായി അന്താരാഷ്ട്ര നാണ്യ നിധി വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2021ല്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്നും എണവില വര്‍ധനയും പ്രാദേശിക സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ ഉണര്‍വ്വും മൂലം ബഹ്‌റൈനിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 2.7 ശതമാനം ഉയരുമെന്നും എസ് ആന്‍ഡ് പി അഭിപ്രായപ്പെട്ടു.
രാജ്യത്തെ കോവിഡ്-19 വാക്‌സിനേഷന്‍ പരിപാടിയും വളര്‍ച്ചയ്ക്ക് ശക്തി പകരും. രാജ്യത്തെ വാക്‌സിന് യോഗ്യരായവരില്‍ 60 ശതമാനം പേരും ഇതിനോടരം വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു. സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പരിപാടി വിജയകരമായിരുന്നു. മാത്രമല്ല, ബഹ്‌റൈനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ കഴിഞ്ഞ ആഴ്ച തുറക്കുകയും ചെയ്തു. രണ്ട് ഘടകങ്ങളും വളര്‍ച്ചയ്ക്ക് ഊര്‍ജമേകുമെന്ന് എസ് ആന്‍ഡ് പി പറഞ്ഞു. സൗദി അറേബ്യയുമായി ഏറ്റവും അടുത്തുള്ള രാജ്യമെന്നതും ബഹ്‌റൈന് നേട്ടമാകും.
എന്നിരുന്നാലും രാജ്യത്ത് ധനപരമായ സമ്മര്‍ദ്ദം തുടരുമെന്ന് റേറ്റിംഗ് ഏജന്‍സി അഭിപ്രായപ്പെട്ടു. പൊതു ചിലവുകളിലും ധനപരമായ സ്ഥിരതയിലും രാജ്യം സമ്മര്‍ദ്ദം നേരിടും. വിദേശത്ത് നിന്നുള്ള വായ്പ സഹായം ലഭ്യമാകുന്നതില്‍ നേരിടുന്ന പ്രശ്‌നങ്ങളും വിനിമയ നിരക്കിലെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനെ പ്രശ്‌നങ്ങളുമാണ് നെഗറ്റീവ് ഔട്ട്‌ലുക്കില്‍ പ്രതിഫലിക്കുന്നതെന്ന് എസ് ആന്‍ഡ് പി വ്യക്തമാക്കി.