മൂത്ര പരിശോധനയിലൂടെ ബ്രെയിന്‍ ട്യൂമര്‍ നേരത്തെ കണ്ടെത്താനാകുമെന്ന് ഗവേഷകര്‍
1 min readമൂത്രത്തില്‍ അടങ്ങിയിരിക്കുന്ന മൈക്രോആര്‍എന്‍എകള്‍ ബ്രെയിന്‍ ട്യൂമര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനുള്ള നിര്‍ണ്ണായക ബയോമാര്‍ക്കര്‍ ആകാം
നഗോയ: മൂത്രത്തിലെ മൈക്രോആര്‍എന്‍എകള്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായ ബയോമാര്‍ക്കര്‍ ആയിരിക്കുമെന്ന് ജപ്പാനിലെ നഗോയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍. ലളിതമായ മൂത്ര പരിശോധനയിലൂടെ പ്രാരംഭ ദശയില്‍ തന്നെ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്താനും ചികിത്സ ആരംഭിക്കാനും രോഗിയുടെ ജീവന്‍ തന്നെ രക്ഷിക്കാനും സാധിക്കുമെന്നാണ് ഇവരുടെ പഠനം പറയുന്നത്.
ബ്രെയിന്‍ ട്യൂമര്‍ ആരംഭത്തില്‍ തന്നെ തിരിച്ചറിയുകയെന്നത് പൊതുവെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൈകാലുകള്‍ അനക്കാന്‍ കഴിയാതെ വരിക, സംസാരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് പലരും ബ്രെയിന്‍ സിടി, എംആര്‍ഐ സ്‌കാനുകള്‍ എടുക്കുന്നത് എന്നതാണ് അതിനുള്ള ഒരു കാരണം. സിടി, എംഐര്‍ഐ സ്‌കാനിംഗിലൂടെ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിക്കഴിയുമ്പോഴേക്കും, മിക്കവാറും കേസുകളിലും ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും ട്യൂമര്‍ നീക്കം ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ അവ വളര്‍ന്നിട്ടുണ്ടാകും. ഇത് രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. ഇത്തരമൊരു അവസ്ഥയില്‍ തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തുന്ന കൃത്യവും എളുപ്പമുള്ളതും ചിലവ് കുറഞ്ഞതുമായ പരിശോധനാരീതികള്‍ ഉണ്ടാകേണ്ടത് വളരെ അനിവാര്യമാണ്.
അര്‍ബുദകാരികളായ ട്യൂമറുകളെ തിരിച്ചറിയുന്നതിനുള്ള ബയോമാര്‍ക്കറുകള്‍ എന്ന നിലയ്ക്ക് മൈക്രോഎംആര്‍എന്‍എകള്‍ (നൂക്ലിക് ആസിഡിന്റെ സൂക്ഷ്മ തന്മാത്രകള്‍)സമീപകാലത്ത് വൈദ്യശാസ്ത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവിധതരത്തിലുള്ള കോശങ്ങള്‍ പുറത്തുവിടുന്ന മൈക്രോആര്‍എന്‍എകള്‍ രക്തം, മൂത്രം തുടങ്ങിയ ജൈവദ്രവങ്ങളിലെ കോശങ്ങള്‍ക്ക് പുറത്തായുള്ള അറകളില്‍ കേടുകൂടാതെ കാണപ്പെടുന്നു. ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നതിനുള്ള ബയോമാര്‍ക്കറുകള്‍ എന്ന രീതിയില്‍ ഇത്തരം മൈക്രോആര്‍എന്‍എകളെ കേന്ദ്രീകരിച്ചാണ് നഗോയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തിയത്.
ശരീരത്തിന് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ പരിശോധനയ്ക്കായി മൂത്രം ശേഖരിക്കാം. മൂത്രത്തെ ആധാരമാക്കിയുള്ള ലിക്വിഡ് ബയോപ്‌സിയുടെ സാധ്യത ബ്രെയിന്‍ ട്യൂമര്‍ രോഗികളില്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. പരമ്പരാഗത പരിശോധനാരീതികള്‍ ഒന്നുംതന്നെ എണ്ണത്തിന്റെയും വൈവിധ്യത്തിന്റെയും അടിസ്ഥാനത്തില്‍ കാര്യക്ഷമമായി മൂത്രത്തിലെ മൈക്രോആര്‍എന്‍എകളെ വേര്‍തിരിക്കുന്നില്ല എന്നതാണ് അതിനുള്ള കാരണം. അതിനാലാണ് അത്തരത്തില്‍ മൈക്രോആര്‍എന്‍കളെ വേര്‍തിരിക്കാന്‍ കഴിവുള്ള ഒരു ഉപകരണം വികസിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതെന്ന് നഗോയ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രഫസറായ അത്സുശി നത്സൂമെ പറഞ്ഞു.
100 മില്യണ്‍ സിങ്ക് ഓക്‌സൈഡ് നാനോവയറുകള്‍ ഉള്ള ഉപകരണമാണ് അത്സുശിയും സംഘവും വികസിപ്പിച്ചത്. അണുവിമുക്തമാക്കി നിരവധി പേര്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം. അതിനാല്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഇവ അനുയോജ്യമായിരിക്കും. പരമ്പരാഗത പരിശോധനാരീതികളെ അപേക്ഷിച്ച് ഒരു മില്ലിലിറ്റര്‍ മൂത്രത്തില്‍ നിന്നും പലതരത്തിലുള്ള അനവധി മൈക്രോആര്‍എന്‍എകളെ വേര്‍തിരിക്കാന്‍ ഈ ഉപകരണത്തിന് സാധിക്കും. ബ്രെയിന്‍ ട്യൂമര്‍ രോഗികളുടെയും അര്‍ബുദം ഇല്ലാത്തവരുടെയും മൂത്രത്തില്‍ നിന്നും ഈ ഉപകരണം ഉപയോഗിച്ച് വേര്‍തിരിച്ചെടുത്ത മൈക്രോആര്‍എന്‍എകളെ വിശദ പഠനങ്ങള്‍ക്ക് വിധേയമാക്കിയതില്‍ നിന്നും ബ്രെയിന്‍ ട്യൂമറുകളില്‍ നിന്നും ലഭിച്ച നിരവധി മൈക്രോആര്‍എന്‍എകള്‍ മൂത്രത്തില്‍ യാതൊരു കേടുപാടും ഇല്ലാതെ നിലനില്‍ക്കുന്നതായി ഗവേഷകര്‍ മനസിലാക്കി.
മൂത്രത്തില്‍ നിന്നുള്ള മൈക്രോആര്‍എന്‍എകള്‍ ബ്രെയിന്‍ ട്യൂമറുകള്‍ക്കുള്ള ബയോമാര്‍ക്കര്‍ ആയി പരിഗണിക്കാന്‍ സാധിക്കുമോ എന്നാണ് പിന്നീട് ഗവേഷകര്‍ പരിശോധിച്ചത്. 97 ശതമാനം കൃത്യതയോടെയും നൂറ് ശതമാനം സെന്‍സിറ്റിവിറ്റിയോടെയും മൂത്രത്തിലെ മൈക്രോആര്‍എന്‍കള്‍ക്ക് ബ്രെയിന്‍ ട്യൂമറുകള്‍ ഉള്ളവരെയും അല്ലാത്തവരെയും കണ്ടെത്താനാകുമെന്ന് ഗവേഷകര്‍ തങ്ങളുടെ പരിശോധന മോഡലിലൂടെ കണ്ടെത്തി. ട്യൂമറിന്റെ വിധമോ വലുപ്പമോ ഈ പരിശോധനയെ ബാധിക്കുന്നില്ല. അതിനാല്‍ മൂത്രത്തിലെ മൈക്രോആര്‍എന്‍എകള്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നതില്‍ വളരെ നിര്‍ണ്ണായകമായ ബയോമാര്‍ക്കറുകള്‍ ആണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നു.
ഗ്ലിയോബാസ്‌റ്റോമ ഉള്‍പ്പടെ കൂടുതല്‍ അപകടകാരികളായ മസ്തിഷ്‌ക അര്‍ബുദങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിന് തങ്ങളുടെ കണ്ടെത്തല്‍ ഉപകാരപ്പെടുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ഭാവിയില്‍ ആര്‍ട്ടിഫിഷ്യന്‍ ഇന്റെലിജന്‍സും ടെലിമെഡിസിനും സമന്വയിപ്പിച്ച് കാന്‍സര്‍ സാന്നിധ്യം കണ്ടെത്താന്‍ രോഗികള്‍ക്ക് സാധിക്കുമെന്നും വളരെ കുറച്ച് മൂത്രത്തിലൂടെ രോഗികളുടെ നില മനസിലാക്കാന്‍ ഡോക്ടര്‍മാര്‍ക്കും സാധിക്കുമെന്നും അത്സുശി നത്സൂമെ പ്രതീക്ഷ പ്രകടിപ്പിച്ചു.