സൗത്ത് ഇന്ത്യൻ ബാങ്ക് ഐ.ബി.എ ബെസ്റ്റ് ടെക്നോളജി ബാങ്ക് ഓഫ് ദി ഇയർ
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് 17- മത് ഐ.ബി.എ ബാങ്കിംഗ് ടെക്നോളജി പുരസ്‌കാരങ്ങളിൽ ‘ബെസ്റ്റ് ടെക്നോളജി ബാങ്ക് ഓഫ് ദി ഇയർ’ ഉൾപ്പെടെ ആറ് പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. ഇന്ത്യയിലെ 247 ബാങ്കിംഗ് കമ്പനികളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ 2022 ഫെബ്രുവരി 14-ന് നടത്തിയ വെർച്വൽ അവാർഡ് ദാന ചടങ്ങിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് പുരസ്‌കാരങ്ങൾ സ്വീകരിച്ചത്.
‘വരും തലമുറ ബാങ്കിംഗ്’ പ്രമേയമാക്കിയ ഈ വർഷത്തെ ഐ.ബി.എ പുരസ്‌കാരങ്ങൾ, ബാങ്കിംഗ് വ്യവസായത്തിലെ നൂതന സവിശേഷതകളടങ്ങിയ സാങ്കേതികവിദ്യകളെയും സമ്പ്രദായങ്ങളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ‘നെക്സ്റ്റ് ജനറേഷൻ ബാങ്കിംഗ്’ അനുഭവം ഒരുക്കുന്നതിനായിയുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡിജിറ്റൽ, ടെക്നോളജി രംഗത്തെ പ്രയത്നങ്ങളെ ‘ബെസ്റ്റ് ടെക്നോളജി ബാങ്ക് ഓഫ് ദ ഇയർ’ എന്ന പുരസ്‌കാരം ശരിവെച്ചു. എ.ഐ / എം.എൽ, ആർ.പി.എ, ഡേറ്റ അനലിറ്റിക്‌സ്, ക്ലൗഡ് അഡോപ്ഷൻ തുടങ്ങിയ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, അതാത് വിഭാഗങ്ങളിലെ മികച്ച അംഗീകാരങ്ങൾ കൈവരിക്കുന്നതിൽ ബാങ്ക് വിജയിച്ചു. കൂടാതെ, ബാങ്കിന്റെ ഡിജിറ്റൽ സ്ട്രാറ്റജിക്കും ട്രാൻസ്‌ഫോർമേഷൻ അജണ്ടയ്ക്കും അനുസൃതമായി, മികച്ച ഉപഭോക്ത അനുഭവത്തിനായി രൂപകല്പന ചെയ്ത പുതിയ ഉത്പന്നങ്ങളും സേവനങ്ങളും പങ്കാളിത്തവും, ഫിൻടെക് രംഗത്തെ ബാങ്കിന്റെ നേട്ടങ്ങളും പ്രസ്തുത പുരസ്‌കാരങ്ങൾ കൈവരിക്കാൻ സഹായകമായി.
പരിവർത്തന അജണ്ടയ്ക്ക് അനുസൃതമായി ശക്തമായ ഡിജിറ്റൽ തന്ത്രങ്ങൾ ഉപയോഗിച്ച്, സൗത്ത് ഇന്ത്യൻ ബാങ്ക് സാങ്കേതിക മികവിന്റെ പിൻബലത്തിൽ ബിസിനസ്സ് സംയോജനവും മുന്നോട്ടുള്ള യാത്രയിൽ പുതിയ ബിസിനസ്സ് മോഡലുകളുടെ പര്യവേഷണവും ലക്ഷ്യമിടുന്നുണ്ട്. ‘വിശ്വാസത്തിൽ കെട്ടിപ്പടുത്തതും സാങ്കേതികവിദ്യയാൽ പരിപോഷിപ്പിക്കപ്പെട്ടതുമായ മഹത്തായ സ്ഥാപനമാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. മികച്ച ടെക്നോളജി ബാങ്ക് അവാർഡ് നേടിയത് ബാങ്കിന്റെ സാങ്കേതിക ബലത്തിന്റെ തെളിവാണ്. സാങ്കേതിക പ്രവർത്തനങ്ങളിൽ നിക്ഷേപം തുടരാൻ ഇത് വളരെ അധികം പ്രചോദനമാകും’ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി തുടർച്ചയായി ഐ.ബി.എ പുരസ്‌കാരങ്ങൾ നേടിയത് തങ്ങളുടെ നിരന്തരമായ പരിശ്രമത്തിനുള്ള അംഗീകാരം കൂടിയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.