ദീദിയെ പിന്തുണയ്ക്കും; ബംഗാളില്‍ മത്സരിക്കില്ല: ശിവസേന
1 min readമുംബൈ: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി മത്സരിക്കില്ലെന്ന് മുതിര്‍ന്ന ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്നും ഇക്കാരണത്താല്‍ തങ്ങളുടെ പാര്‍ട്ടി അവിടെ മത്സരിക്കില്ലെന്നും ട്വീറ്റ് ചെയ്തു. പണം, മസില്‍, മീഡിയ എന്നിവ ബംഗാളില്‍ ദീദിക്കെതിരെ ഉപയോഗിക്കുകയാണ്. അതിനാല്‍ ദീദിക്ക് പിന്തുണ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളില്‍ 20 റാലികളെ അഭിസംബോധന ചെയ്യും. പശ്ചിമ ബംഗാളിലെ 23 ജില്ലകളും ഈ റാലികളില്‍ ഉള്‍പ്പെടുന്ന തരത്തിലാണ് റാലികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച ഏഴിന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ മോദി പൊതുയോഗത്തില്‍ സംസാരിക്കും.തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷം പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രിയുടെ ആദ്യ റാലിയാണിത്. നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളിലായി നടക്കും.
അവസാനഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29 നാണ്. വോട്ടെണ്ണല്‍ മെയ് 2 ന് നടക്കും.
പശ്ചിമ ബംഗാള്‍ ഇത്തവണ ടിഎംസി, കോണ്‍ഗ്രസ്-ഇടതു സഖ്യം, ബിജെപി എന്നിവരുമായി ഒരു ത്രികോണ മത്സരത്തിനാകും സാക്ഷ്യം വഹിക്കുക. . പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്താന്‍ശ്രമിക്കുമ്പോള്‍ 294 അംഗ സംസ്ഥാന നിയമസഭയില്‍ 200 സീറ്റുകള്‍ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
കോണ്‍ഗ്രസും ഇടതുപക്ഷവും സംസ്ഥാനത്ത് സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്വാധീനമുള്ള ന്യൂനപക്ഷ നേതാവ് അബ്ബാസ് സിദ്ദിഖ് അടുത്തിടെ അവതരിപ്പിച്ച ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിനെയും(ഐഎസ്എഫ്) ഒപ്പം ചേര്‍ത്തു. എന്നാല്‍ ഐഎസ്എഫിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇത് സ്വന്തം വോട്ടുകള്‍ എതിര്‍പക്ഷത്തേക്ക് പോകാന്‍ കാരണമാകുമോ എന്ന് കോണ്‍ഗ്രസിന് ആശങ്കയുണ്ട്.