മികച്ച ലാഭത്തിന് ഓഹരികള്‍ തിരഞ്ഞെടുക്കേണ്ടത് എങ്ങനെ

- ജെയ്പ്രകാശ് തോഷ്‌നിവാള്‍
(ഫണ്ട് മാനേജര്‍ഇക്വിറ്റി അറ്റ് എല്‍ഐസി മ്യൂച്വല്‍ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് )
ഓഹരികളുടെ ബാഹുല്യമുള്ള, മത്സരാധിഷ്ഠിതമായൊരു മേഖലയില്‍ ശക്തമായ ഒരു പറ്റം ഓഹരികള്‍ കണ്ടെത്തുന്നതിലാണ് വിജയം. കായികരംഗത്തായാലും നിക്ഷേപ രംഗത്തായാലും എണ്ണക്കൂടുതലില്‍ അല്ല കാര്യം. ശരിയായത് തിരഞ്ഞെടുക്കുന്നതിലാണ്. വിപണികള്‍ അസ്ഥിരമാകുമ്പോള്‍, കേന്ദ്രീകൃതവും പ്രതിരോധ ശേഷിയുള്ളതുമായ നിക്ഷേപമാണ് ആവശ്യം. നിത്യവും നിക്ഷേപിക്കുന്നവര്‍ക്ക് ഈ തിരഞ്ഞെടുപ്പ് എളുപ്പമല്ല. ഈ ഘട്ടത്തിലാണ് മ്യൂച്വല്‍ ഫണ്ടുകള്‍ പ്രത്യേകിച്ച് ഫോക്കസ്ഡ് ഫണ്ടുകളുടെ കടന്നു വരവ്. ദാര്‍ഘകാല വളര്‍ച്ചാ സാധ്യതയുള്ളതും ഗുണനിലവാരമുള്ളതുമായ ഏതാനും ഫണ്ടുകള്‍ വിദഗ്ധര്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. സ്വന്തമായി ഓഹരികള്‍ തിരഞ്ഞെടുത്ത് അപകട സാധ്യത നേരിടുന്നതിനു പകരം വിദഗ്ധരുടെ സഹായത്തോടെ അതു നിര്‍വഹിക്കുന്നതാണ് ബുദ്ധിപരം.
വളര്‍ച്ചാ കേന്ദ്രീകരണം
വളര്‍ച്ചാ സാധ്യത മുന്‍ നിര്‍ത്തി ഇക്വിറ്റി ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കുവേണ്ടിയുള്ളതാണ് ഫോക്കസ്ഡ് ഫണ്ടുകള്‍. വളരാന്‍ സാധ്യതയുള്ള ഓഹരികളില്‍ അത് നിക്ഷേപം നടത്തുന്നു. സാധാരണ ഗതിയില്‍ ഒരു ഇക്വിറ്റി ഫണ്ടില്‍ അനേകം ഓഹരികളുണ്ടാവും. ഫണ്ടിന്റെ ലക്ഷ്യവും തന്ത്രവും മുന്‍നിര്‍ത്തിയായിരിക്കും ഓഹരികളുടെ തിരഞ്ഞെടുപ്പ്. ഓരു ഫോക്കസ്ഡ് ഫണ്ടില്‍ പരമാവധി 30 ഓഹരികളേ ഉള്‍പ്പെടുത്താന്‍ കഴിയൂ. മറ്റ് ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ഇത് വളരെ പരിമിതമാണ്. തിരഞ്ഞെടുക്കുന്ന ഓഹരികളില്‍ നിന്ന് പരമാവധി ലാഭമുണ്ടാക്കുക എന്നതിലാണ് ഫണ്ടിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടിയ റിസ്‌ക് ക്ഷമതയും, ദീര്‍ഘകാല നിക്ഷേപ പരിധിയും സജീവമായ ഫണ്ട് നടത്തിപ്പും ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കുള്ളതാണ് ഫോക്കസ്ഡ് ഫണ്ടുകള്‍. ഇത് വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുക ഫണ്ട് മാനേജര്‍മാരാണ്. ഫണ്ട് മാനേജറുടെ തിരഞ്ഞെടുപ്പു കൃത്യമാണെങ്കില്‍ മികച്ച ലാഭം പ്രതീക്ഷിക്കാം.
ഓഹരികളുടെ തിരഞ്ഞെടുപ്പ്
ഫോക്കസ്ഡ് ഫണ്ടുകള്‍ക്ക് ഏതു മേഖലയില്‍ പെട്ട ഏത് ഓഹരികളിലും നിക്ഷേപിക്കാം. ഫണ്ട് മാനേജര്‍ക്ക് ഏതു മേഖലയിലേയും ലാര്‍ജ് കാപ് ഓഹരികളിലോ മിഡ് കാപ് , സ്‌മോള്‍ കാപ് ഓഹരികളിലോ ഇവയുടെ സംയുക്തത്തിലോ നിക്ഷേപിക്കാം. സജീവമായി കൈകാര്യം ചെയ്യുന്ന ഫണ്ട് ആകയാല്‍, വിപണിയിലെ സാഹചര്യത്തിനനുസരിച്ച് ഓഹരികളുടെ സംയുക്തത്തില്‍ മാറ്റം വരുത്താന്‍ ഫണ്ട് മാനേജര്‍ക്കു സാധിക്കും. വിപണി ചലനങ്ങള്‍ക്കും സാമ്പത്തിക വ്യതിയാനങ്ങള്‍ക്കുമനുസരിച്ച് ഫണ്ട് മാനേജര്‍ക്ക് ഫലപ്രദമായി പ്രതികരിക്കാന്‍ ഈ സംവിധാനം വഴിയൊരുക്കും. ഉദാഹരണത്തിന്, നയപരമായ മാറ്റങ്ങളുടെയോ ആഗോള ചലനങ്ങളുടെയോ ഭാഗമായി ഒരു പ്രത്യേക മേഖല ശക്തമായ വളര്‍ച്ചാ സാധ്യത പ്രകടിപ്പിച്ചാല്‍, ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഫണ്ട് മാനേജര്‍ക്ക് നിക്ഷേപങ്ങള്‍ അങ്ങോട്ടു മാറ്റാന്‍ പ്രയാസമില്ല. ഈ ഉത്സാഹവും കേന്ദ്രീകൃത പോര്‍്ട് ഫോളിയോയും ലാഭം വര്‍ധിപ്പിക്കാനിടയാക്കും. നല്ല തിരിച്ചറിവോടെ കൃത്യ സമയത്തു തന്നെ തീരുമാനം കൈക്കൊള്ളണമെന്നു മാത്രം. ഫോക്കസ്ഡ് ഫണ്ടുകളുടെ മറ്റൊരു മേന്മ, പ്രകടനം കൃത്യമായി നിരീക്ഷിക്കാന്‍ കഴിയും എന്നതാണ്. പോര്‍ട്‌ഫോളിയോയിലെ ഓഹരികളുടെ എണ്ണം കുറവായതിനാല്‍, അവയുടെ പ്രകടനം നിരീക്ഷിക്കാനും ഓരോ നിക്ഷേപത്തിന്റേയും പിന്നിലെ യുക്തി മനസിലാക്കാനും നിക്ഷേപകര്‍ക്കും അനലിസ്റ്റുകള്‍ക്കും എളുപ്പമാണ്.
ഫോക്കസ്ഡ് ഫണ്ടുകളിലെ റിസ്‌ക് കൈകാര്യം ചെയ്യുന്ന വിധം
പരിമിതമായ എണ്ണം ഓഹരികളില്‍ നിക്ഷേപിക്കാന്‍ കഴിയും വിധമാണ് ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ടുകള്‍ രൂപ കല്‍പന ചെയ്തിട്ടുള്ളത്. ഈ കേന്ദ്രീകൃത സമീപനം ഫണ്ട് മാനേജര്‍മാരെ ശക്തമായ വളര്‍ച്ചാ സാധ്യതയുള്ള കമ്പനികളിലേക്ക് നിക്ഷേപം തിരിച്ചുവിടാന്‍ സഹായിക്കുന്നു. എങ്കിലും ഈ തന്ത്രത്തില്‍ അന്തര്‍ലീനമായ കേന്ദ്രീകരണത്തിലെ റിസ്‌ക് കാണാതിരുന്നു കൂട. ഏതാനും ഓഹരികളുടെ പ്രകടനം പോര്‍ട്‌ഫോളിയോയുടെ മൊത്തം ലാഭത്തെ അനുപാത രഹിതമായി സ്വാധീനിക്കും. ഇതു മറി കടക്കുന്നതിനായി ഫോക്കസ്ഡ് ഫണ്ടുകള്‍ പല മേഖലകളിലും വിപണികളിലുമായി വൈവിധ്യവല്‍ക്കരിക്കുകയാണ് ചെയ്യുക. കൈവശമുള്ള ഓഹരികള്‍ കുറവാണെങ്കിലും പല സാമ്പത്തിക മേഖലകളിലായി വിന്യസിക്കുന്നത്ിന്റെ ഗുണം ലഭ്യമാവും. തന്ത്രപരമായ ഈ വിന്യാസ രീതി ലാഭ സാധ്യതയുടെ സന്തുലനം നില നിര്‍ത്തുകയും റിസ്‌ക് കൈകാര്യം ചെയ്ത്, നിയമപരമായ ബാധ്യതകള്‍ നിറവേറ്റി നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും.
നിക്ഷേപ കാലം
ഫോക്കസ്ഡ് ഫണ്ട് ഹ്രസ്വകാല നിക്ഷേപത്തിന് ഒട്ടും അനുയോജ്യമല്ല. അതിന്റെ കേന്ദ്രീകൃത സ്വഭാവം കാരണം ആദ്യ ഘട്ടത്തില്‍ വളര്‍ച്ചയ്ക്ക് പ്രതീക്ഷിച്ച വേഗത ഉണ്ടാവില്ല. വിശാല അടിത്തറയില്‍ വ്യാപിക്കാത്തതു കാരണം ഹ്രസ്വകാലയളവില്‍ ഈ ഫണ്ടുകള്‍ അസ്ഥിരത നേരിട്ടേക്കാം. മാത്രമല്ല, വിപണിയിലെ കുതിപ്പ് വിശാല അടിസ്ഥാനത്തിലാണങ്കില്‍, ഫോക്കസ്ഡ് ഫണ്ടുകള്‍ക്ക് അനുകൂലമായിരിക്കില്ല. കാരണം, തിരഞ്ഞെടുക്കപ്പെട്ട ചില മേഖലകളും വ്യവസായങ്ങളും മാത്രമായിരിക്കും അതില്‍ ഉണ്ടാവുക. അതിനാല്‍, ദീര്‍ഘ കാല നിക്ഷേകര്‍ക്കാണ് ഈ ഫണ്ടുകള്‍ ഏറ്റവും യോജിക്കുക. റിസ്‌കെടുക്കാന്‍ തക്ക കഴിവും ദീര്‍ഘകാല നിക്ഷേപ ലക്ഷ്യവും ഉള്ളവര്‍ക്കു മാത്രമാണ് കേന്ദ്രീകൃത പോര്‍ട്ഫോളിയോകളുടെ ആനുകൂല്യം ലഭിക്കുക.
നിയമപ്രകാരമുള്ള മു്ന്നറിയിപ്പ്:
(മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കു വിധേയമാണ്. പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സശ്രദ്ധം വായിക്കുക )