ഹൗസിങ് ഫിനാന്‍സ് കമ്പനികളുമായി കൈകോര്‍ത്ത് എസ്ബിഐ
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ വിതരണ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പാ വിതരണത്തിനായി അഞ്ച് ഹൗസിങ് ഫിനാന്‍സ് കമ്പനി (എച്ച്എഫ്‌സി)കളുമായി സഹ വായ്പാ കരാറിലെത്തി. പിഎന്‍ബി ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, ഐഐഎഫ്എല്‍ ഹോം ഫിനാന്‍സ് ലിമിറ്റഡ്, ശ്രീറാം ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, എഡല്‍വീസ് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, കാപ്രി ഗ്ലോബല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്നിവയാണ് ഈ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
മുംബൈയില്‍ നടന്ന ചടങ്ങില്‍ എസ്ബിഐ ചെയര്‍മാന്‍ ശ്രീ ദിനേശ് ഖാര കരാര്‍ ഒപ്പുവെച്ച് എച്ച്എഫ്‌സി മേധാവികള്‍ക്ക് കൈമാറി. എസ്ബിഐ മാനേജിങ് ഡയറക്ടര്‍ ശ്രീ ചല്ല ശ്രീനിവാസുലു ഷെട്ടി, എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ (ആര്‍ബി) ശ്രീമതി സലോനി നാരായണ്‍, എസ്ബിഐ സിജിഎം (ആര്‍ഇ) ശ്രീ മഹേഷ് ഗോയല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വായ്പാ സേവനങ്ങള്‍ക്കായി പരിഗണിക്കാത്തപ്പെടാതെ പോകുന്നതും വേണ്ടത്ര വായ്പ ലഭ്യമല്ലാത്തതുമായ, സാമ്പത്തികമായി ദുര്‍ബലമായ വിഭാഗങ്ങള്‍ക്ക്, ആര്‍ബിഐയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം, ഭവന വായ്പ ലഭ്യമാക്കുകയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യം വെയ്ക്കുന്നത്. ഈ മേഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് എസ്ബിഐ കൂടുതല്‍ എച്ച്എഫ്‌സികളുമായി സഹ-വായ്പാ സഹകരണത്തിന് ശ്രമിക്കുകയുമാണ്.
ഈ സഹകരണം ബാങ്ക് ലക്ഷ്യമിടുന്നതുപോലെ വായ്പാ വിതരണ ശൃംഖല വായ്പാ സേവനങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്ത ദുര്‍ബല വിഭാഗങ്ങളിലേക്ക് കൂടുതല്‍ വിപുലപ്പെടുത്താനും 2024ല്‍ എല്ലാവര്‍ക്കും വീട് എന്ന കാഴചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുമായി ഒത്തു ചേര്‍ന്ന്, ഇന്ത്യയിലെ ചെറിയ വീടുകള്‍ വാങ്ങുന്നവര്‍ക്ക് താങ്ങാവുന്ന വായ്പ ലഭ്യമാക്കാനും സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു.