സൗദി അറേബ്യയെ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ തുറന്നു
1 min readപുറപ്പെടുന്ന മേഖലയില്‍ 10 പുതിയ പാതകള്‍ കൂടി കൂട്ടിച്ചേര്‍ത്തു
റിയാദ്:സൗദി അറേബ്യയെ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ തുറന്നു. അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് സൗദിക്കും ബഹ്‌റൈനുമിടയില്‍ ലക്ഷക്കണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന കോസ്‌വേ വീണ്ടും തുറന്നത്.
കോസ്‌വേയിലെ സൗദിയില്‍ നിന്നും ബഹ്‌റൈനിലേക്ക് പുറപ്പെടുന്ന മേഖലയില്‍ (ഡിപ്പാര്‍ച്ചര്‍ ഏരിയ) 10 പുതിയ പാതകള്‍ കൂടി കൂട്ടിച്ചേര്‍ത്തതായി കോസ്‌വേ പാസ്‌പ്പോര്‍ട്ട് ഡയറക്ടര്‍ ദുവൈഹി അല്‍ സഹ്ലി അറിയിച്ചു. ഇതോടെ ഇവിടെയുള്ള പാതകള്‍ 27 ആയി. അതേസമയം സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള മേഖലയിലെ (അറൈവല്‍ ഏരിയ) പാതകള്‍ 36 ആയി ഉയര്‍ത്തി. ഇതോടെ യാത്രികരെ കടത്തുന്നതിനുള്ള പാലത്തിന്റെ ശേഷി 45 ശതമാനം കൂടിയെന്നാണ് അനുമാനം.
1986ലാണ് കിംഗ് ഫഹദ് കോസ്‌വേ ആദ്യമായി തുറന്നത്. അതിനുശേഷം ഏതാണ്ട് 390 മില്യണ്‍ യാത്രികര്‍ ഈ വഴി സഞ്ചരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇന്ന് പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും തിരക്കേറിയ പാലങ്ങളിലൊന്നാണ് ഇത്. കോസ്‌വേ വീണ്ടും തുറന്ന് സന്ദര്‍ശകരുടെ എണ്ണം പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് എത്തുന്നത് ബഹ്‌റൈന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം കോസ്‌വേ വഴി 11.1 മില്യണ്‍ സന്ദര്‍ശകര്‍ ബഹ്‌റൈനില്‍ എത്തിയെന്നാണ് ടൂറിസം ഡാറ്റ വ്യക്തമാക്കുന്നത്. 2019ലെ സന്ദര്‍ശകരുടെ ചിലവിടല്‍ കണക്കിലെടുക്കുമ്പോള്‍ കോസ്‌വേ വീണ്ടും തുറക്കുന്നതിലൂടെ ബഹ്‌റൈന്‍ സമ്പദ് വ്യവസ്ഥയിലേക്ക് ഏകദേശം 2.9 ബില്യണ്‍ ഡോളര്‍ അധികമായി എത്തുമെന്നാണ് അധികാരികള്‍ കരുതുന്നത്.
അതേസമയം പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട യാത്രാനിയന്ത്രണങ്ങള്‍ സൗദി അറേബ്യയിലും ബഹ്‌റൈനിലുമുള്ളതിനാല്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് യാത്രക്കാരുടെ എണ്ണം എത്തുമോയെന്ന് സംശയമാണ്. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കോ സമീപകാലത്ത് രോഗം വന്നുപോയവര്‍ക്കും കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കുന്നവര്‍ക്കും മാത്രമേ ഇരുരാജ്യങ്ങളിലേക്കും പ്രവേശന അനുമതി ഉണ്ടായിരിക്കുകയുള്ളു.