തദ്ദേശീയ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ കമ്പനികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അതോറിട്ടി
1 min readറിയാദ്: സൗദി ഓഹരി വിപണിയില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതായി ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ വ്യാവസായിക നഗര, സാങ്കേതിക മേഖല അതോറിട്ടി(മൊഡോണ്‍). സ്വകാര്യ മേഖല കമ്പനികളെ തദ്ദേശീയ വിപണികളില്‍ ലിസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ഇളവുകളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ലിസ്റ്റിംഗ് നടത്തുന്ന കമ്പനികള്‍ക്കുള്ള ഇളവുകളും സൗകര്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മൊഡോണ്‍ വക്താവ് അറിയിച്ചു.
സൗദി ഓഹരിവിപണിയില്‍ ലിസ്റ്റിംഗിനൊരുങ്ങുന്ന വ്യാവസായിക കമ്പനികള്‍ക്ക് ഭൂമി വാങ്ങുന്നതിലും ഫാക്ടറികള്‍ സ്വന്തമാക്കുന്നതിലും മുന്‍ഗണന, ബിസിനസ്സുകള്‍ ആരംഭിക്കാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനായി മാനേജര്‍മാരുടെ സേവനം, ഫാക്ടറികളിലും മറ്റ് സംവിധാനങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമുള്ള ഇളവുകളും സേവനങ്ങളുമാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനികള്‍ക്ക് നല്‍കുക. ധനകാര്യ മേഖല വികസന പദ്ധതിയുടെയും (എഫ്എസ്ഡിപി) സ്വകാര്യ മേഖല ഉദ്യമത്തിന്റെയും ഭാഗമാണ് ഈ ഇളവുകള്‍.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കാനും എണ്ണയുല്‍പ്പാദനത്തിനും കയറ്റുമതിക്കും അപ്പുറത്തേക്ക് വരുമാനസ്രോതസ്സുകള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്ന സൗദി വിഷന്‍ 2030യുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഇക്കോണമിക് ആന്‍ഡ് ഡെവലപ്‌മെന്റല്‍ അഫയേഴ്‌സ് (സിഇഡിഎ അവതരിപ്പിച്ച 12 എക്‌സിക്യുട്ടീവ് പരിപാടികളില്‍ ഒന്നാണ് എഫ്എസ്ഡിപി. സമ്പദ് വ്യവസ്ഥയുടെ വികസനത്തിനായി സാമ്പത്തിക മേഖലയെ ഒരുക്കുകയെന്ന ലക്ഷ്യവും വിഷന്‍ 2030ക്കുണ്ട്. നിരവധി ഇളവുകളിലൂടെ കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിട്ടിയുമായും മറ്റ് സര്‍ക്കാര്‍ സംരംഭങ്ങളുമായി ചേര്‍ന്ന് സ്വകാര്യ മേഖല കമ്പനികളെ തദവുളില്‍ ലിസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയെന്നതാണ് എഫ്എസ്ഡിപി പദ്ധതിയുടെ ലക്ഷ്യം.
മെയില്‍ 532 മില്യണ്‍ സൗദി റിയാല്‍ മൂലധനമുള്ള കമ്പനികള്‍ക്ക് 59 പുതിയ വ്യാവസായിക ലൈസന്‍സുകളാണ് സൗദി അറേബ്യ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 33 ലൈസന്‍സുകളാണ് സൗദി അനുവദിച്ചത്.