അഖിലേഷിന്‍റെ ജന്മദിനം വലിയാഘോഷമാക്കി സമാജ്വാദി പാര്‍ട്ടി
ലക്നൗ: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ ജന്മദിനം പാര്‍ട്ടി വലിയ ആഘോഷമാക്കി മാറ്റി. നിര്‍ണായക രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് ജന്മദിനാഘോഷം എന്നത് പ്രത്യേകതയാണ്. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ തയ്യാറെടുക്കുകയാണ് എസ്പി.
അഖിലേഷിന്‍റെ 48ാം ജന്മദിനത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. അഖിലേഷുമായി സംസാരിക്കുകയും ഫോണില്‍ തന്‍റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു. പ്ലാന്‍റേഷന്‍ ഡ്രൈവുകള്‍, രക്തദാന ക്യാമ്പുകള്‍, ഭക്ഷ്യ ക്യാമ്പുകള്‍, പ്രത്യേക ‘പൂജ’ , രോഗികള്‍ക്ക് പഴങ്ങള്‍ വിതരണം ചെയ്യല്‍ എന്നിവയാണ് സമാജ് വാദി പാര്‍ട്ടി നേതാവിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നത്. പാര്‍ട്ടി ‘സങ്കല്‍പ് ദിവസ്’ ആയി ഈ ദിനം ആഘോഷിച്ചു,ഒന്നിലധികം കേക്ക് മുറിക്കല്‍ ചടങ്ങുകളും ഉണ്ടായിരുന്നു.
പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാനായി സമാജ്വാദി അടുക്കളകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ടായിരുന്നു. സമാജ്വാദി പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനത്തിമായ വിക്രമാദിത്യ മാര്‍ഗും അഖിലേഷ്, മുലായം സിംഗ് യാദവ്, ശിവ്പാല്‍ സിംഗ് യാദവ് എന്നിവരുടെ വസതികളും അഖിലേഷിന്‍റെ ജന്മദിനത്തില്‍ അലങ്കരിച്ചിരുന്നു.പാര്‍ട്ടി പ്രസിഡന്‍റിനായി എല്ലാ പ്രമുഖ പത്രങ്ങളിലും മുഴുവന്‍ പേജ് പത്ര പരസ്യങ്ങളും നല്‍കിയിട്ടുണ്ട്.
തങ്ങളുടെ നേതാവിന് ഇത് അവിസ്മരണീയമായ ജന്മദിനമായി മാറ്റാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തീരുമാനിച്ചതായി എസ്പി ചീഫ് വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ സമാജ്വാദി പാര്‍ട്ടി ബിജെപിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ പോരാടിയതായും ഇപ്പോള്‍ കൂടുതല്‍ ശക്തിയോടെ അധികാരത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണെന്നും പാര്‍ട്ടി എംഎല്‍സി അനുരാഗ് ഭദൗരിയ പറഞ്ഞു.