റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്-vന് ഇന്ത്യയില്‍ ഉപയോഗാനുമതി
1 min readകോവിഷീല്‍ഡിനും കോവാക്‌സിനും ശേഷം ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്-v
ന്യൂഡെല്‍ഹി: കോവിഷീല്‍ഡിനും കോവാക്‌സിനും ശേഷം ഇന്ത്യയില്‍ സ്പുട്‌നിക്-v എന്ന പേരില്‍ അറിയപ്പെടുന്ന ഗാം-കോവിഡ്-വാക് വാക്‌സിനും അംഗീകാരം. വിഷയ വിദഗ്ധ കമ്മിറ്റിയുടെ (എസ്ഇസി) ശുപാര്‍ശ പരിഗണിച്ച് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിയാണ് ഡിസിജിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഇന്ത്യ) സ്പുട്‌നിക്-vന് നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ്-19 രോഗത്തില്‍ നിന്നും പ്രതിരോധശേഷി നല്‍കാന്‍ ശേഷിയുള്ള സ്്പുട്‌നിക്-v വാക്‌സിന്‍ 21 ദിവസത്തെ ഇടവേളയില്‍ 0.5 മില്ലിലിറ്ററിന്റെ രണ്ട് ഡോസ് ആയാണ് നല്‍കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡാണ്(ഡിആര്‍എല്‍) ഇന്ത്യയിലെ ഉപയോഗത്തിനായി സുപ്ട്‌നിക്-v ഇറക്കുമതി ചെയ്യുക. ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന സ്പുട്‌നിക്-v ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനും ഡിആര്‍എല്‍ ആണ് കേന്ദ്രസര്‍ക്കാരിന് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ആണ് ആദ്യമായി ഗാം-കോവിഡ്-വാക് വികസിപ്പിച്ചത്. നിലവില്‍ മുപ്പതോളം രാജ്യങ്ങള്‍ ഈ വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
നിലവില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക് ഇന്റെര്‍നാഷണല്‍ നിര്‍മിക്കുന്ന കോവാക്‌സിനുമാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതിയുള്ളത്.