ആര്‍ജിസിബിയില്‍ എംഎസ് സി ബയോടെക്നോളജി

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴിലുള്ള രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) 2025-27 അധ്യയന വര്‍ഷത്തേക്കുള്ള എംഎസ് സി ബയോടെക്നോളജി കോഴ്സിലേക്ക് GAT-B യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നാല് സെമസ്റ്ററുകളിലായി രണ്ട് വര്‍ഷത്തെ ഡിസീസ് ബയോളജി, ജനറ്റിക് എന്‍ജിനീയറിംഗ് കോഴ്സുകളാണുള്ളത്. രണ്ട് കോഴ്സുകളിലും പത്ത് വീതം സീറ്റുകളാണുള്ളത്. 60 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡില്‍ കുറയാതെ യുജിസി മാനദണ്ഡപ്രകാരമുള്ള സയന്‍സ്/എന്‍ജിനീയറിംഗ്/ മെഡിസിന്‍ ബിരുദവും GAT-B സ്കോറുമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി (നോണ്‍ ക്രിമിലെയര്‍), പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റി (പിഡബ്ല്യുഡി) തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്ക് യോഗ്യതാ പരീക്ഷയില്‍ അഞ്ചുശതമാനം മാര്‍ക്കിളവുണ്ട്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 6000 രൂപയും രണ്ടാം വര്‍ഷം പ്രതിമാസം 8000 രൂപയും സ്റ്റൈപന്‍ഡ് ലഭിക്കും. ആര്‍ജിസിബി കാമ്പസില്‍ ഹോസ്റ്റല്‍ താമസ സൗകര്യം ലഭ്യമാണ്. അവസാനവര്‍ഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രവേശന സമയത്ത് നിര്‍ദ്ദിഷ്ട മാര്‍ക്കിന്‍റെ തെളിവ് ഹാജരാക്കണം. ഓരോ വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള GAT-B കട്ട്-ഓഫ് റാങ്ക്/സ്കോര്‍ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് നടത്തുക.GAT-B ഫലങ്ങള്‍ പുറത്തുവന്നയുടനെ ആര്‍ജിസിബി എംഎസ് സി പ്രോഗ്രാമിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന തീയതികളും കൗണ്‍സിലിംഗ് പ്രക്രിയയും ആര്‍ജിസിബി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ 2025 ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. GAT-B പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 3 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക: GAT-B യെ കുറിച്ച്: https://rcb.res.in/DBTPG/ , ആര്‍ജിസിബിയുടെ എംഎസ്സി പ്രോഗ്രാം: https://rcb.res.in/DBTPG/