എണ്ണവില കൂടുന്നത് അരാംകോ-റിലയന്‍സ് ഒ2സി ഇടപാട് വേഗത്തിലാക്കിയേക്കും
2022ല്‍ അരാംകോയിലെ പണമൊഴുക്ക് 100 ബില്യണ്‍ ഡോളറിനടുത്താകുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ കണക്കുകൂട്ടല്‍
ന്യൂഡെല്‍ഹി: എണ്ണവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ സമ്പത്ത് വര്‍ധിക്കുന്നത് അരാംകോ, റിലയന്‍സ് ഒ2സി(ഓയില്‍ ടു കെമിക്കല്‍സ്) ഇടപാട് വേഗത്തിലാക്കിയേക്കുമെന്ന് വിലയിരുത്തല്‍. നവംബറില്‍ ബാരലിന് 38 ഡോളറായിരുന്ന എണ്ണവില 70 ഡോളറിലേക്ക് കുതിച്ച സാഹചര്യത്തില്‍ 2022ല്‍ അരാംകോയിലെ പണമൊഴുക്ക് 100 ബില്യണ്‍ ഡോളറിനടുത്താകുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ കണക്കുകൂട്ടല്‍.
റിലയന്‍സ് ഒ2സിയുടെ ഇരുപത് ശതമാനം ഓഹരികള്‍ 15 ബില്യണ്‍ ഡോളറിന് സൗദി അരാംകോ ഏറ്റെടുക്കുമെന്ന് 2019ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പനയുടെയും കഴിഞ്ഞ വര്‍ഷം ഏപ്രിലിലുണ്ടായ എണ്ണവിലത്തകര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ ഇടപാട് നീട്ടിക്കൊണ്ടുപോകാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി.
റിലയന്‍സ് ഒ2സി തങ്ങളുടെ വിശ്വസ്തരായ എണ്ണ ഉപഭോക്താവായിരിക്കുമെന്നാണ് അരാംകോയുടെ കണക്കുകൂട്ടല്‍. അനിശ്ചിതത്വങ്ങള്‍ എണ്ണ വിപണിയെ ഭരിക്കുന്ന കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളില്‍ ഒന്നായ ഇന്ത്യയിലെ ഒരു എണ്ണക്കമ്പനിയുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയെന്നത് ഭാവി ഭദ്രമാക്കാന്‍ സഹായിക്കുമെന്നാണ് അരാംകോ കരുതുന്നതെന്ന് ബാങ്ക് ഓഫ് അമേരിക്കയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ വര്‍ഷം, മുമ്പ് വാക്ക് നല്‍കിയിരുന്ന 75 ബില്യണ്‍ ഡോളറിലധികം അരാംകോ ലാഭവിഹിതമായി വിതരണം ചെയ്യുമെന്ന്് ബാങ്ക് ഓഫ് അമേരിക്കയിലെ അനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല, രണ്ടാമതും ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതിയിലാണ് അരാംകോ.
എന്നാല്‍ ഇന്ത്യയില്‍ പൊതുവെ സൗദിയും റഷ്യയും നയിക്കുന്ന ഒപെക് പ്ലസ് രാജ്യങ്ങള്‍ക്കെതിരായി വികാരം ഉടലെടുത്തിട്ടുണ്ട്. എണ്ണവില ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നതിനായി ഉല്‍പ്പാദന നിയന്ത്രണം തുടര്‍ന്നും നടപ്പിലാക്കാനുള്ള ഒപെക് പ്ലസ് തീരുമാനമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഏപ്രില്‍ മുതല്‍ മൊത്തത്തിലുള്ള എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടതില്ലെന്ന ഒപെക് പ്ലസ് തീരുമാനം കഴിഞ്ഞ ആഴ്ച വിപണിയെ ഞെട്ടിപ്പിച്ചിരുന്നു.
റിലയന്‍സിന്റെയും ബിപിയുടെയും പെട്രോളിയം റീറ്റെയ്ല്‍ സംയുക്ത സംരംഭത്തിന് പുറമേ, ഗുജറാത്തിലെ ജംനഗറില്‍ രണ്ട് റിഫൈനറികളും അതിനടുത്തായുള്ള പെട്രോ കെമിക്കല്‍ സമുച്ചയവും ഉള്‍പ്പെടുന്നതാണ് റിലയന്‍സിന്റെ ഒ2സി ബിസിനസ്. ഇന്ത്യയില്‍ അരാംകോയുടെ എണ്ണയ്ക്ക് മാത്രമായി ഒരു വിപണി ഉറപ്പാക്കുന്നത് കൂടിയാണ് ഈ കരാര്‍. ഇടപാടിന്റെ ഭാഗമായി പ്രതിദിനം 500,000 ബാരല്‍ ക്രൂഡ് ഓയില്‍ (ജംനഗറിലെ റിഫൈനറിക്ക് ആവശ്യമായതിന്റെ 28 ശതമാനം) ദീര്‍ഘകാലത്തേക്ക് അരാംകോയില്‍ നിന്നും വാങ്ങുന്നതിനുള്ള കരാറില്‍ ഒ2സി ഒപ്പുവെക്കും.