November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലിസ്റ്റ് ചെയ്ത കമ്പനികളില്‍ നൂറ് ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കാന്‍ ഖത്തര്‍ നീക്കം

1 min read

കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം

ദോഹ: ഖത്തര്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ നൂറ് ശതമാനം വിദേശ ഉടമസ്ഥാവകാശം അനുവദിക്കാനുള്ള കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഈ നീക്കത്തിലൂടെ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം ലിസ്റ്റ് ചെയ്ത ഖത്തര്‍ കമ്പനികളിലേക്ക് എത്തിച്ചേരുമെന്നാണ് കരുതുന്നത്. ഖത്തര്‍ ഇസ്ലാമിക് ബാങ്ക്, മസ്രഫ് അല്‍ റയാന്‍, കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍ അടക്കമുള്ള കമ്പനികള്‍ക്ക് പുതിയ തീരുമാനം നേട്ടമാകുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഇഎഫ്ജി-ഹേംസിനെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഭൂരിഭാഗം ഖത്തര്‍ കമ്പനികളിലെയും വിദേശ ഉടമസ്ഥാവകാശ പരിധി 49 ശതമാനത്തില്‍ താഴെ മാത്രമാണ്. ഖത്തര്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ 32 ശതമാനവും ഗള്‍ഫ് വെയര്‍ഹൗസിംഗില്‍ 30 ശതമാനവും കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തറില്‍ 21 ശതമാനവുമാണ് വിദേശ ഉടമസ്ഥാവകാശ പരിധി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഖത്തറിലെ പ്രോപ്പര്‍ട്ടികളില്‍ വിദേശികള്‍ക്കുള്ള ഉടമസ്ഥാവകാശ പരിധിയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഖത്തര്‍ ഇളവുകള്‍ അനുവദിച്ചിരുന്നു. പ്രവാസികളെയും വിദേശ നിക്ഷേപകരെയും റിയല്‍ എസ്റ്റേറ്റ് ഫണ്ടുകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ ഈ ഭേദഗതി അനുവദിച്ചത്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

വിദേശ നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഗള്‍ഫ് മേഖലയിലെ മറ്റ് രാജ്യങ്ങളും സമീപകാലത്തായി വിദേശ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. 2019 ജൂണില്‍ സൗദി അറേബ്യയും ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത തന്ത്രപ്രധാന നിക്ഷേപകരുടെ കമ്പനികളിലെ വിദേശ ഉമസ്ഥാവകാശ പരിധി എടുത്തുകളഞ്ഞിരുന്നു. വിദേശ ഉടമസ്ഥാവകാശ പരിധി തീരുമാനിക്കാന്‍  എമിറേറ്റുകളെ അനുവദിക്കുമെന്ന് അതേവര്‍ഷം ജൂലായില്‍ യുഎഇയും പ്രഖ്യാപിച്ചിരുന്നു.

പകര്‍ച്ചവ്യാധി തിരിച്ചടിയായ ബിസിനസുകള്‍ക്ക് സഹായം തുടരും

രാജ്യം കോവിഡ് രണ്ടാം തംരംഗത്തിന് സാക്ഷ്യം വഹിക്കെ പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനുള്ള ഉത്തേജന നടപടികള്‍ ശക്തമാക്കാനൊരുങ്ങി ഖത്തര്‍. പ്രാദേശിക ബാങ്കുകള്‍ക്കുള്ള കേന്ദ്രബാങ്കിന്റെ സാമ്പത്തിക സഹായം തുടരാന്‍ ഖത്തര്‍ മന്ത്രിസഭ സമ്മതം അറിയിച്ചു. പകര്‍ച്ചവ്യാധി മൂലം അടച്ചിട്ട മേഖലകളിലുള്ള കമ്പനികള്‍ക്ക് സെപ്റ്റംബര്‍ അവസാനം വരെ ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകളിലുള്ള ഇളവുകള്‍ തുടരും.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി

ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ നാഷണല്‍ ഗ്യാരണ്ടി പരിപാടിയും സെപ്റ്റംബര്‍ വരെ ദീര്‍ഘിപ്പിപ്പിച്ചിട്ടുണ്ട്. അതേസമയം ഈ പരിപാടിയുടെ ഭാഗമായുള്ള പലിശയിളവ് രണ്ട് വര്‍ഷത്തേക്ക് നീട്ടി. 2020 മാര്‍ച്ചില്‍ ഖത്തര്‍ കേന്ദ്രബാങ്കാണ് സ്വകാര്യ മേഖലയില്‍ പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനുള്ള വായ്പ തിരിച്ചടവുകള്‍ മരവിപ്പിക്കല്‍, നാഷണല്‍ ഗ്യാരണ്ടി പ്രോഗ്രാം തുടങ്ങിയ ഉത്തേജന പാക്കേജുകള്‍ ആദ്യമായി പ്രഖ്യാപിച്ചത്.

Maintained By : Studio3