കേരളവും ഗോവയും ടൂറിസം മേഖലയില്‍ സഹകരണം മെച്ചപ്പെടുത്തണം: ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: കേരളത്തിലേത് മികച്ച ഗുണമേന്‍മയുള്ള ടൂറിസമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. ഗോവയില്‍ നിരവധി മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ടൂറിസമാണുള്ളത്. കേരളവും ഗോവയും ടൂറിസം മേഖലയില്‍ സഹകരണം മെച്ചപ്പെടുത്തണമെന്നും ഇതിനായി ചര്‍ച്ചകള്‍ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്സ്പോ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2023) ആദ്യ പതിപ്പിനോടനുബന്ധിച്ച് ‘പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാലി, മൗറീഷ്യസ് തുടങ്ങിയ ഉന്നത നിലവാരമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ കേരളത്തിലും എത്താറുണ്ട്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് പ്രായോഗിക സമീപനം ആവശ്യമാണ്. ഇക്കോ ടൂറിസം, ഹെല്‍ത്ത് ടൂറിസം, ആത്മീയ ടൂറിസം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും സഞ്ചാരികളുടെ സുരക്ഷയും പരമപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.