പോര്‍ട്ട് ബ്ലെയറിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സംയോജിത ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
1 min read
ന്യൂഡൽഹി: പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഏകദേശം 710 കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും.
പോര്‍ട്ട് ബ്ലെയറിലാണ് ഇന്നത്തെ പരിപാടി നടക്കുന്നതെങ്കിലും വീര്‍ സവര്‍ക്കര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം നിറവേറ്റപ്പെടുന്നതിനാല്‍ രാജ്യം മുഴുവന്‍ ആ കേന്ദ്രഭരണ പ്രദേശത്തേയ്ക്ക് ഉറ്റുനോക്കുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ആഹ്ലാദകരമായ അന്തരീക്ഷവും പൗരന്മാരുടെ സന്തോഷകരമായ മുഖഭാവങ്ങളും അനുഭവിച്ചറിയാന്‍ സാധിക്കുമായിരുന്നതില്‍ ഈ അവസരത്തില്‍ സന്നിഹിതനാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന ആഗ്രഹവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ”ആന്‍ഡമാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ ശേഷിയുള്ള വിമാനത്താവളം വേണമെന്നും ആവശ്യപ്പെട്ടിരുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലുള്ള ടെര്‍മിനലിന് ഇതുവരെ 4000 വിനോദസഞ്ചാരികളെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുണ്ടായിരുന്നതെന്നും എന്നാല്‍ പുതിയ ടെര്‍മിനലില്‍ ഇത് 11,000 ആയി ഉയര്‍ന്നിട്ടുണ്ടെന്നും ഇപ്പോള്‍ ഏത് സമയത്തും 10 വിമാനങ്ങള്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാനാകുമെന്നും പോര്‍ട്ട് ബ്ലെയറിലെ വിമാനത്താവള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നുള്ള വളര്‍ന്നുവരുന്ന ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. കൂടുതല്‍ വിമാനങ്ങളും വിനോദസഞ്ചാരികളും ഈ മേഖലയിലേക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പോര്‍ട്ട് ബ്ലെയറിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടം യാത്ര സുഗമമാക്കുകയും വ്യാപാരം ചെയ്യുന്നത് ലളിതമാക്കുകയും ബന്ധിപ്പില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
”വളരെക്കാലമായി ഇന്ത്യയില്‍ വികസനാവസരങ്ങള്‍ വന്‍ നഗരങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയായി രുന്നു”, ദീര്‍ഘകാലമായി രാജ്യത്തെ ആദിവാസി, ദ്വീപ് മേഖലകള്‍ വികസനരഹിതമായിരുന്നുവെന്നത് ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍, മുന്‍കാല ഗവണ്‍മെന്റുകളുടെ തെറ്റുകള്‍ വളരെ സൂക്ഷ്മതയോടെ തിരുത്തുക മാത്രമല്ല, പുതിയ സംവിധാനം കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. ”ഉള്‍ച്ചേര്‍ക്കലിന്റെ ഒരു പുതിയ മാതൃക ഇന്ത്യയില്‍ വന്നിരിക്കുന്നു. ‘എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം (സബ്കാ സാത്ത്, സബ്കാ വികാസ്)’ എന്നതിന്റെ മാതൃകയാണത്”, പ്രധാനമന്ത്രി പറഞ്ഞു. ഈ വികസന മാതൃക വളരെ സമഗ്രമവും സമൂഹത്തിലെ എല്ലാ പ്രദേശങ്ങളുടെയും എല്ലാ വിഭാഗങ്ങളുടെയും വികസനവും, വിദ്യാഭ്യാസം, ആരോഗ്യം, ബന്ധിപ്പിക്കല്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നതണെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ 9 വര്‍ഷമായി ആന്‍ഡമാനില്‍ വികസനത്തിന്റെ പുതിയ ഗാഥ രചിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുന്‍ ഗവണ്‍മെന്റിന്റെ 9 വര്‍ഷങ്ങളില്‍ ആന്‍ഡമാന്‍ നിക്കോബാറിന് 23,000 കോടി രൂപ ബജറ്റില്‍ ലഭിച്ചപ്പോള്‍ ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ ഏകദേശം 48,000 കോടി രൂപയാണ് ബജറ്റിലൂടെ ആന്‍ഡമാന്‍ നിക്കോബാറിനായി അനുവദിച്ചത്. അതുപോലെ, മുന്‍ ഗവണ്‍മെന്റിന്റെ 9 വര്‍ഷങ്ങളില്‍ 28,000 വീടുകളിലാണ് പൈപ്പ് വെള്ളം കണക്ഷന്‍ നല്‍കിയിരുന്നത്, എന്നാല്‍ കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ ഇത് 50,000 ആയി. ഇന്ന് ആന്‍ഡമാന്‍ നിക്കോബാറില്‍ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടും വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് (ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്) സൗകര്യവും ഉണ്ട്. പോര്‍ട്ട് ബ്ലെയറിലെ മെഡിക്കല്‍ കോളേജിന്റെ ഉത്തരവാദിയും നിലവിലെ ഗവണ്‍മെന്റാണ് എന്തെന്നാല്‍ മുന്‍പ് കേന്ദ്രഭരണപ്രദേശത്ത് മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നില്ല. ഉപഗ്രഹങ്ങളെ മാത്രം ആശ്രയിച്ചായിരുന്നു മുന്‍പ്, ഇന്റര്‍നെറ്റ് സൗകര്യം, എന്നാല്‍ കടലിനടിയിലൂടെ നൂറുകണക്കിന് കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നതിനുള്ള മുന്‍കൈ നിലവിലെ ഗവണ്‍മെന്റ് എടുത്തു.
സൗകര്യങ്ങളുടെ ഈ വിപുലീകരണം ഇവിടുത്തെ വിനോദസഞ്ചാരത്തിന് ആക്കം കൂട്ടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൊബൈല്‍ ബന്ധിപ്പിക്കല്‍, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, വിമാനത്താവള സൗകര്യങ്ങള്‍, റോഡുകള്‍ എന്നിവ വിനോദസഞ്ചാരികളുടെ വരവ് പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടാണ് 2014-നെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചതെന്ന് ശ്രീ മോദി പറഞ്ഞു.