വിദ്യാഭ്യാസ മേഖലയിൽ പതിമൂവായിരംകോടിയിലധികം രൂപയുടെ പദ്ധതികൾ
ന്യൂ ഡൽഹി: രാജ്യത്തുടനീളം വിദ്യാഭ്യാസ-നൈപുണ്യ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി, ഏകദേശം 13,375 കോടി രൂപയുടെ നിരവധി പദ്ധതികൾ പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഐഐടി ഭിലായ്, ഐഐടി തിരുപ്പതി, ഐഐഎസ്ഇആര്‍ തിരുപ്പതി, ഐഐഐടിഡിഎം കുര്‍ണൂല്‍ എന്നിവയുടെ സ്ഥിരം കാമ്പസുകള്‍; ഐഐടി പട്നയിലും ഐഐടി റോപ്പറിലും അക്കാദമിക്, പാര്‍പ്പിട സമുച്ചയം; ദേവപ്രയാഗിലും (ഉത്തരാഖണ്ഡ്), അഗര്‍ത്തലയിലും (ത്രിപുര) കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയുടെ രണ്ട് സ്ഥിര കാമ്പസുകള്‍ എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു; ഐഐഎം വിശാഖപട്ടണം, ഐഐഎം ജമ്മു, ഐഐഎം ബോധ്ഗയ എന്നിവയുടെ സ്ഥിരം കാമ്പസുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള മുന്‍നിര നൈപുണ്യ പരിശീലന സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് (ഐഐഎസ്) അദ്ദേഹം കാണ്‍പൂരില്‍ ഉദ്ഘാടനം ചെയ്തു.
ഐഐടി ജമ്മു, എന്‍ഐടി ഡല്‍ഹി, ഐഐടി ഖരഗ്പൂര്‍, എന്‍ഐടി ദുര്‍ഗാപൂര്‍, ഐഐഎസ്ഇആര്‍ ബെഹ്റാംപൂര്‍, എന്‍ഐടി അരുണാചല്‍ പ്രദേശ്, ഐഐഐടി ലഖ്നൗ, ഐഐടി ബോംബെ, ഐഐടി ഡല്‍ഹി, കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല തുടങ്ങി രാജ്യത്തുടനീളമുള്ള ഒന്നിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകള്‍, അക്കാദമിക് ബ്ലോക്കുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടങ്ങള്‍, ലൈബ്രറികള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനുള്ള ഒന്നിലധികം പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ഈ പദ്ധതികളില്‍ റായ്ച്ചൂര്‍ സിന്ധു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെയും ഐഐഐടി റായ്ച്ചൂരിന്റെയും സ്ഥിരം കാമ്പസിന്റെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു; ഐഐടി ബോംബെയില്‍ അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റല്‍, ഫാക്കല്‍റ്റി ക്വാര്‍ട്ടര്‍ തുടങ്ങിയവയുടെ നിര്‍മ്മാണം; ഐഐടി ഗാന്ധിനഗറിലെ ഹോസ്റ്റലിന്റെയും സ്റ്റാഫ് ക്വാര്‍ട്ടറിന്റെയും നിര്‍മ്മാണം, ബിഎച്ച്യുവിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ നിര്‍മ്മാണം തുടങ്ങിയവയാണ് ബാക്കി.
ജമ്മുവിലെ വിജയ്പൂര്‍ (സാംബ), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി തറക്കല്ലിട്ട ഈ സ്ഥാപനം, കേന്ദ്ര മേഖലാ പദ്ധതിയായ പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴിലാണ് സ്ഥാപിക്കുന്നത്. 1660 കോടിയിലധികം ചെലവില്‍ 227 ഏക്കറില്‍ പരന്നുകിടക്കുന്ന ആശുപത്രിയില്‍ 720 കിടക്കകള്‍, 125 സീറ്റുകളുള്ള മെഡിക്കല്‍ കോളജ്, 60 സീറ്റുകളുള്ള നഴ്സിങ് കോളജ്, 30 കിടക്കകളുള്ള ആയുഷ് ബ്ലോക്ക്, ഫാക്കല്‍റ്റികള്‍ക്കുള്ള താമസസൗകര്യം, താമസ സൗകര്യം തുടങ്ങിയ സൗകര്യങ്ങളോടെയാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാഫ്, യുജി, പിജി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ താമസം, നൈറ്റ് ഷെല്‍ട്ടര്‍, ഗസ്റ്റ് ഹൗസ്, ഓഡിറ്റോറിയം, ഷോപ്പിംഗ് കോംപ്ലക്‌സ് മുതലായവയുമുണ്ട്. നെഫ്രോളജി, യൂറോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, എന്‍ഡോക്രൈനോളജി, ബേണ്‍സ് & പ്ലാസ്റ്റിക് സര്‍ജറി കാര്‍ഡിയോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി ഉള്‍പ്പെടെയുള്ള 18 സ്‌പെഷ്യാലിറ്റികളിലും 17 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളിലും അത്യാധുനിക ആശുപത്രി ഉയര്‍ന്ന നിലവാരമുള്ള രോഗി പരിചരണ സേവനങ്ങള്‍ നല്‍കും. ഇന്‍സ്റ്റിറ്റ്യൂട്ടിന് തീവ്രപരിചരണ വിഭാഗം, എമര്‍ജന്‍സി & ട്രോമ യൂണിറ്റ്, 20 മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്ററുകള്‍, ഡയഗ്‌നോസ്റ്റിക് ലബോറട്ടറികള്‍, ബ്ലഡ് ബാങ്ക്, ഫാര്‍മസി തുടങ്ങിയവ ഉണ്ടായിരിക്കും. മേഖലയിലെ ദൂരെയുള്ള പ്രദേശങ്ങളില്‍ എത്തിച്ചേരുന്നതിന് ആശുപത്രി ഡിജിറ്റല്‍ ഹെല്‍ത്ത് അടിസ്ഥാന സൗകര്യവും പ്രയോജനപ്പെടുത്തും.