മാന്യതയോടെ രാജിവെയ്ക്കാന്‍ ഇമ്രാന്‍ ഖാനോട് പ്രതിപക്ഷം
ഇസ്ലാമബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദേശീയ അസംബ്ലിയില്‍ വിശ്വാസവോട്ടുതേടും. ഉപരിസഭയിലെ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ ധനമന്ത്രി പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇങ്ങനഎയൊരു സ്ഥിതിവിശേഷം ഉണ്ടായത്. മൂന്നുവര്‍ഷമായ ഖാന്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പരീക്ഷണമാണ് ഇനി അദ്ദേഹത്തെ കാത്തിരിക്കുന്നത്. പ്രതിപക്ഷ പിന്തുണയുള്ള മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്കെതിരെയാണ് ധനമന്ത്രി അബ്ദുല്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടത്. സെനറ്റില്‍ ഇങ്ങനെയൊരു പരാജയം ഖാന്‍ ചിന്തിച്ചിരുന്നില്ല.
ദേശീയ അസംബ്ലിയിലെ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് സെനറ്റിലേക്കുള്ള സീറ്റുകള്‍ക്കായി വോട്ടുചെയ്യുന്നത്. ഇവിടെ സര്‍ക്കാരിന്‍റെ പ്രതിനിധി പരാജയപ്പെട്ടു എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി എന്നും വിലയിരുത്താം. ഇക്കാരണത്താലാണ് വിശ്വാസവോട്ടെടുടുപ്പ് നടത്താന്‍ ഖാന്‍ ആലോചിക്കുന്നത്. വിശ്വാസവോട്ടിന്‍റെ കാര്യം വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി ദേശീയ അസംബ്ലി പിരിച്ചുവിടുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തുകയും വേണം.
ജൂണ്‍ 11 ന് ശേഷം ധനമന്ത്രിയായി തുടരാന്‍ ഷെയ്ഖിന് ഒരു പാര്‍ലമെന്‍റ് സീറ്റ് നേടേണ്ടിയിരുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ 6 ബില്യണ്‍ ഡോളര്‍ വായ്പാ പദ്ധതിക്ക് കീഴിലുള്ള സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളുടെയും പരിഷ്കരണ പദ്ധതികളുടെയും ചുമതലയുള്ള പ്രധാന അംഗമാണ് അദ്ദേഹം. മന്ത്രിക്ക് മറ്റൊരു സീറ്റ് നേടാന്‍ സഹായിക്കാനോ സാമ്പത്തിക ഉപദേഷ്ടാവായി വീണ്ടും നിയമിക്കാനോ ഖാന് കഴിയും. വോട്ടെടുപ്പ് നടക്കുമ്പോള്‍ 342 അംഗങ്ങളുള്ള അധോസഭയില്‍ ഭൂരിപക്ഷം വോട്ടുകള്‍ നേടാന്‍ ഖാന് കഴിയണം. തീയതി നല്‍കാതെ പ്രധാനമന്ത്രി ഉടന്‍ തന്നെ വോട്ട് തേടുമെന്ന് ഖുറേഷി പറഞ്ഞു.
64 നെതിരെ 169 വോട്ടുകള്‍ക്കാണ് ഗിലാനി ഷെയ്ഖിനെ പരാജയപ്പെടുത്തിയത്. 11 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ഗിലാനിയെ പിന്തുണച്ചിരുന്നു. ഏഴു വോട്ടുകള്‍ നിരസിക്കപ്പെട്ടു. ദേശീയ അസംബ്ലിയില്‍ അധികാരത്തില്‍ വന്നപ്പോള്‍ 180 നിയമസഭാംഗങ്ങളുടെ പിന്തുണ ഖാന് ഉണ്ടായിരുന്നു. ഷെയ്ഖിന്‍റെ പരാജയത്തിനുശേഷം ഇമ്രാന്‍ഖാന്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ സഖ്യം ഒന്നടങ്കം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ നിരസിക്കപ്പെട്ട വോട്ടുകള്‍ ചോദ്യം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് ഖാന്‍റെ വക്താവ് ഷഹബാസ് ഗില്‍ ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.