നെഞ്ച് വേദന മാത്രമല്ല, അറിഞ്ഞിരിക്കാം ഹൃദയാഘാതത്തിന്റെ മറ്റ് ലക്ഷണങ്ങള്‍
നെഞ്ച് വേദന മുതല്‍ വായിലെ പുളിപ്പ് രസം വരെ പല ലക്ഷണങ്ങളും ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കാറുണ്ട്
ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് പെട്ടന്ന് തടസ്സപ്പെടുന്ന ഗുരുതരമായ അവസ്ഥയാണ് ഹൃദയാഘാതം. അടിയന്തര വൈദ്യ സഹായം ആവശ്യമുള്ള ഒരു അവസ്ഥയാണിത്. പൊതുവെ രക്തക്കട്ടയുടെ സാന്നിധ്യം മൂലമാണ് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നത്. ഹൃദയാഘാതത്തിന് മുമ്പ് ശരീരം പലവിധ ലക്ഷണങ്ങള്‍ കാണിക്കുമെങ്കില്‍ നെഞ്ച് വേദനയിലൂടെയാണ് കൂടുതല്‍ ആളുകളും ഹൃദയാഘാതം തിരിച്ചറിയുന്നത്. നെഞ്ചിന് മുകളില്‍ ഭാരമുള്ള ഒരു വസ്തു വെച്ച് അമര്‍ത്തുന്നത് പോലുള്ള വേദനയാണത്. നെഞ്ചില്‍ നിന്നും താടിയെല്ലിലേക്കും കഴുത്തിലേക്കും പുറത്തേക്കും ഈ വേദന വ്യാപിക്കാം. എന്നാല്‍ ഈ ഒരു ലക്ഷണം മാത്രമാണോ ഹൃദയാഘാതത്തിന് മുമ്പായി ശരീരം കാണിക്കുക?
ഹൃദയാഘാത ലക്ഷണങ്ങള്‍
അധികമാരും ചര്‍ച്ച ചെയ്യാത്ത മറ്റ് പല ലക്ഷണങ്ങളും ഹൃദയാഘാതത്തിനുണ്ട്. ജീവിതം തന്നെ അപകടത്തിലാകുന്ന അവസ്ഥയായതിനാല്‍ ഹൃദയാഘാതത്തിന്റെ എല്ലാ ലക്ഷണങ്ങളും മനസിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തില്‍ ഹൃദയാഘാതത്തിന് മുമ്പുള്ള ഒരു അസാധാരണ ലക്ഷണമാണ് വായിലെ പുളി രസം. ഏമ്പക്കമോ പുളിച്ച് തികട്ടലോ നെഞ്ചരിച്ചിലോ ഇല്ലാതെയുള്ള ഗുരുതരമായ ദഹനക്കേടും ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ ഒരു ലക്ഷണമാണ്. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ വല്ലാതെ വിയര്‍ക്കുന്നത്, ഛര്‍ദ്ദി, ഛര്‍ദ്ദിക്കണമെന്നുള്ള തോന്നല്‍ അധികനേരം നീണ്ടുനില്‍ക്കാത്ത തളര്‍ച്ച തുടങ്ങിയവും ഹൃദയാഘാതത്തിന്റെ സൂചനകളാകാം. അസാധാരണമായ ക്ഷീണവും ഉറക്കവും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ഹൃദയാഘാതത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളുടെയും നെഞ്ചുവേദനയുടെയും ഏറ്റക്കുറച്ചിലുകള്‍ പലരിലും പല തരത്തിലായിരിക്കും.
ചിലര്‍ക്ക് നെഞ്ചുവേദന അല്ലെങ്കില്‍ നെഞ്ചിലെ ഭാരം അസഹിനീയമായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്ക് നെഞ്ചിനുള്ളില്‍ ഒരു അസ്വസ്ഥത മാത്രമായിരിക്കും അനുഭവപ്പെടുക. ദഹനപ്രശ്‌നം ഉള്ളപ്പോള്‍ അനുഭവപ്പൈടുന്ന വയറ് വേദന പോലെ മാത്രമായിരിക്കും അതെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ (ബിഎച്ച്എഫ്) പറയുന്നു. ചിലപ്പോള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ദിവസങ്ങളോളം അനുഭവപ്പെട്ടേക്കാം. മറ്റ് ചിലപ്പോള്‍ വളരെ പെട്ടന്ന് അപ്രതീക്ഷിതമായിട്ടായിരിക്കും അവയുടെ വരവെന്ന് ബിഎച്ച്എഫ് പറയുന്നു. ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത ലക്ഷണങ്ങളാണ് അനുഭവപ്പെടുകയെന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. എന്നാല്‍ ഓരോ വ്യക്തിക്കും ഓരോ തരത്തിലുള്ള ലക്ഷണങ്ങളാകും ഉണ്ടാകുകയെന്നും സ്ത്രീകള്‍ക്ക് കൂടുതലായി അനുഭവപ്പെടുന്ന ലക്ഷണങ്ങളെന്നോ പുരുഷന്മാര്‍ക്ക് ഉണ്ടാകുന്ന ലക്ഷണങ്ങളെന്നോ ഇല്ലെന്ന് ബിഎച്ച്എഫ് വിശദീകരിക്കുന്നു.
ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ എന്ത് ചെയ്യണം
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടുകയാണ് ആദ്യം വേണ്ടത്. ചികിത്സ ലഭ്യമാകും വരെ വിശ്രമമെടുക്കണം. അനാവശ്യമായ ആശങ്കകള്‍ക്കോ സമ്മര്‍ദ്ദങ്ങള്‍ക്കോ കീഴ്‌പ്പെടരുത്. ആസ്പിരിന്‍ (മുതിര്‍ന്നവര്‍ക്കുള്ള 300 എംജി ഡോസ്) കൈവശമുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കില്ലെങ്കില്‍ വായിലിട്ട് പതുക്കെ ചവച്ച് വിഴുങ്ങാമെന്ന് ബിഎച്ച്എഫ് പറയുന്നു. രക്തത്തെ നേര്‍പ്പിക്കാനും ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താനും ഈ ഗുളിക സഹായിക്കും.
ഹൃദയാഘാതം ഒഴിവാക്കാന്‍ എന്തുചെയ്യാം
ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാം. പൂരിത കൊഴുപ്പും ട്രാന്‍സ് ഫാറ്റും സോഡിയവും കുറഞ്ഞ തോതില്‍ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ വേണം ഹൃദയാരോഗ്യത്തിനായി നാം തെരഞ്ഞെടുക്കേണ്ടതെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. ഇതിനായി പഴങ്ങളും പച്ചക്കറികളും ഫൈബര്‍ ധാരാളമായി അടങ്ങിയ ധാന്യങ്ങളും, മത്സ്യവും (ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയവ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും) പരിപ്പുകളും, പയറും വിത്തുകളും ധാരാളം കഴിക്കണം. ചില നേരങ്ങളിലെങ്കിലും മാംസാഹരം പൂര്‍ണമായി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും എഎച്ച്എ പറയുന്നു. പഞ്ചസാരയും മധുര പാനീയങ്ങളും റെഡ് മീറ്റും പരമാവധി ഒഴിവാക്കണം.
ഫിസിക്കലി ആക്ടീവ് ആയി ഇരിക്കുകയെന്നതാണ് ഹൃദയാഘാതം വരാതിരിക്കാനുള്ള മറ്റൊരു പ്രധാന വഴി. ഊര്‍ജസ്വലരായിരിക്കുകയും ദിവസവും വ്യായാമം ചെയ്യുകയും വഴി രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അങ്ങനെ ഹൃദയത്തിന്റെയും രക്തക്കുഴലുകളുകളുടെയും ക്ഷമതയോടെ നിലനിര്‍ത്താനും സാധിക്കും. സ്ഥിരമായ വ്യായാമം അമിത വണ്ണം ഇല്ലാതാക്കാനും നമ്മെ സഹായിക്കും.