December 26, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയിലെ ആതുര സേവന മേഖലയുടെ മൂല്യം 2022ഓടെ 372 ബില്യണ്‍ ഡോളറിലെത്തും: നീതി ആയോഗ്

1 min read

2016 മുതല്‍ 22 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചയാണ് രാജ്യത്തെ ആതുരസേവന മേഖല പ്രകടമാക്കുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആതുര സേവന മേഖലയില്‍ 2016ന് ശേഷം 22 ശതമാനത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ചയുണ്ടെന്നും ഇതേ രീതിയിലുള്ള വളര്‍ച്ച തുടരുകയാണെങ്കില്‍ 2022ഓടെ മേഖലയുടെ മൂല്യം 372 ബില്യണ്‍ ഡോളറിലെത്തുമെന്നും നീതി ആയോഗ് റിപ്പോര്‍ട്ട്. വരുമാനത്തിലും തൊഴില്‍നിരക്കിലും ഇന്ത്യന്‍ സമ്പദ്ഘടനയിലെ ഏറ്റവും വലിയ മേഖലകളിലൊന്നായി ആരോഗ്യ സേവന രംഗം മാറിയതായി നീതി ആയോഗിലെ ആരോഗ്യവിഭാഗം പ്രതിനിധി വി കെ പോളും സിഇഒ അമിതാഭ് കാന്തും അഡീഷണല്‍ സെക്രട്ടറി രാകേഷ് സര്‍വാളും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് നിരീക്ഷിച്ചു.

ആശുപത്രികള്‍, വൈദ്യോപകരണങ്ങള്‍, സാമഗ്രികള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ടെലിമെഡിസിന്‍, വീട്ടിനുള്ളിലെ ആരോഗ്യസംരക്ഷണം, ആരോഗ്യമൂല്യത്തോടെയുള്ള യാത്ര തുടങ്ങി രാജ്യത്തെ ആരോഗ്യസേവന രംഗത്തെ വിവിധ മേഖലകളിലുള്ള നിക്ഷേപ അവസരങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. പ്രായമായവര്‍, ഇടത്തരം വിഭാഗങ്ങള്‍, ജീവിതശൈലി രോഗങ്ങളിലെ വര്‍ധന, പൊതു, സ്വകാര്യ പങ്കാളിത്തങ്ങള്‍ക്കുള്ള ഊന്നല്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ ഉപയോഗം അടക്കം നിരവധി ഘടകങ്ങള്‍ ഇന്ത്യയിലെ ആരോഗ്യ സേവന മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമായതായി റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ അമിതാഭ് കാന്ത് എഴുതി. കോവിഡ്-19 പകര്‍ച്ചവ്യാധി വെല്ലുവിളികള്‍ മാത്രമല്ല വളര്‍ച്ചയ്ക്കുള്ള നിരവധി അവസരങ്ങളും ഇന്ത്യയ്ക്ക് സമ്മാനിച്ചുവെന്നും ഇത്തരത്തിലുള്ള എല്ലാ ഘടകങ്ങളും രാജ്യത്തെ ആരോഗ്യസേവന മേഖലയെ നിക്ഷേപസൗഹൃദമാക്കി മാറ്റിയെന്നും അദ്ദേഹം നിരീക്ഷിച്ചു.

  നാസ സ്പേസ് ആപ്സ് ചലഞ്ച്: നേട്ടവുമായി കേരള സ്റ്റാർട്ടപ്പുകൾ

ഇന്ത്യയിലെ ആതുരസേവന മേഖലയെ കുറിച്ചുള്ള മൊത്തത്തിലുള്ള കാഴ്ചപ്പാടാണ് റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗത്തിലുള്ളത്. തൊഴില്‍ നല്‍കാനുള്ള മേഖലയുടെ ശേഷിയും ആതുരസേവന രംഗത്ത് നിലവിലുള്ള ബിസിനസ്, നിക്ഷേപ അന്തരീക്ഷവും നയങ്ങളുമെല്ലാം ഇവിടെ ചര്‍ച്ചയാകുന്നുണ്ട്. ആരോഗ്യ സേവന മേഖലയുടെ വളര്‍ച്ച നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളെ കുറിച്ചാണ് രണ്ടാമത്തെ ഭാഗം ചര്‍ച്ച ചെയ്യുന്നത്. ആശുപത്രികള്‍, അടിസ്ഥാന സൗകര്യം, ആരോഗ്യ ഇന്‍ഷുറന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോടെക്‌നോളജി, വൈദ്യോപകരണങ്ങള്‍, മെഡിക്കല്‍ ടൂറിസം, ഹോം ഹെല്‍ത്ത്‌കെയര്‍, ടെലിമെഡിസിന്‍, സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന മറ്റ് ആരോഗ്യ സേവനങ്ങള്‍ തുടങ്ങി പ്രധാനപ്പെട്ട ഏഴ് മേഖലകളിലെ നിക്ഷേപ അവസരങ്ങളും അതിന് അനുകൂലമായി നയങ്ങളില്‍ വരുത്തേണ്ട മാറ്റവുമാണ് മൂന്നാമത്തെ ഭാഗം ചര്‍ച്ച ചെയ്യുന്നത്.

  ടാറ്റ എഐഎ മൾട്ടികാപ് ഓപ്പർച്ചുനിറ്റീസ് ഫണ്ട്

ആശുപത്രി രംഗത്ത്, മെട്രോപൊളിറ്റന്‍ നഗരങ്ങളെ കൂടാതെ രണ്ടാംകിട, മൂന്നാംകിട മേഖലകളിലേക്കും സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഔഷധ നിര്‍മാണ രംഗത്ത് തദ്ദേശീയമായി മരുന്ന് നിര്‍മാണം ശക്തിപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിച്ചു. ആത്മനിര്‍ഭര്‍ ഭാരത് ഉദ്യമത്തിന്റെ ഭാഗമായുള്ള ഇളവുകള്‍ ലഭ്യമാക്കി ഔഷധനിര്‍മാണത്തിന് സര്‍ക്കാര്‍ പിന്തുണ ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. വൈദ്യോപകരണ, സാമഗ്രികളുടെ മേഖലയില്‍ രോഗനിര്‍ണയ, പാത്തോളജി സെന്ററുകള്‍ക്കും മിനിയേച്ചര്‍ രീതിയിലുള്ള രോഗനിര്‍ണയ സംവിധാനങ്ങള്‍ക്കുമാണ് ഇന്ത്യയില്‍ ഏറ്റവുമധികം വളര്‍ച്ച സാധ്യതയുള്ളത്.

  അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനം 2026 ജനുവരി 6 മുതല്‍

ആയുര്‍വേദമടക്കം പലതരത്തിലുള്ള വൈദ്യശാസ്ത്ര മേഖലകളില്‍ ഇന്ത്യയ്ക്കുള്ള ശക്തി കണക്കിലെടുക്കുമ്പോള്‍ ആരോഗ്യക്ഷേമ ടൂറിസമുള്‍പ്പടെ മെഡിക്കല്‍ വാല്യൂ ട്രാവലിലും ഇന്ത്യയില്‍ വളരെയധികം സാധ്യതകളുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, വേയറബിള്‍സ്, മറ് മൊബീല്‍ സാങ്കേതിക വിദ്യകളും ഇന്റെര്‍നെറ്റ് ഓഫ് തിങ്‌സും നിരവധി നിക്ഷേപ അവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

Maintained By : Studio3