നെറ്റ്ഫ്ളിക്സ് ഇന്ത്യ ‘ടേക്ക് ടെന്‍’
കൊച്ചി: ഇന്ത്യയിലെ വിവിധ പശ്ചാത്തലങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ കണ്ടെത്താനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ട് ഷോര്‍ട്ട്ഫിലിം ശില്‍പ്പശാലയും മത്സരവുമായ ‘ടേക്ക് ടെന്’ നെറ്റ്ഫ്ളിക്സ് ഇന്ത്യ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി പത്ത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഈ രംഗത്തെ ഏറ്റവും മികച്ച ശില്‍പ്പശാലയില്‍ പങ്കെടുക്കാനും, 10,000 ഡോളര്‍ ഗ്രാന്‍റ് ഉപയോഗിച്ച് സമ്പൂര്‍ണ ധനസഹായത്തോടെ ഒരു ഹ്രസ്വചിത്രം നിര്‍മിക്കാനും നെറ്റ്ഫ്ളിക്സ് ഇന്ത്യ അവസരമൊരുക്കും. ഈ സിനിമകള്‍ നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിക്കും.
ഇന്ത്യന്‍ പൗരന്‍മാരായ, അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന 18 വയസിന് മുകളിലുള്ള ആര്‍ക്കും ടേക്ക് ടെന്നിലേക്ക് അപേക്ഷിക്കാം. www.taketen.in എന്ന വെബ്സൈറ്റിലൂടെ 2022 ഫെബ്രുവരി 7ന് രജിസ്ട്രേഷന്‍ ആരംഭിക്കും. അപേക്ഷകര്‍ മൈ ഇന്ത്യ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച രണ്ട് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഒരു ഫിലിം സമര്‍പ്പിക്കണം.