നേപ്പാളില്‍ ഡ്യൂബയെ പ്രധാനമന്ത്രിയാക്കി സുപ്രീകോടതി
1 min readകാഠ്മണ്ഡു: നാടകീയമായ നീക്കത്തില്‍ നേപ്പാള്‍ സുപ്രീം കോടതി തിങ്കളാഴ്ച പ്രധാനമന്ത്രി കെ.പി. ഒലിയുടെ പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള തീരുമാനം റദ്ദാക്കി. കൂടാതെ പാര്‍ലമെന്‍റ് പുനഃസ്ഥാപിക്കാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്‍റ് ഷേര്‍ ബഹാദൂര്‍ ദ്യൂബയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാന്‍ പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരിയോട് കോടതി നിര്‍ദേശിച്ചു.ഒലിയുടെ ശുപാര്‍ശ പ്രകാരം ജനപ്രതിനിധിസഭ പിരിച്ചുവിടാനുള്ള പ്രസിഡന്‍റ് ഭണ്ഡാരിയുടെ തീരുമാനം ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷുംഷര്‍ റാണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. മെയ് 24 ന് തെരഞ്ഞെടുപ്പ് വേളയില്‍ ഭൂരിപക്ഷം നേടിയ ഡ്യൂബയെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാനും ജൂലൈ 18 ന് സഭയുടെ പുതിയ സമ്മേളനം വിളിക്കാനും കോടതി ഉത്തരവിട്ടു.
പ്രധാനമന്ത്രി ഒലി മെയ് 21 ന് സഭ പിരിച്ചുവിട്ട് നവംബര്‍ 12, 19 തീയതികളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒലിയുടെ ഭരണകാലത്ത് സഭ പുനഃസ്ഥാപിക്കുന്നതിനെ അനുകൂലിച്ച് സുപ്രീം കോടതി തീരുമാനമെടുക്കുന്നത്. നേരത്തെ 2020 ഡിസംബര്‍ 20 നും ഒലി സഭ പിരിച്ചുവിട്ടിരുന്നു. സുപ്രീം കോടതി 2021 ഫെബ്രുവരി 25 ന് ഇത് പുനഃസ്ഥാപിച്ചു. ഒലിയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-യുഎംഎല്ലിന് പുറമെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും തിങ്കളാഴ്ചത്തെ തീരുമാനത്തെ സ്വാഗതം ചെയ്തു.
മെയ് 10 ന് വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി ഒലിയെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 76 (3) അനുസരിച്ച് സഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നിയമിച്ചു. ആര്‍ട്ടിക്കിള്‍ 76 (4) അനുസരിച്ച് പാര്‍ലമെന്‍റില്‍ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് ഒലി തീരുമാനിക്കുകയും ആര്‍ട്ടിക്കിള്‍ 75 (5) അനുസരിച്ച് പുതിയ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ പ്രസിഡന്‍റ് ഭണ്ഡാരിക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. മെയ് 20 ന് പ്രസിഡന്‍റ് ഭണ്ഡാരി സഭയിലെ അംഗങ്ങളോട് പുതിയ സര്‍ക്കാരിനായി അവകാശവാദം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടു. ഡ്യൂബയും ഒലിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചു.
146 നിയമസഭാംഗങ്ങളുടെ പിന്തുണയുണ്ടെന്ന് ഡ്യൂബ അവകാശപ്പെട്ടപ്പോള്‍ തനിക്ക് 153മാരുടെ പിന്തുണയുണ്ടെന്ന് ഒലിയും അവകാശപ്പെട്ടു.മന്ത്രിസഭാ യോഗത്തിന്‍റെ ശുപാര്‍ശ പ്രകാരം പ്രസിഡന്‍റ് ഭണ്ഡാരി മേയ് 22 ന് സഭയെ പിരിച്ചുവിട്ടു.തുടര്‍ന്ന് സഭ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഡസനിലധികം റിട്ട് ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്.