നാര്‍ക്കോ തീവ്രവാദം: രാജസ്ഥാന്‍ പുതിയ താവളമാകുന്നുവെന്ന് ബിഎസ്എഫ്
1 min readപിന്നില്‍ പാക്കിസ്ഥാനെന്ന് സംശയം
ന്യൂഡെല്‍ഹി: രാജസ്ഥാന്‍വഴി മയക്കുമരുന്ന് തീവ്രവാദം വളര്‍ത്തുകയാണ് പാക്കിസ്ഥാനെന്ന് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) പറയുന്നു. അടുത്തിടെ രാജസ്ഥാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ബിക്കാനീര്‍ സെക്ടറില്‍നിന്ന് സേന 56 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിനോടനുബന്ധിച്ച് രണ്ടുപേരെ പിടികൂടുകയും ചെയ്തു. ഈ അതിര്‍ത്തികടത്തിയ മയക്കുമരുന്ന് വ്യാപാരത്തില്‍ പാക്കിസ്ഥാന്‍ റേഞ്ചേഴ്സിന്‍റെ പങ്ക് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
മരുഭൂമിയിലെ നാര്‍ക്കോ ഭീകരതയ്ക്ക് വഴിയൊരുക്കാന്‍ അയല്‍ രാജ്യം ശ്രമിക്കുകയായണെന്നും ബിഎസ്എഫ് അഭിപ്രായപ്പെടുന്നു. പാക്കിസ്ഥാന്‍ സമാനമായ മാതൃക പഞ്ചാബില്‍ സ്വീകരിച്ച് വിജയം കണ്ടിരുന്നു. അറസ്റ്റുചെയ്യപ്പെട്ട രണ്ടുപേരെ ചോദ്യം ചെയ്തതില്‍നിന്നാണ് കള്ളക്കടത്തിനു പിന്നില്‍ പാക് ബന്ധം ഉള്ളകാര്യം പുറത്തുവന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരുവരെയും റിമാന്‍ഡുചെയ്തു.
‘ഇക്കാര്യം എന്‍സിബിയുടെ അന്വേഷണത്തിലാണ്. ഞങ്ങള്‍ക്ക് ഇപ്പോള്‍ അത് കൃത്യമായി പറയാന്‍ കഴിയില്ല, പക്ഷേ ഈ മയക്കുമരുന്ന് പിടിച്ചെടുത്ത സ്ഥലത്ത് നിന്ന് അമ്പത് മീറ്റര്‍ അകലെ ഒരു പാക്കിസ്ഥാന്‍ പോസ്റ്റ് ഉണ്ട്. സൈനികര്‍ ഇവിടെ മുഴുവന്‍ സമയവും നിലയുറപ്പിച്ചിട്ടുണ്ട്. ഇത് റേഞ്ചേഴ്സിന്‍റെ അറിവിലായിരിക്കണമെന്ന് ഇത് സൂചിപ്പിക്കുന്നു, “ഇതേക്കുറിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. കേസ് വളരെ ഗുരുതര സ്വഭാവമുള്ളതാണ്. അതിനാല്‍ ഈ കേസില്‍ ഉള്‍പ്പെട്ട അവസാന വ്യക്തിയിലെത്താന്‍ ആവശ്യമെങ്കില്‍ ഇന്‍റര്‍പോള്‍ സഹായവും തേടുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, ഇക്കാര്യം അന്വേഷിക്കാന്‍ എന്‍സിബി ടീം സൈറ്റില്‍ എത്തിയിരുന്നു. എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജ്ഞാനേശ്വര്‍ സിംഗ് ബിഎസ്എഫ് ഓഫീസിലെത്തി രണ്ട് പ്രതികളില്‍ നിന്നും പിടിച്ചെടുത്ത തെളിവുകള്‍ പരിശോധിച്ചു. അതിനുശേഷം ബി.എസ്.എഫ് ഡി.ഐ.ജി പുഷ്പേന്ദ്ര സിംഗ് റാത്തോഡും സംയുക്ത പത്രസമ്മേളനം വിളിച്ചു. ഈ ശൃംഖലയിലെ അവസാന വ്യക്തിലെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഇരുവരും പറഞ്ഞു. ദക്ഷിണേഷ്യയിലെ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളെ സൂചിപ്പിക്കുന്ന ‘ഗോള്‍ഡന്‍ ക്രസന്‍റിനും’ ഗോള്‍ഡന്‍ ട്രയാംഗിളിനും ഇടയിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നതെന്നും രണ്ടാമത്തേത് തായ്ലന്‍ഡ്, ലാവോസ്, മ്യാന്‍മര്‍ എന്നിവയുടെ അതിര്‍ത്തിയാണെന്നും ജ്ഞാനേശ്വര്‍ സിംഗ് പറഞ്ഞു.
ഹെറോയിന്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് മയക്കുമരുന്ന് കടത്ത് സാധാരണയായി പാക്കിസ്ഥാനിലേക്കും അവിടെനിന്നും ഇന്ത്യയിലേക്കും എത്തുന്നു. ഇന്ത്യ ഒരു പ്രധാന ട്രാന്‍സിറ്റ് പോയിന്‍റാണ്. രാജ്യാന്തര അതിര്‍ത്തിയില്‍ രാജസ്ഥാന്‍ അതിര്‍ത്തിക്കടുത്ത് നിന്ന് ഇത്തരമൊരു ചരക്ക് ഇതുവരെ ലഭിക്കാത്തതിനാല്‍ ഈ മയക്കുമരുന്നുവേട്ട ഏറെ പ്രധാനപ്പെട്ടതാണ്. സംഘത്തെ തുറന്നുകാട്ടാന്‍ പ്രധാന വിതരണക്കാരെയും സ്വീകര്‍ത്താക്കളെയും കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു.നിലവില്‍ ഈ കേസിലെ ലിങ്കുകള്‍ പഞ്ചാബുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.