മുത്തൂറ്റ് ഫിനാന്‍സിന് 2,046 കോടി രൂപയുടെ അറ്റാദായം

കൊച്ചി: മുത്തൂറ്റ് ഫിനാന്സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ 2,046 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1079 കോടി രൂപയെ അപേക്ഷിച്ച് 90 ശതമാനം വര്‍ധനവാണിത്. മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ 37 ശതമാനം വാര്‍ഷിക വര്‍ധനവോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,33,938 കോടി രൂപയിലെത്തിയെന്ന് 2025 ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സംയോജിത ലാഭം എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,974 കോടി രൂപയിലുമെത്തി. 65 ശതമാനം വാര്‍ഷിക വര്‍ധനവാണിതു സൂചിപ്പിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം വായ്പകള്‍ 1,20,031 കോടി രൂപയിലുമെത്തിയിട്ടുണ്ട്. എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയില്‍ 42 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്. സ്വര്‍ണ പണയ വായ്പകളുടെ കാര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ 40 ശതമാനം നേട്ടമാണു കൈവരിച്ചിട്ടുള്ളത്. ഇതോടെ 1,13,194 കോടി രൂപയെന്ന നേട്ടവും കൈവരിക്കാനായി എന്ന് 2025 മാര്‍ച്ച് 31-ലെ കണക്കുകളും സൂചിപ്പിക്കുന്നു. മുത്തൂറ്റ് ഫിനാന്‍സിന്‍റെ വിപണി മൂല്യം ഒരു ട്രില്യണ്‍ രൂപ കടന്നതാണ് മറ്റൊരു നിര്‍ണായക നേട്ടം. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ ഗ്രൂപ്പ് 22 പുതിയ ബ്രാഞ്ചുകളും ആരംഭിച്ചു. സംയോജിത വായ്പകളുടെ കാര്യത്തില്‍ ശക്തമായ ചുവടുവെപ്പുകളോടെയാണ് മുത്തൂറ്റ് ഫിനാന്സ് നടപ്പു സാമ്പത്തിക വര്‍ഷത്തിനു തുടക്കം കുറിച്ചതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. സംയോജിത വായ്പാ ആസ്തികളുട കാര്യത്തില്‍ 37 ശതമാനമെന്ന മികച്ച വളര്‍ച്ചയാണിതു കാണിക്കുന്നത്. വേഗതയേറിയ സുഗമമായ രീതിയില്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ തങ്ങള്‍ ഡിജിറ്റല്‍ രീതികളിലേക്കുള്ള മാറ്റങ്ങള്‍ ശക്തമാക്കുകയാണെന്നും സാങ്കേതികവിദ്യാ രംഗത്തും പുതുമകള്‍ അവതരിപ്പിക്കുന്ന രംഗത്തും നടത്തുന്ന തന്ത്രപരമായ നിക്ഷേപങ്ങള്‍ പ്രവര്‍ത്തന രംഗത്തെ കാര്യക്ഷമത വര്‍ധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വായ്പകള്‍ വിതരണം ചെയ്യുന്നതിലും പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും ആരോഗ്യകരമായ മാര്‍ജിന്‍ നിലനിര്‍ത്തുന്നതിലും തങ്ങള്‍ നടത്തുന്ന ശ്രദ്ധയില്‍ ഊന്നിയുള്ള ദീര്‍ഘകാല തന്ത്രത്തിന്‍റെ സാക്ഷ്യപത്രമാണ് ഈ വളര്‍ച്ചയെന്ന് പ്രവര്‍ത്തന ഫലങ്ങളെ കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. സ്വര്‍ണ പണയ രംഗത്തെ തങ്ങളുടെ മേല്‍ക്കോയ്മ കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഈ പ്രവര്‍ത്തന ഫലങ്ങള്‍. രാജ്യവ്യാപകമായുള്ള ബ്രാഞ്ച് ശൃംഖലകള്‍, ശക്തമായ ബ്രാന്‍ഡ് മൂല്യം, ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം തുടങ്ങിയവ തങ്ങള്‍ക്കു പിന്തുണയായി. സ്വര്‍ണ പണയ സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റലാക്കാനുള്ള നീക്കങ്ങള്‍ തങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെന്നും തങ്ങളുടെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ ഇപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച അനുഭവങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.