എന്‍സിഡി വഴി 700 കോടി രൂപ സമാഹരിക്കാൻ മുത്തൂറ്റ് ഫിനാന്‍സ്
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്‍റെ സെക്യേര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) 32-ാമത് ഇഷ്യൂ ആരംഭിച്ചു. ഒക്ടോബര്‍ 6ന് അവസാനിക്കുന്ന ഇഷ്യൂവിലൂടെ 700 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഐസിആര്‍എയുടെ എഎപ്ലസ് (സ്റ്റേബിള്‍) റേറ്റിങ് ഉള്ളതാണ് ഇഷ്യൂ. 1,000 രൂപയാണ് എന്‍സിഡികളുടെ മുഖവില. 100 കോടി രൂപയാണ് ഇഷ്യൂവിന്‍റെ അടിസ്ഥാന സമാഹരണം. ഇതിനു പുറമെ 600 കോടി രൂപ വരെ ഓവര്‍സബ്സ്ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനുമുണ്ട്. പലിശ പ്രതിമാസ, വാര്‍ഷിക തവണകളില്‍ ലഭിക്കുന്ന വിധത്തില്‍ ഏഴ് നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവസരമുണ്ട്. 8.75 ശതമാനം മുതല്‍ 9.00 ശതമാനം വരെ പലിശ നിരക്കാണ് വ്യക്തിഗത, കോര്‍പറേറ്റ് നിക്ഷേപകര്‍ക്കു ലഭിക്കുക.
തങ്ങളുടെ എന്‍സിഡികളുടെ ഈ 32-ാമത് ഇഷ്യൂവില്‍ പലിശ നിരക്ക് 0.50 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. മറ്റു നിക്ഷേപ സാധ്യതകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആകര്‍ഷക നിക്ഷേപ തെരഞ്ഞെടുപ്പാണ് തങ്ങളുടെ എന്‍സിഡി. ചെറുകിട വ്യക്തിഗത നിക്ഷേപകര്‍ക്ക് സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ബാധകമായതിനേക്കാള്‍ ഒരു ശതമാനം കൂടുതല്‍ പലിശ നിരക്കു ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.