മുത്തൂറ്റ് ഫിനാന്‍സിന് 4391 കോടി രൂപയുടെ അറ്റാദായം

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആദ്യ പകുതിയില്‍ 4391 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 2330 കോടി രൂപയെ അപേക്ഷിച്ചു 88 ശതമാനം വര്‍ധനവാണ് കമ്പനി കൈവരിച്ചിട്ടുള്ളത്. മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ ആസ്തികള്‍ 42 ശതമാനം വാര്‍ഷിക വര്‍ദ്ധനവോടെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലായ 1,47,673 കോടി രൂപയിലെത്തി. സംയോജിത ലാഭം എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലായ 4,386 കോടി രൂപയിലെത്തി. 74 ശതമാനം വാര്‍ഷിക വര്‍ധനവാണിത് സൂചിപ്പിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം വായ്പകള്‍ 1,32,305 കോടി രൂപയിലെത്തിയിട്ടുണ്ട്. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലുള്ള 47 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. സ്വര്‍ണ്ണ പണയ വായ്പകളുടെ കാര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായ 45 ശതമാനം കമ്പനി കൈവരിച്ചു. ഇതോടെ സ്വര്‍ണ്ണ പണയ വായ്പകള്‍ 1,24,918 കോടി രൂപയെന്ന നേട്ടവും കൈവരിച്ചതായി 2025 സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ദ്ധവാര്‍ഷിക കണക്കുകള്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ കമ്പനി പുതിയതായി 133 ശാഖകള്‍ തുറന്നു. ഈ കാലയളവില്‍ 8,90,920 പുതിയ ഇടപാടുകാര്‍ക്കായി കമ്പനി 13,183 കോടി രൂപ വിതരണം ചെയ്തു. കമ്പനി ലോക്കറുകളില്‍ ഈടായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണത്തിന്‍റെ അളവ് 209 ടണ്ണായി വര്‍ധിച്ചതായും 2025 സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ദ്ധവര്‍ഷിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ നേട്ടങ്ങള്‍ തങ്ങളുടെ ജീവനക്കാരുടെ സമര്‍പ്പണത്തിന്‍റെയും, വിലമതിക്കാനാകാത്ത ഉപഭോക്താക്കളുടെ അചഞ്ചലമായ വിശ്വാസത്തിന്‍റെയും തെളിവാണ്. നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ സവിശേഷമായ ബ്രാന്‍ഡും ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും സ്വര്‍ണ്ണ വായ്പയില്‍ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് വായ്പക്കാര്‍ക്ക് സേവനം നല്‍കാന്‍ തങ്ങളെ പ്രാപ്തരാക്കുന്നുവെന്ന് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വേഗത്തിലും തടസ്സങ്ങളില്ലാതെയും വായ്പ ലഭ്യമാക്കുന്നതിനായി തങ്ങള്‍ ഡിജിറ്റല്‍ പ്രക്രിയ വേഗത്തിലാക്കുകയാണ്. വിപുലീകരിച്ച ബ്രാഞ്ച് ശൃംഖല, വിശ്വസ്തമായ ബ്രാന്‍ഡ്, സാങ്കേതികവിദ്യയിലും നവീകരണത്തിലും തുടര്‍ച്ചയായ നിക്ഷേപം എന്നിവയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷവും വരും വര്‍ഷങ്ങളിലും സ്ഥിരതയാര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ മികച്ച നിലയിലാണ് മുത്തൂറ്റ് ഫിനാന്‍സെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
