November 7, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മൂന്ന് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ച് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി

1 min read

കൊച്ചി: ഇ-കൊമേഴ്സ്യല്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍) 3,00,000ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ച് ഈ രംഗത്ത് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒറിജിനല്‍ എക്യുപ്മെന്‍റ് മാനുഫാക്ചറര്‍ കൂടിയാണ് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ്. ഇതുവഴി ഇന്ത്യയിലെ മുന്‍നിര വാണിജ്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കളെന്ന സ്ഥാനം കമ്പനി ശക്തിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ 12 മാസങ്ങള്‍ക്കുള്ളില്‍ മാത്രം ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. മഹീന്ദ്ര വിറ്റഴിച്ച മൂന്ന് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ 5 ബില്യണ്‍ കിലോമീറ്ററിലധികം സഞ്ചരിച്ചു, 185 കിലോ മെട്രിക് ടണ്ണിലധികം കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്നത് തടയാനും സാധിച്ചു. 4.3 ദശലക്ഷത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് തുല്യമായ പാരിസ്ഥിതിക സ്വാധീനമാണ് ഇതിലൂടെ മഹീന്ദ്ര ഉണ്ടാക്കിയത്. ട്രിയോ റേഞ്ച്, സോര്‍ ഗ്രാന്‍ഡ്, ഇ-ആല്‍ഫ 3-വീലറുകള്‍, മഹീന്ദ്ര സിയോ 4-വീലര്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വിപുലമായ ഇലക്ട്രിക് വാണിജ്യ വാഹന നിരയാണ് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നത്. തുടര്‍ച്ചയായ നവീകരണത്തിലൂടെയും ഉപഭോക്താക്കളുടെ പ്രതികരണം ഉള്‍ക്കൊണ്ടുകൊണ്ടും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുതിയതും മെച്ചപ്പെടുത്തിയതുമായ ഉത്പന്നങ്ങള്‍ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് പുറത്തിറക്കിയിരുന്നു. ട്രിയോ പ്ലസ് ഷീറ്റ് മെറ്റല്‍, ഇ-ആല്‍ഫ പ്ലസ്, സോര്‍ ഗ്രാന്‍ഡ് റേഞ്ച് പ്ലസ്, മഹീന്ദ്ര സിയോ എന്നിവ ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ എന്ന നാഴികക്കല്ലിന്‍റെ ഭാഗമായി ഡ്രൈവര്‍മാര്‍ക്ക് 20 ലക്ഷം ഡ്രൈവര്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും സാമ്പത്തിക കൗണ്‍സിലിങും പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്ന ഉദയ് നെക്സ്റ്റ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. 3 ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ നേട്ടം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഐഒഎസ്, ആന്‍ഡ്രോയിഡ്, വെബ് എന്നിവയില്‍ നവീകരിച്ച നെമോ പ്ലാറ്റ്ഫോം കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനാ നാഴികക്കല്ല് സുസ്ഥിര മൊബിലിറ്റിയിലേക്കുള്ള ഞങ്ങളുടെ യാത്രയിലെ അഭിമാനകരമായ നിമിഷമാണെന്ന് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമന്‍ മിശ്ര പറഞ്ഞു. ഞങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപഭോക്താക്കള്‍ അര്‍പ്പിക്കുന്ന വിശ്വാസ്യതയുടെയും ആത്മവിശ്വാസത്തിന്‍റെയും പ്രതിഫലനമാണിത്. നൂതനമായ ഉത്പന്നങ്ങളിലൂടെ, ഇലക്ട്രിക് മൊബിലിറ്റി എല്ലാവര്‍ക്കും പ്രായോഗികവും പ്രാപ്യവുമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത തുടര്‍ന്നും ശക്തിപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  ഫ്യൂച്ചർ കേരള ഇ-മാഗസിൻ വായിക്കാം
Maintained By : Studio3