പ്രമുഖ വ്യവസായികളുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്താൻ മന്ത്രി രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കേരളത്തെ സുപ്രധാന വ്യാവസായിക-വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രിയുമായി (സിഐഐ)സഹകരിച്ച് വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍ എന്നിവരുമായി വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ചെന്നൈയില്‍ വെച്ച് ആശയവിനിമയം നടത്തും. വ്യാഴാഴ്ച വൈകിട്ട് ആറിന് ചെന്നൈ വിമാനത്താവളത്തിന് സമീപമുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ബിടുജി യോഗവുമുണ്ടാകും. സംസ്ഥാന വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
കേരളത്തിന്‍റെ വ്യാവസായിക അന്തരീക്ഷത്തേയും ഇടത്തരം നിക്ഷേപകരേയും സംരംഭകരേയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെക്കുറിച്ചും സര്‍ക്കാരിന്‍റെ വ്യാവസായിക-വാണിജ്യ നയങ്ങളെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. എയ്റോസ്പേസ്, പ്രതിരോധം, നിര്‍മ്മിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ജീവശാസ്ത്രം, ഇലക്ട്രോണിക് വാഹനങ്ങള്‍, ഇലക്ട്രോണിക്സ് ഡിസൈനും ഉത്പാദനവും, ഭക്ഷ്യ സംസ്കരണം, വിവരസാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പല്‍നിര്‍മ്മാണം, മെഡിക്കല്‍ ഉപകരണങ്ങള്‍, പാക്കേജിംഗ്, ഗവേഷണ-വികസനം, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസുകള്‍, മാലിന്യ സംസ്കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ആശയവിനിമയം നടക്കുക.
നീതി ആയോഗിന്‍റെ എസ് ഡിജി ഇന്‍ഡക്സില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത് അടുത്തിടെയാണ്. കേരളത്തിലെ സാമൂഹിക പുരോഗതിയുടെയും ഭരണ മികവിന്‍റെയും തെളിവാണ് ഈ അംഗീകാരം. സര്‍ക്കാര്‍ പിന്തുണ ശക്തിപ്പെടുത്തിയതിലൂടെ എയ്റോസ്പേസ്, പ്രതിരോധം, ഭക്ഷ്യ സംസ്കരണം, വിവരസാങ്കേതിക വിദ്യ, ടൂറിസം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ മികച്ച നേട്ടം കൈവരിച്ചു. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് 2024 പ്രകാരം കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് 254% ആണ്. സംസ്ഥാനത്തെ കാര്യക്ഷമമായ ഓണ്‍ലൈന്‍ -ക്ലിയറന്‍സ് സംവിധാനങ്ങളും സാങ്കേതികവിദ്യയും ഭരണപ്രക്രിയകളിലെ കാര്യക്ഷമതയും പ്രയോജനപ്പെടുത്തി ബിസിനസ് വിപുലീകരിക്കാനും നിക്ഷേപം ആകര്‍ഷിക്കാനും സാധിക്കും. ബിസിനസ് സൗഹൃദ അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള സംസ്ഥാനത്തിന്‍റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നതും ശ്രദ്ധേയം.