മിനി അമിനിറ്റി സെന്‍റര്‍ രൂപകല്‍പ്പന; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം

Person using tablet
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരങ്ങളിലെ പാര്‍ക്കുകളില്‍ മിനി അമിനിറ്റി സെന്‍റര്‍ രൂപകല്‍പ്പന ചെയ്യുന്നതിനായി ടൂറിസം വകുപ്പുമായി സഹകരിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് (ഡിപിഐഐടി)യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ആശയപരമായ രൂപകല്‍പ്പന,ഈടുനില്‍ക്കുന്നതും സുസ്ഥിരവുമായ വസ്തുക്കളുടെ തിരഞ്ഞെടുപ്പ്), ചെലവ് എസ്റ്റിമേറ്റ്, സാങ്കേതിക വിശദാംശങ്ങള്‍, മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ തുടങ്ങിയവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. സന്ദര്‍ശകര്‍ക്ക് അനുയോജ്യവും സുസ്ഥിരവും ആയിരിക്കണം അമിനിറ്റി സെന്‍ററുകള്‍. സംസ്ഥാനത്തെ വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തി ടൂറിസം അനുഭവം വര്‍ധിപ്പിക്കുന്നതിനായി ഈ വര്‍ഷം ആദ്യം ടൂറിസം വകുപ്പ് കെഎസ് യുഎമ്മുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു. ടൂറിസം മേഖലയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് നൂതന സാങ്കേതിക പരിഹാരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പങ്കാളിത്തം ലക്ഷ്യമിടുന്നു. ടോയ് ലറ്റ് ബ്ലോക്ക്, കുടിവെള്ളം, ബേബി കെയര്‍-നഴ്സിംഗ് സ്റ്റേഷന്‍, വിശ്രമ സ്ഥലം, പ്രഥമശുശ്രൂഷാ സംവിധാനം, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്ക്, റീട്ടെയില്‍ ആന്‍ഡ് സുവനീര്‍ കൗണ്ടര്‍, സുസ്ഥിര മാലിന്യ സംസ്കരണം, സുരക്ഷ- നിരീക്ഷണം, പരിസ്ഥിതി സൗഹൃദ ഡിസൈന്‍, മിനി കഫേ, ഫുഡ് വെന്‍ഡിംഗ് മെഷീനുകള്‍, പരസ്യ ഡിസ്പ്ലേ ബോര്‍ഡുകള്‍ എന്നിവ മിനി അമിനിറ്റി സെന്‍ററില്‍ ഉണ്ടായിരിക്കണം. അമിനിറ്റി സെന്‍റര്‍ ഡിസൈനില്‍ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍, ജലസംരക്ഷണ ഉപകരണങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജ പരിഹാരങ്ങള്‍ തുടങ്ങി സുസ്ഥിരതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാലിക്കണം. ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളല്‍, ശുചിത്വ പരിപാലനം, തത്സമയ അറ്റകുറ്റപ്പണി മുന്നറിയിപ്പുകള്‍ എന്നിവയും പരിഗണിക്കേണ്ടതുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി: മേയ് 20. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ksum.in/Design_challenge