November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മ്യൂച്വല്‍ ഫണ്ടുകള്‍- സഞ്ചിത നിക്ഷേപ മാര്‍ഗ്ഗം

1 min read

  • മര്‍സ്ബാന്‍ ഇറാനി
    സിഐഒ – ഡെറ്റ്, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എഎംസി

വര്‍ധിച്ചുവരുന്ന ഡിജിറ്റലൈസേഷനും നിക്ഷേപം സംബന്ധിച്ച ധനപരമായ അവബോധവും കഴിഞ്ഞ ഒരു പതിറ്റാണ്ടായി യുവ നിക്ഷേപകര്‍ക്കിടയില്‍ മ്യൂച്വല്‍ ഫണ്ടിന് പ്രിയം വര്‍ധിപ്പിച്ചിട്ടുണ്ട്. ചെറു പട്ടണങ്ങളില്‍ ഉള്‍പ്പടെ രാജ്യമെമ്പാടും ഈ പ്രവണത നില നില്‍ക്കുന്നതിനാലാണ് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായ കൈകാര്യം ചെയ്യുന്ന ആസ്തി 2024 ജൂണ്‍ 30 ലെ കണക്കനുസരിച്ച് 61 ലക്ഷം കോടിയായി ഉയര്‍ന്നത്. മ്യൂച്വല്‍ ഫണ്ട് നടത്തിപ്പുകാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ ( AMFI )യുടെ പ്രതിമാസ കണക്കുകളനുസരിച്ച് 2014 മേയില്‍ ഇത് 10 ലക്ഷം കോടി മാത്രമായിരുന്നു. വളര്‍ച്ച മികച്ചതാണെങ്കിലും, മ്യൂച്വല്‍ ഫണ്ടുകളിലൂടെയുള്ള സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിന് നിക്ഷേപകര്‍ കൂറേക്കൂടി കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.

നിലവിലുള്ള ധന നയം മ്യൂച്വല്‍ ഫണ്ടുള്‍പ്പടെ വിപണിയുമായി ബന്ധപ്പെട്ട ലാഭം തരുന്ന സാമ്പത്തിക നിക്ഷേപത്തിന് അനുകൂലമാണ്. ഈയിടെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച 2024 ലെ ബജറ്റില്‍ നികുതി നിയമങ്ങള്‍ ലളിതമാക്കുകയും നിരക്കുകള്‍ യുക്തിസഹമാക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം സമ്പാദ്യത്തിന്റെ നിശ്ചിത ശതമാനം സാമ്പത്തിക നിക്ഷേപം എന്ന പ്രവണത വര്‍ധിക്കുകയാണ്. സാമ്പത്തിക ആസ്തികളില്‍ ദീര്‍ഘ കാല നിക്ഷേപം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഈ യാത്രയില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പങ്ക് വലുതാണ്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ പണം നിക്ഷേപിക്കുന്നത് ഓഹരികള്‍, കടപ്പത്രങ്ങള്‍, ഉല്‍പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നീ ആസ്തികളിലാണ്. വളര്‍ച്ചയും ഭദ്രതയും ഉറപ്പു നല്‍കുന്നതിനാല്‍ മിക്കവാറും പോര്‍്ടഫോളിയോകളുടെ പ്രധാന ഉള്ളടക്കം ഓഹരികളും കടപ്പത്രങ്ങളുമായിരിക്കും. ശക്തമായ സാമ്പത്തിക വളര്‍ച്ച, വര്‍ധിക്കുന്ന കോര്‍പറേറ്റ് ലാഭം, ആഭ്യന്തര നിക്ഷേപകരില്‍ നിന്നുള്ള കൂടിയ പങ്കാളിത്തം എന്നീ കാരണങ്ങളാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ഓഹരി വിപണി മികച്ച പ്രകടനം നടത്തി വരികയാണ്. വരും നാളുകളിലും ഈ വളര്‍ച്ച തുടരുമെന്നു തന്നെയാണ് കരുതുന്നത്. അന്തര്‍ദേശീയ നാണ്യ നിധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഘടനാപരമായ വളര്‍ച്ച അടുത്ത പതിറ്റാണ്ടില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും അതിന്റെ ഫലം ക്ഷമാശീലരായ നിക്ഷേപകര്‍ക്കു ലഭ്യമാവുകയും ചെയ്യും.

ഇക്വിറ്റി മികച്ച പ്രകടനം നടത്തുന്നു, അത് തുടരുകയും ചെയ്യും .എന്നാല്‍, കടപ്പത്ര നിക്ഷേപങ്ങളും അതു പോലെ ഗുണകരമാണ്. ബജറ്റില്‍ ഇന്ത്യാ ഗവമ്മെന്റ് ധനകമ്മി ഫലപ്രദമായി കൈകാര്യം ചെയ്തിട്ടുണ്ട്. 2025 സാമ്പത്തിക വര്‍ഷം ധനകമ്മി ഇടക്കാല ബജറ്റില്‍ കണക്കാക്കിയിരുന്ന 5.1 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമാക്കി കുറയ്ക്കാന്‍ കഴിഞ്ഞു. വിലക്കയറ്റം നേരിടാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ ശക്തമായ ധന സ്ഥിതി ഇന്ത്യന്‍ കടപ്പത്രങ്ങളിലേക്ക് വിദേശ പണം ആകര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്മെന്റിന്റെ കടപ്പത്രങ്ങള്‍ ഇപ്പോള്‍ വികസ്വര വിപണികളുടെ ജെ പി മോര്‍ഗന്‍ ഗവണ്മെന്റ് ബോണ്ട് സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ കടപ്പത്രങ്ങളിലേക്ക് പണം ഒഴുകുന്നതോടെ യീല്‍ഡ് അല്‍പം കൂടി മെച്ചമാകും. പലിശ നിരക്കുകളില്‍ പ്രതീക്ഷിക്കുന്ന കുറവ് കടപ്പത്ര ഫണ്ടുകള്‍ ആകര്‍ഷകമാക്കിത്തീര്‍ക്കുന്നു. നിക്ഷേപ കാലാവധിയും റിസ്‌ക് ക്ഷമതയും കണക്കിലെടുത്തു വേണം നിക്ഷേപകര്‍ കടപ്പത്രം തെരഞ്ഞെടുക്കാന്‍. ഒരു വര്‍ഷത്തേക്കു മാത്രം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മണി മാര്‍ക്കറ്റ് കടപ്പത്രത്തിന്റെ യൂണിറ്റുകളാണ് വാങ്ങേണ്ടത്. അതേ സമയം മൂന്നു വര്‍ഷം നിക്ഷേപ കാലാവധിയുള്ള ആള്‍ക്ക് ഇടക്കാല, ദീര്‍ഘകാല കടപ്പത്രങ്ങളാണ് അഭികാമ്യം.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

കടപ്പത്ര മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള ലാഭത്തിന് സ്ലാബ് നിരക്കനുസരിച്ച് നികുതി നല്‍കണം. യൂണിറ്റുകളുടെ വില്‍പനയ്ക്കനുസരിച്ചാണ് ടാക്‌സ് നിര്‍ണയിക്കപ്പെടുക. ദീര്‍ഘ കാല നിക്ഷേപകര്‍ക്ക് നികുതി കുറവായിരിക്കും. എന്നാല്‍ പരമ്പരാഗത സ്ഥിര നിക്ഷേപ ഫണ്ടുകളില്‍ പ്രതിവര്‍ഷാടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുക.

നികുതി ആനുകൂല്യം, കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ മാനേജ്‌മെന്റ് സേവനങ്ങള്‍ എന്നീ ആനുകൂല്യങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കുണ്ടെങ്കിലും പല യുവ നിക്ഷേപകരും സെക്യൂരിറ്റികളില്‍ നേരിട്ടു നിക്ഷേപിക്കാനാണിഷ്ടപ്പെടുന്നത്. സാങ്കേതിക വിദ്യയിലെ നിര്‍ണ്ണായക പരിഷ്‌കാരങ്ങള്‍ ധനകാര്യ വിപണിയേയും ജനാധിപത്യവല്‍ക്കരിച്ചിട്ടുണ്ട്. ചെറുകിട നിക്ഷേപകര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ നിക്ഷേപ പ്ലാറ്റ്‌ഫോമുകളില്‍ പങ്കെടുക്കാം. ആര്‍ബിഐയുടെ ചെറുകിട നിക്ഷേപകര്‍ക്കുള്ള റീട്ടെയില്‍ -ഡയറക്ട് പ്രകാരം വീട്ടിലിരുന്നു തന്നെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപം നടത്താം. പോര്‍ട്‌ഫോളിയോകള്‍ക്കായി വ്യത്യസ്ത ആപുകള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ റിസ്‌കുകള്‍ കാണാതെ പോവുകയാണ് ചെയ്യുന്നത്.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

നിക്ഷേപകര്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍, നിക്ഷേപിക്കും മുമ്പു തന്നെ റിസ്‌കെടുക്കാനുള്ള അവരവരുടെ കഴിവ് വിലയിരുത്തേണ്ടതുണ്ട്. വിവിധ ആസ്തി വര്‍ഗങ്ങളേയും നിക്ഷേപ അവസരങ്ങളെയും കുറിച്ചു മനസിലാക്കാന്‍ നിരവധി ഓണ്‍ലൈന്‍ സംവിധാനങ്ങളുണ്ട്. കൈയിലുള്ള മുഴുവന്‍ കാശുമായി നിക്ഷേപത്തിലേക്ക് എടുത്തു ചാടും മുമ്പ് ശ്രദ്ധയോടെ നീങ്ങുന്ന സമീപനമാണ് അവര്‍ക്കു നല്ലത്. നിക്ഷേപം സംബന്ധിച്ച ജോലികള്‍ സ്വയം ചെയ്യുന്ന നിക്ഷേപകന്‍ / നിക്ഷേപക ആദ്യം ചെയ്യേണ്ടത് ആസ്തി നിര്‍ണ്ണയമാണ്. മനസിലാക്കാന്‍ എളുപ്പമായ ഇന്‍ഡെക്‌സ് ഫണ്ടുകള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ എന്നിവയില്‍ ഏതെങ്കിലുമാണ് തുടക്കത്തിനു നല്ലത്. വിപണി ബലതന്ത്രം മനസിലാകുന്നതോടെ റിസ്‌കുള്ള ചെറുകിട, ഇടത്തരം ഫണ്ടുകള്‍ പരിഗണിക്കാം.

ഇനിയും സംശയങ്ങള്‍ അവശേഷിക്കുന്നവര്‍ക്ക് ഒരു ഇന്‍ഷുറന്‍സ് ഉപദേശകന്റെ ഉപദേശം തേടി ജീവിതം ലളിതമാക്കാവുന്നതാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഏറ്റവും നല്ലത് വ്യവസ്ഥിത നിക്ഷേപ പദ്ധതി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍ (SIP ) തുടങ്ങുന്നതാണ്.

 

Maintained By : Studio3