September 17, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 100 ലക്ഷം കോടി രൂപ കവിയും

1 min read
  • നിത്യാനന്ദ് പ്രഭു


– എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റ് ബിസിനസ് ഹെഡ്, എല്‍ഐസി മ്യൂച്വല്‍ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് 

ഓഹരി വിപണിയില്‍ ഇപ്പോഴുള്ള പ്രവണതകള്‍ നില നിന്നാല്‍ ,ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ താമസിയാതെ 100 ലക്ഷം കോടി രൂപ കവിയും. ഏതാനും വര്‍ഷങ്ങള്‍ക്കകം ഇരട്ടിയാവും വിധം ഇത്തരം വളര്‍ച്ച പെട്ടെന്നു സംഭവിക്കാമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ പറയുന്നത്. 2024 സാമ്പത്തിക വര്‍ഷം ആഭ്യന്തര ഫണ്ട് ഹൗസുകള്‍ കൈകകാര്യം ചെയ്യുന്ന ആസ്തികളില്‍ വന്‍ കുതിച്ചു ചാട്ടമാണുണ്ടായത്. 2023 സാമ്പത്തിക വര്‍ഷം 39.42 ലക്ഷം കോടി രൂപയായിരുന്നത് പോയ സാമ്പത്തിക വര്‍ഷം 53.40 ലക്ഷം കോടിയായി ഉയര്‍ന്നു. 35 ശതമാനമായിരുന്നു വര്‍ധന. ഈ വര്‍ഷം ഏപ്രില്‍ 30 ന് ഇത് 57.26 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

ഈ വളര്‍ച്ചയുടെ നാള്‍വഴികള്‍ പരിശോധിച്ചാല്‍, കൈകാര്യം ചെയ്യുന്ന ആസ്തിയുടെ വര്‍ധന ക്രമാതീതമാണെന്നു കാണാം. ആസ്തികളുടെ (AUM) വര്‍ധന 6 മടങ്ങാണ്. 2014 ഏപ്രിലിലെ 9.45 ലക്ഷം കോടിയില്‍ നിന്ന് 2024 ഏപ്രിലില്‍ എത്തിയപ്പോള്‍ 57.26 ലക്ഷം കോടിയായാണ് വളര്‍ന്നത്. കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10 ലക്ഷം കോടി എന്ന നിര്‍ണായക ഘട്ടം പിന്നിട്ടത് 2014 മെയ്് മാസത്തിലാണ്. മൂന്നു വര്‍ഷത്തിനകം 2017 ഓഗസ്റ്റില്‍ അത് ഇരട്ടിച്ച് 20 ലക്ഷം കോടി രൂപയിലെത്തി. വീണ്ടും 3 വര്‍ഷം കഴിഞ്ഞപ്പോള്‍, 2020 നവംബറില്‍ അത് 30 ലക്ഷം കോടിയാവുകയും നാലു വര്‍ഷം തികയും മുമ്പേ 57.26 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തു. ഏപ്രില്‍ 30 ലെ കണക്കനുസരിച്ച് മ്യൂച്വല്‍ ഫണ്ട് ഫോളിയോകളുടെ മൊത്തം എണ്ണം 18.15 കോടിയാണ്. എസ്‌ഐപി യിലുള്ള നിക്ഷേപകരുടെ താല്‍പര്യം വര്‍ധിച്ചുകൊണ്ടി രിക്കയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ പ്രതിമാസം എസ്‌ഐപി വരവ് 19,300 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ 1.55 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2024 സാമ്പത്തിക വര്‍ഷം മാര്‍ച്ചു മാസത്തില്‍ എസ്‌ഐപിയിലൂടെയുള്ള മൊത്തം വരവ് 1.99 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോള്‍, ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളിലെ 8.70 കോടി എസ്‌ഐപി അക്കൗണ്ടുകളിലൂടെ നിക്ഷേപകര്‍ സ്ഥിരമായി മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകളില്‍ പണമടയ്ക്കുന്നുണ്ട്.

കൈകാര്യം ചെയ്യുന്ന ആസ്തികള്‍ വളരാന്‍ പ്രധാന കാരണം ഓഹരി വിപണിയിലെ ബുള്‍ തരംഗമാണ് . വിപണിയിലെ കുതിപ്പില്‍ നിന്ന് ലാഭമുണ്ടാക്കുന്നതിനായി മൂലധന വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന് ആഭ്യന്തര രംഗത്തുള്ളവര്‍ മ്യൂച്വല്‍ഫണ്ട് പദ്ധതികളില്‍ ചേരാന്‍ തിക്കിത്തിരക്കുകയാണ്. മ്യൂച്വല്‍ ഫണ്ടിലെ മൂന്നു പ്രധാന വിഭാഗങ്ങളായ ഇക്വിറ്റി, ഹൈബ്രിഡ്, പരിഹാരാധിഷ്ഠിത പദ്ധതികള്‍ എന്നിവയാണ് ഈ വളര്‍ച്ചയെ നയിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇവയെല്ലാം ചേര്‍ന്നുള്ള ആസ്തി 58 ശതമാനമായിരുന്നു. ദീര്‍ഘവീക്ഷണമുള്ള നിക്ഷേപകരെ സംബന്ധിച്ചേടത്തോളം, മ്യൂച്വല്‍ ഫണ്ടിന്റെ സങ്കീര്‍ണ്ണ പരിസ്ഥിതികളിലൂടെ മുന്നേറുന്നതിന് വ്യത്യസ്ത ആസ്തി വര്‍ഗങ്ങളുടേയും ഫണ്ടുകളുടേയും പോയ വര്‍ഷങ്ങളിലെ പ്രകടനം വിലയിരുത്തേണ്ടത് വളരെ പ്രധാനമാണ്. എഎംഎഫ്‌ഐ കണക്കുകളനുസരിച്ച് , 2024 സാമ്പത്തിക വര്‍ഷം വഴികാട്ടികളായത് ഇക്വിറ്റി അധിഷ്ഠിത പദ്ധതികളാണ്. ശക്തമായ ധനാഗമവും മാര്‍്ക്് ടു മാര്‍ക്കറ്റ്് (MTM) ലാഭവുമായി അവ 55 ശതമാനം വളര്‍ച്ചയോടെ 23.50 ലക്ഷം കോടി രൂപയിലെത്തി. ഈ വിഭാഗം 2023 സാമ്പത്തിക വര്‍ഷത്തെ 1.47 ലക്ഷം കോടി രൂപയില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.84 ലക്ഷം കോടി രൂപയിലേക്കു വളര്‍ന്നു. ഇക്വിറ്റി വാല്യുവേഷനില്‍ കുത്തനെയുണ്ടായ വളര്‍ച്ചയെത്തുടര്‍ന്ന് കൂടിയ MTM നേട്ടങ്ങളുമുണ്ടായി.

2024 മാര്‍ച്ചിലെ വിവരങ്ങളനുസരിച്ച് 3.50 ലക്ഷം കോടി രൂപയുടെ AUM മായി ഫ്്‌ളെക്‌സി കാപ് ആയിരുന്നു ഏറ്റവും വലിയ ഫണ്ട് കാറ്റഗറി. 3.14 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ലാര്‍ജ് കാപ് ഫണ്ടുകള്‍ രണ്ടാം സ്ഥാനത്തു വന്നു. വളര്‍ച്ചയുടെ കാര്യത്തില്‍, 85 ശതമാനവുമായി മള്‍ട്ടി കാപ് ഫണ്ടുകളാണ് മുന്നില്‍. 82 ശതമാനം വളര്‍ച്ചയോടെ സ്‌മോള്‍ കാപ് ഫണ്ടുകള്‍ തൊട്ടു പിന്നിലുണ്ട്. 46,000 കോടിയിലേറെ രൂപയുമായി , മേഖല തിരിച്ചുള്ള ആശയാധിഷ്ഠിത ഫണ്ടുകളിലേക്കാണ് ഏറ്റവും കൂടുതല്‍ പണമെത്തിയത്. 40,000 ത്തിലേറെ കോടി രൂപയുടെ വരവുമായി സ്‌മോള്‍ കാപ് വിഭാഗം രണ്ടാം സ്ഥാനത്തുണ്ട്. ഫണ്ടുകളുടെ ക്ഷമതാ പരിശോധനയ്ക്ക് സെബി ഒരുമ്പെടുകയും കൂടിയ വാല്യുവേഷന്‍, ലാഭമെടുപ്പ് എന്നിവയെച്ചൊല്ലിയുള്ള ആശങ്കകളും കാരണം ഈയിടെയായി സ്‌മോള്‍ കാപ് ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് അല്‍പം കുറഞ്ഞിട്ടുണ്ട്.

ആസ്തി നേട്ടം 50 ശതമാനത്തിലേറെ ഉയര്‍ത്തി , കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹൈബ്രിഡ് ഫണ്ടുകള്‍ 7 ലക്ഷം കോടിയുടെ പരിധി കടന്നു. ഈയിടെ പുറത്തു വന്ന എഎംഎഫ്‌ഐ കണക്കുകളനുസരിച്ച് ഹൈബ്രിഡ് വിഭാഗത്തിലെ ഹുണ്ടിക ഫണ്ടുകളിലാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ പണമെത്തിയത്. 127 ശതമാനം ആസ്തി വര്‍ധനയുമായി 90,000 കോടി രൂപ. ഹൈബ്രിഡ് വിഭാഗത്തിലെ ഇതര ഉപവിഭാഗങ്ങളായ മള്‍ട്ടി അസെറ്റ് അലോക്കേഷന്‍, ഇക്വിറ്റി സേവിംഗ്‌സ് ഫണ്ട്, ഡൈനാമിക് അസെറ്റ് അലോക്കേഷന്‍ എന്നിവയില്‍ യഥാക്രമം 153 ശതമാനം, 85 ശതമാനം, 30 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം ഹൈബ്രിഡ് ഫണ്ടുകളില്‍ ഏറ്റവും കൂടുതല്‍ പണമെത്തിയത് ഡൈനാമിക് അലോക്കേഷന്‍ വിഭാഗത്തിലാണ്. 2.50 ലക്ഷം കോടി രൂപ. നിശ്ചല ഫണ്ടുകളും സ്ഥാപന നിക്ഷേപങ്ങളില്‍ എക്‌സ്‌ചേഞ്ചിലൂടെ ട്രേഡിംഗ് നടക്കുന്ന ഫണ്ടുകള്‍ (ETF) വഴി കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. 2024 മാര്‍ച്ച് വരെ ഇടിഎഫ് വിഭാഗത്തില്‍ 6.64 ലക്ഷം കോടിയുടെ ആസ്തിയുണ്ട്.

2024 സാമ്പത്തിക വര്‍ഷം ഡെറ്റ് ഫണ്ടുകളില്‍ 7 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്. അവ കൈകാര്യം ചെയ്യുന്ന ആസ്തി 12.62 ലക്ഷം കോടി രൂപ. സൂചികയിലെ ആനുകൂല്യം എടുത്തു കളഞ്ഞിട്ടും നിക്ഷേപകര്‍ വിശ്വാസം നിലനിര്‍ത്തിയതിനാല്‍ ഈ വിഭാഗത്തിന് ഫോളിയോയില്‍ നേട്ടമുണ്ടായിട്ടുണ്ട്് . ആസ്തി വളര്‍ച്ചയുടെ കാര്യമെടുത്താല്‍, ധന വിപണിയും ലിക്വിഡ് ഫണ്ടുകളുമാണ് ഏറ്റവും വലിയ ആസ്തി നേട്ടമുണ്ടാക്കിയത്. 40,000 കോടി രൂപ, 31,000 കോടി രൂപ എന്ന ക്രമത്തില്‍. മറ്റു വിഭാഗങ്ങളില്‍ ദീര്‍ഘകാല ഫണ്ടുകള്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തു. 45 ശതമാനം വളര്‍ച്ചയോടെ 12,700 കോടി രൂപയുടെ ആസ്തിയുമായാണ് അവ ക്ലോസ് ചെയ്തത്. 36 ശതമാനം താഴ്ചയുമായി ഡെറ്റ് വിഭാഗത്തില്‍ ഏറ്റവും ഇടിവു നേരിട്ടത് ഒരു ദിവസം മാത്രം കാലാവധിയുള്ള ഫണ്ടുകള്‍ക്കാണ്.

ജൂണ്‍മാസം മുതല്‍ ഇന്ത്യാ ഗവണ്മെന്റ് കടപ്പത്രങ്ങള്‍ ( G-Sec) ജെപി മോര്‍ഗന്‍ ആഗോള ബോണ്ട് സൂചികയില്‍ ഉള്‍പ്പെട്ടതോടെ കടപ്പത്രങ്ങളുടെ ഡിമാന്റില്‍ കുതിപ്പിനിടയുണ്ട്. ബ്ലൂംബെര്‍ഗിന്റെ EM ലോക്കല്‍ കറന്‍സി സര്‍ക്കാര്‍ സൂചികയില്‍ അടുത്ത വര്‍ഷം മാത്രമേ ജി-സെക് ഇടം പിടിക്കൂ. ഇന്ത്യന്‍ കടപ്പത്രങ്ങള്‍ രണ്ടു സൂചികകളിലും ഇടം നേടുന്നതോടെ സര്‍ക്കാര്‍ സെക്യൂരിറ്റികളിലേക്ക വന്‍തോതില്‍ വിദേശ പണം ഒഴുകിയെത്തുകയും രാജ്യത്തെ കടപ്പത്ര വിപണിക്ക് ഇത് പുതുജീവന്‍ പകരുകയും ചെയ്യും. കടപ്പത്രങ്ങള്‍ക്കനു കൂലമായ മറ്റൊരു ഘടകം ഇന്ത്യയുടെ കുറയുന്ന ധന കമ്മിയാണ്. രാജ്യത്ത് ആഗോള നിക്ഷേപകര്‍ക്ക് ആത്മ വിശ്വാസം പകരാനും നാടിന്റെ ധന കാര്യ സൂചകങ്ങള്‍ ശക്തിപ്പെടുത്താനും ഇതുപകരിക്കും. റിസര്‍വ് ബാങ്ക് ലാഭ വിഹിതമായ 2.11 ലക്ഷം കോടി രൂപ എത്തുന്നത് നടപ്പു ധന കമ്മി കുറയ്ക്കുന്നതില്‍ സര്‍ക്കാരിനു ആശ്വാസം പകരും.

സെബി യഥാസമയം നടത്തിയ നയപരമായ ഇടപെടലുകള്‍ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ടെന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. ചെറുകിട, ഇടത്തരം ഓഹരികളില്‍ സമ്മര്‍ദ്ദമേറിയപ്പോള്‍ സെബി ഇടപെട്ട് അത്തരം പദ്ധതികള്‍ക്ക് സമയ ബന്ധിതമായ ക്ഷമതാ പരിശോധനകള്‍ ഏര്‍പ്പെടുത്തി. ഇത്തരം നടപടികള്‍ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ റിസ്‌ക് കൈകാര്യം ചെയ്യുന്നതിനും കുഴപ്പ സാധ്യത വിലയിരുത്തുന്നതിനും മുന്‍കരുതല്‍ സംവിധാനം ഒരുക്കുന്നതിനും ഉപകരിക്കും.

Maintained By : Studio3