November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പത്ത് വര്‍ഷം മുമ്പ് രാജ്യത്ത് ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പന 30,000 കോടി രൂപയില്‍ താഴെ; ഇപ്പോള്‍ അത് ഏകദേശം ഒന്നേകാല്‍ ലക്ഷം കോടി രൂപയുടേത്

1 min read

മനസ്സ് പറയുന്നത് – ഭാഗം 106

(പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഒക്ടോബർ 29 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രഭാഷണത്തിന്റെ മലയാള പരിഭാഷ)

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, നമസ്‌ക്കാരം. ”മന്‍ കി ബാത്തി’ലേയ്ക്ക് ഏവര്‍ക്കും വീണ്ടും സ്വാഗതം. രാജ്യത്തുടനീളം ഉത്സവങ്ങളുടെ ആവേശം അലതല്ലുന്ന  സമയത്താണ് ഈ അധ്യായം നടക്കുന്നത്. വരാനിരിക്കുന്ന എല്ലാ ഉത്സവങ്ങള്‍ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. സുഹൃത്തുക്കളെ, ഉത്സവങ്ങളുടെ ഈ ആഹ്ലാദത്തിനിടയില്‍, ഡല്‍ഹിയില്‍ നിന്നുള്ള ഒരു വാര്‍ത്തയില്‍ നിന്ന് ഞാന്‍ ‘മന്‍ കി ബാത്ത്’ തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഈ മാസം ആദ്യം ഗാന്ധിജയന്തി ദിനത്തില്‍ ഡല്‍ഹിയില്‍ ഖാദിയുടെ റെക്കോര്‍ഡ് വില്‍പ്പന നടന്നിരുന്നു. ഇവിടെ കൊണാട്ട് പ്ലേസിലെ ഒരു ഖാദി സ്‌റ്റോറില്‍ ഒറ്റ ദിവസംകൊണ്ട് ഒന്നര കോടിയിലധികം രൂപയുടെ സാധനങ്ങള്‍ ആളുകള്‍ വാങ്ങി. ഈ മാസം നടക്കുന്ന ഖാദി മഹോത്സവം അതിന്റെ പഴയ വില്‍പ്പന റെക്കോര്‍ഡുകളെല്ലാം തന്നെ തകര്‍ത്തിരിക്കുകയാണ്. ഒരു കാര്യം കൂടി അറിഞ്ഞാല്‍ നന്നായിരിക്കും, പത്ത് വര്‍ഷം മുമ്പ് രാജ്യത്ത് ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പന 30,000 കോടി രൂപയില്‍ താഴെയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഏകദേശം ഒന്നേകാല്‍ ലക്ഷം കോടി  രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഖാദിയുടെ വില്‍പന വര്‍ധിക്കുക എന്നതിനര്‍ത്ഥം അതിന്റെ പ്രയോജനങ്ങള്‍ നഗരം മുതല്‍ ഗ്രാമം വരെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ എത്തുന്നു എന്നാണ്. നമ്മുടെ നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, നമ്മുടെ കര്‍ഷകര്‍, ആയുര്‍വേദ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്ന കുടില്‍ വ്യവസായങ്ങള്‍, എല്ലാവര്‍ക്കും ഈ വില്‍പ്പനയുടെ പ്രയോജനം ലഭിക്കുന്നു,  ഇത് ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന കാമ്പയിന്റെ ശക്തിയാണ്, ക്രമേണ എല്ലാ നാട്ടുകാരുടെയും പിന്തുണയും വര്‍ധിച്ചു വരുകയാണ്.

സുഹൃത്തുക്കളേ, ഇന്ന് ഞാന്‍ നിങ്ങളോട് ഒരു അഭ്യര്‍ത്ഥന കൂടി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ വളരെ നിര്‍ബന്ധപൂര്‍വ്വം അക്കാര്യം ആവര്‍ത്തിച്ചു പറയുവാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എപ്പോഴെങ്കിലും ഒരു വിനോദസഞ്ചാരത്തിനോ തീര്‍ത്ഥാടനത്തിനോ പോകുകയാണെങ്കില്‍, അവിടെയുള്ള പ്രാദേശിക കലാകാരന്മാര്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങണം. യാത്രയില്‍ നിങ്ങളുടെ മൊത്തത്തിലുള്ള ബജറ്റില്‍ പ്രധാന മുന്‍ഗണനയായി പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതി തുടരുക. അത് 10 ശതമാനമായാലും, 20 ശതമാനമായാലും, നിങ്ങളുടെ ബജറ്റ് അനുവദിക്കുന്നത്രയും തുക  പ്രാദേശിക ഉല്പ്പന്നങ്ങള്‍ വാങ്ങുന്നതിനായി ചെലവഴിക്കുക.

സുഹൃത്തുക്കളെ, എല്ലാ തവണയുംപോലെ, ഇത്തവണയും, നമ്മുടെ ഉത്സവങ്ങളില്‍, നമ്മുടെ മുന്‍ഗണന ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നതിനാകണം. അങ്ങനെ നമുക്ക് ഒരുമിച്ച് നമ്മുടെ സ്വപ്നമായ ‘സ്വാശ്രയ ഭാരതം’ എന്ന സ്വപ്നം സാക്ഷാത്കരിക്കാം, ഇപ്രാവശ്യം, എന്റെ നാട്ടുകാരില്‍ ഒരാളുടെ വിയര്‍പ്പിന്റെ മണമുള്ള, എന്റെ നാട്ടിലെ ഒരു യുവാവിന്റെ കഴിവ് കൊണ്ട് ഉണ്ടാക്കിയ ഉല്‍പ്പന്നം കൊണ്ട് നമുക്ക് നമ്മുടെ വീട് അലങ്കരിക്കാം. ആ ഉല്‍പ്പന്നം നമ്മുടെ നാട്ടുകാര്‍ക്ക് തൊഴില്‍ നല്കിയിട്ടുള്ളതാകാം, അവ  നമ്മുടെ  ദൈനംദിന ജീവിതത്തില്‍ ആവശ്യം ഉള്ളതാകാം. അത്തരം പ്രാദേശിക വസ്തുക്കള്‍ നമുക്ക് വാങ്ങാം.  പക്ഷേ, നിങ്ങള്‍ ഒരു കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന ഈ ആവേശം ഫെസ്റ്റിവല്‍ ഷോപ്പിംഗില്‍ മാത്രം ഒതുങ്ങുന്നില്ല, ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട്, ആളുകള്‍ ദീപാവലി ദിനത്തില്‍ വിളക്കുകള്‍  വാങ്ങുകയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. അങ്ങനെ അല്ല ചെയ്യേണ്ടത്. ഇത് ഒരു തുടക്കം മാത്രമാണ്. നമുക്ക് വളരെയേറെ മുന്നേറേണ്ടതുണ്ട്, ജീവിതത്തിന്റെ ഏത് ആവശ്യങ്ങള്‍ക്കു വേണ്ടിയായാലും നമ്മുടെ രാജ്യത്ത്, ഇപ്പോള്‍ എല്ലാം ലഭ്യമാണ്. ഈ കാഴ്ചപ്പാട് ചെറുകിട കച്ചവടക്കാരില്‍ നിന്നും വഴിയോര കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. ഇന്ന് ഭാരതം ലോകത്തിലെ ഏറ്റവും വലിയ മാനുഫാക്ചറിംഗ് ഹബ്ബായി മാറുകയാണ്. പല വലിയ ബ്രാന്‍ഡുകളും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നു. നാം ആ ഉല്‍പ്പന്നങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍, മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ഉത്തേജനം ലഭിക്കും. അതിലൂടെ ലോക്കലിനു വോക്കല്‍ ലഭിക്കും. അതെ, അത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍, നമ്മുടെ നാടിന്റെ അഭിമാനമായ യു.പി.ഐ. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെ പെയ്‌മെന്റ് നടത്തുന്നത് ശീലമാക്കുക. ആ ഉല്‍പ്പന്നത്തോടൊപ്പമോ ആ കരകൗശല വിദഗ്ധനോടൊപ്പമോ ഒരു സെല്‍ഫി നമോ ആപ്പിലൂടെ എനിക്ക് ഷെയര്‍ ചെയ്യുക. അതും Made in India സ്മാര്‍ട്ട് ഫോണിലൂടെ. ആ പോസ്റ്റുകളില്‍ ചിലത് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടും, അതുവഴി മറ്റുള്ളവര്‍ക്കും ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നതിലേക്ക് പ്രചോദനം ലഭിക്കും.

സുഹൃത്തുക്കളേ, നിങ്ങള്‍ ഭാരതത്തില്‍ നിര്‍മ്മിച്ചതും ഭാരതീയര്‍ നിര്‍മ്മിച്ചതുമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ദീപാവലി തിളക്കമാര്‍ന്നതാക്കുകയും നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ ചെറിയ ആവശ്യങ്ങളും പ്രാദേശികമായി നിറവേറ്റുകയും ചെയ്യുമ്പോള്‍, ദീപാവലിയുടെ തിളക്കം വര്‍ദ്ധിക്കും. അതോടൊപ്പം ആ കരകൗശല വിദഗ്ധരുടെ ജീവിതത്തില്‍ ഒരു പുതിയ ദീപാവലി വരും. ജീവിതത്തില്‍ ഒരു പുതിയ പ്രഭാതം വിടരും. അവരുടെ ജീവിതം മെച്ചപ്പെടും. ഭാരതത്തെ സ്വയം പര്യാപ്തമാക്കുക, ‘മേക്ക് ഇന്‍ ഇന്ത്യ’ തിരഞ്ഞെടുക്കുന്നത് തുടരുക, അതുവഴി നിങ്ങളോടൊപ്പം കോടിക്കണക്കിന് പൗരന്മാരുടെ ദീപാവലി അതിശയകരവും സജീവവും തിളക്കമുറ്റതും രസകരവുമാകും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഒക്ടോബര്‍ 31 നമുക്കെല്ലാവര്‍ക്കും വളരെ സവിശേഷമായ ദിവസമാണ്. ഈ ദിവസം നാം ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്നു. നമ്മള്‍ ഭാരതീയര്‍ പല കാരണങ്ങളാല്‍ അദ്ദേഹത്തെ ഓര്‍ക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. ഏറ്റവും വലിയ കാരണം രാജ്യത്തെ 580ലധികം നാട്ടുരാജ്യങ്ങളെ ബന്ധിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച  അനുപമമായ പങ്കാണ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 ന് ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലാണ് ഐക്യദിനവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങ് നടക്കുന്നത്. ഇതുകൂടാതെ ഡല്‍ഹിയില്‍ കര്‍ത്തവ്യ പഥത്തില്‍ വളരെ സവിശേഷമായ ഒരു പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈയിടെ നാട്ടിലെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും എല്ലാ വീടുകളില്‍ നിന്നും മണ്ണ് ശേഖരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. എല്ലാ വീടുകളില്‍നിന്നും മണ്ണ് ശേഖരിച്ച് കലശത്തില്‍ സൂക്ഷിച്ച ശേഷം അമൃതകലശ യാത്രകള്‍ പുറപ്പെട്ടു. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ശേഖരിച്ച മണ്ണുമായി ആയിരക്കണക്കിന് അമൃതകലശ യാത്രകള്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തുകയാണ്. ഇവിടെ ഡല്‍ഹിയില്‍ ആ മണ്ണ് കൂറ്റന്‍ ഭാരതകലശത്തില്‍ ഇടും, ഈ പുണ്യമണ്ണുകൊണ്ട് ഡല്‍ഹിയില്‍ ‘അമൃത് വാടിക’ പണിയും. രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള അമൃത് മഹോത്സവത്തിന്റെ മഹത്തായ പൈതൃകസ്മാരകമായി ഇത് നിലനില്‍ക്കും. കഴിഞ്ഞ രണ്ടര വര്‍ഷമായി രാജ്യത്തുടനീളം നടന്നുവരുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ഒക്ടോബര്‍ 31ന് സമാപിക്കും. നിങ്ങളെല്ലാവരും ചേര്‍ന്ന് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉത്സവങ്ങളിലൊന്നായി ഇതിനെ മാറ്റി, തങ്ങളുടെ പോരാളികളെ ആദരിക്കുന്നതിലൂടെ, എല്ലാ വീട്ടിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിലൂടെ, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തില്‍ ആളുകള്‍ അവരുടെ പ്രാദേശിക ചരിത്രത്തിന് ഒരു പുതിയ വ്യക്തിത്വം നല്‍കി. ഈ കാലയളവില്‍, സാമൂഹിക സേവനത്തിന്റെ അത്ഭുതകരമായ ഉദാഹരണങ്ങളും കണ്ടു.

സുഹൃത്തുക്കളേ, ഇന്ന് ഞാന്‍ നിങ്ങളോട് മറ്റൊരു സന്തോഷവാര്‍ത്ത പറയുകയാണ്, പ്രത്യേകിച്ച് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അഭിനിവേശവും സ്വപ്നങ്ങളും നിശ്ചയദാര്‍ഢ്യവുമുള്ള എന്റെ യുവാക്കളോടും യുവതികളോടും പറയുകയാണ്. ഈ സന്തോഷവാര്‍ത്ത എന്റെ നാട്ടുകാര്‍ക്ക് മാത്രമല്ല, യുവസുഹൃത്തുക്കളേ, നിങ്ങള്‍ക്കും കൂടി ഉള്ളതാണ്. രണ്ട് ദിവസത്തിന് ശേഷം, ഒക്ടോബര്‍ 31 ന്, രാജ്യവ്യാപകമായി ഒരു വലിയ സംഘടനയുടെ അടിത്തറ പാകുകയാണ്, അതും സര്‍ദാര്‍ സാഹിബിന്റെ ജന്മദിനത്തില്‍. ഈ സംഘടനയുടെ പേര്  ‘മേര യുവ ഭാരത്’, അതായത് MYBharat.  MYBharat ഓര്‍ഗനൈസേഷന്‍ ഭാരതത്തിലെ യുവാക്കള്‍ക്ക് വിവിധ രാഷ്ട്ര നിര്‍മ്മാണ പരിപാടികളില്‍ സജീവ പങ്ക് വഹിക്കാന്‍ അവസരം ലഭിക്കും. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതില്‍ ഭാരതത്തിന്റെ യുവശക്തിയെ ഏകോപിപ്പിക്കുന്നതിനുള്ള ഒരു അതുല്യമായ യത്‌നമാണിത്. യുവഭാരതത്തിന്റെ വെബ്‌സൈറ്റായ MYBharat ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ്. ഞാന്‍ യുവാക്കളോട് വീണ്ടും വീണ്ടും പറയാന്‍ ആഗ്രഹിക്കുകയാണ്, എന്റെ രാജ്യത്തെ എല്ലാ പുത്രന്മാരും പുത്രിമാരും, MYBharat.Gov.inല്‍ രജിസ്റ്റര്‍ ചെയ്യുകയും വിവിധ പ്രോഗ്രാമുകള്‍ക്കായി സൈന്‍ അപ്പ് ചെയ്യുകയും ചെയ്യുക. മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികം കൂടിയാണ് ഒക്ടോബര്‍ 31. അവര്‍ക്ക്  എന്റെ ഹൃദയം തൊട്ടുള്ള ആദരാഞ്ജലി അര്‍പ്പിക്കുന്നു.

എന്റെ കുടുംബാംഗങ്ങളെ, നമ്മുടെ സാഹിത്യം, ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന വികാരത്തെ ആഴത്തിലാക്കാനുള്ള മികച്ച മാധ്യമങ്ങളില്‍ ഒന്നാണ്. തമിഴ്‌നാടിന്റെ മഹത്തായ പൈതൃകവുമായി ബന്ധപ്പെട്ട വളരെ പ്രചോദനാത്മകമായ രണ്ട് ശ്രമങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രശസ്ത തമിഴ് എഴുത്തുകാരി സഹോദരി ശ്രീമതി ശിവശങ്കരിയെക്കുറിച്ച് അറിയാന്‍ എനിക്ക് അവസരം ലഭിച്ചു. അവര്‍ ഒരു പ്രോജക്റ്റ് ചെയ്തിട്ടുണ്ട്  Knit India, through Literature, അതിന്റെ അര്‍ത്ഥം സാഹിത്യത്തിലൂടെ രാജ്യത്തെ ബന്ധിപ്പിക്കുക എന്നതാണ്. കഴിഞ്ഞ 16 വര്‍ഷമായി അവര്‍ ഈ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നു. ഈ പദ്ധതിയിലൂടെ അവര്‍ 18 ഭാരതീയ ഭാഷകളില്‍ എഴുതപ്പെട്ട കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും ഇംഫാല്‍ മുതല്‍ ജയ്‌സാല്‍മീര്‍ വരെയും രാജ്യത്തുടനീളം അവര്‍ നിരവധി തവണ സഞ്ചരിച്ചു. അങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുത്തുകാരെയും കവികളെയും അഭിമുഖം നടത്താന്‍ കഴിഞ്ഞു. ശ്രീമതി ശിവശങ്കരി വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചു. ഇത് തമിഴിലും ഇംഗ്ലീഷിലും ഉണ്ട്. ഈ പ്രോജക്റ്റില്‍ നാല് വലിയ വാല്യങ്ങളുണ്ട്, ഓരോ വാല്യവും ഭാരതത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കായി  സമര്‍പ്പിച്ചിരിക്കുന്നു. അവരുടെ നിശ്ചയദാര്‍ഢ്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു.

സുഹൃത്തുക്കളേ, കന്യാകുമാരിയിലെ ശ്രീ. എ. കെ. പെരുമാളിന്റെ പ്രവര്‍ത്തനവും വളരെ പ്രചോദനകരമാണ്. തമിഴകത്തിന്റെ കഥപറച്ചില്‍ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം ഈ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിനായി അദ്ദേഹം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് നാടന്‍ കലാരൂപങ്ങള്‍ കണ്ടെത്തി അവയെ തന്റെ പുസ്തകത്തിന്റെ ഭാഗമാക്കുന്നു. അത്തരത്തിലുള്ള നൂറോളം പുസ്തകങ്ങള്‍ അദ്ദേഹം ഇതുവരെ എഴുതിയിട്ടുണ്ടെന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഇത് കൂടാതെ ശ്രീ. പെരുമാളിന് മറ്റൊരു അഭിനിവേശമുണ്ട്. തമിഴ്‌നാട്ടിലെ ക്ഷേത്രസംസ്‌കാരത്തെക്കുറിച്ച് ഗവേഷണം നടത്താന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. അവിടത്തെ നാടന്‍ കലാകാരന്മാര്‍ക്ക് പ്രയോജനപ്പെടുന്ന തുകല്‍ പാവകളെ കുറിച്ച് അദ്ദേഹം ധാരാളം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ശ്രീമതി. ശിവശങ്കരിയുടെയും ശ്രീ. എ. കെ. പെരുമാളിന്റെയും പ്രയത്‌നം എല്ലാവര്‍ക്കും മാതൃകയാണ്. നമ്മുടെ ദേശീയ ഐക്യത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, രാജ്യത്തിന്റെ പേര്, രാജ്യത്തിന്റെ അഭിമാനം, എല്ലാം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന അതിന്റെ സംസ്‌കാരം സംരക്ഷിക്കുന്നതിനുള്ള ഇത്തരം ഓരോ ശ്രമങ്ങളിലും ഭാരതം അഭിമാനിക്കുന്നു.

എന്റെ കുടുംബാംഗങ്ങളെ, നവംബര്‍ 15 ന് രാജ്യം മുഴുവന്‍ ആദിവാസി അഭിമാന ദിനം ആഘോഷിക്കും. ഈ പ്രത്യേക ദിവസം ബിര്‍സ മുണ്ട ഭഗവാന്റെ ജന്മവാര്‍ഷികമാണ്. നമ്മുടെ എല്ലാവരുടെയും ഹൃദയത്തിലാണ് ബിര്‍സ മുണ്ട പ്രഭു കുടികൊള്ളുന്നത്. യഥാര്‍ത്ഥ ധൈര്യം എന്താണെന്നും ഓരോരുത്തരും തന്റെ  നിശ്ചയദാര്‍ഢ്യത്തില്‍ ഉറച്ചുനില്‍ക്കുക എന്നതിന്റെ അര്‍ത്ഥമെന്തെന്നും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് നമുക്ക് പഠിക്കാം. അദ്ദേഹം ഒരിക്കലും വിദേശ ഭരണം അംഗീകരിച്ചില്ല. അനീതിക്ക് ഇടമില്ലാത്ത ഒരു സമൂഹമാണ് അദ്ദേഹം വിഭാവനം ചെയ്തത്. ഓരോ വ്യക്തിക്കും ആദരവും സമത്വവുമുള്ള ജീവിതം ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ബിര്‍സ മുണ്ട പ്രഭു എപ്പോഴും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന് ഊന്നല്‍ നല്‍കിയിരുന്നു. ഇന്നും നമ്മുടെ ആദിവാസി സഹോദരങ്ങള്‍ പ്രകൃതിയുടെ സംരക്ഷണത്തിനു വേണ്ടി എല്ലാ വിധത്തിലും ഉള്ള സമര്‍പ്പണം ചെയ്യുന്നതായി നമുക്ക് കാണാന്‍ കഴിയും. നമുക്കെല്ലാവര്‍ക്കും, നമ്മുടെ ആദിവാസി സഹോദരങ്ങളുടെ ഈ പ്രവര്‍ത്തനം വലിയ പ്രചോദനമാണ്.

സുഹൃത്തുക്കളെ, നാളെ അതായത് ഒക്ടോബര്‍ 30 ഗോവിന്ദ് ഗുരുജിയുടെ ചരമവാര്‍ഷികം കൂടിയാണ്. ഗോവിന്ദ് ഗുരുജിക്ക് നമ്മുടെ ഗുജറാത്തിലെയും രാജസ്ഥാനിലെയും ഗോത്രവര്‍ഗക്കാരുടെയും ദരിദ്രരുടെയും ജീവിതത്തില്‍ വളരെ സവിശേഷമായ പ്രാധാന്യമുണ്ട്. ഗോവിന്ദ് ഗുരുജിക്കും ഞാന്‍ എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. നവംബര്‍ മാസത്തില്‍ നമ്മള്‍ മാന്‍ഗഢ് കൂട്ടക്കൊലയുടെ വാര്‍ഷികവും ആചരിക്കുന്നു. ആ കൂട്ടക്കൊലയില്‍ രക്തസാക്ഷികളായ ഭാരതമാതാവിന്റെ എല്ലാ സന്താനങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

സുഹൃത്തുക്കളേ, ഭാരതത്തിന് ഗോത്ര യോദ്ധാക്കളുടെ സമ്പന്നമായ ചരിത്രമുണ്ട്. അനീതിക്കെതിരെ മഹാനായ തില്‍കാമാഞ്ചിയുടെ കാഹളം മുഴങ്ങിയത് ഈ ഭാരത മണ്ണിലാണ്. ഈ മണ്ണില്‍ നിന്നാണ് സിദ്ധോകാന്‍ഹു സമത്വത്തിനായി ശബ്ദം ഉയര്‍ത്തിയത്. ടന്‍ട്യാഭീല്‍ എന്ന പോരാളി നമ്മുടെ മണ്ണില്‍ ജനിച്ചതില്‍ നമുക്ക് അഭിമാനിക്കാം. രക്തസാക്ഷി വീര്‍ നാരായണ്‍ സിങ്ങിനെ നമുക്ക്  പൂര്‍ണ ഭക്തിയോടെ സ്മരിക്കാം. വളരെ  പ്രയാസകരമായ സാഹചര്യങ്ങളില്‍ തന്റെ ആള്‍ക്കാര്‍ക്കൊപ്പം നിന്നവന്‍. ധൈര്യശാലി, അത് രാംജി ഗോണ്ടായാലും വീര്‍ ഗുണ്ടാധൂരായാലും ഭീമാനായകായാലും അവരുടെയൊക്കെ ധൈര്യം ഇപ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു. അല്ലൂരി സീതാറാം രാജു ആദിവാസിസഹോദരന്മാരില്‍ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം രാജ്യം ഇന്നും ഓര്‍ക്കുന്നു. നോര്‍ത്ത് ഈസ്റ്റിലെ കിയാങ് നൊബാംഗ്, റാണി ഗൈഡിന്‍ലിയു തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികളില്‍ നിന്നും നമുക്ക് ധാരാളം പ്രചോദനം ലഭിക്കുന്നു. രാജമോഹിനി ദേവി, റാണി കമലാപതി തുടങ്ങിയ നായികമാരെ രാജ്യത്തിന് ലഭിച്ചത് ആദിവാസി സമൂഹത്തില്‍ നിന്നാണ്. ഗോത്ര സമൂഹത്തെ പ്രചോദിപ്പിച്ച രാജ്ഞി ദുര്‍ഗ്ഗാവതിയുടെ 500-ാം ജന്മവാര്‍ഷികമാണ് രാജ്യം ഇപ്പോള്‍ ആഘോഷിക്കുന്നത്. രാജ്യത്തെ കൂടുതല്‍ കൂടുതല്‍ യുവജനങ്ങള്‍ തങ്ങളുടെ പ്രദേശത്തെ ആദിവാസി വ്യക്തിത്വങ്ങളെക്കുറിച്ച് അറിയുകയും അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. രാഷ്ട്രത്തിന്റെ ആത്മാഭിമാനവും ഉന്നമനവും എല്ലായ്‌പ്പോഴും പരമപ്രധാനമായി കാത്തുസൂക്ഷിക്കുന്ന ഗോത്രവര്‍ഗ സമൂഹത്തോട് രാജ്യം നന്ദിയുള്ളവരാണ്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ ഉത്സവകാലത്ത്, ഈ സമയത്ത് രാജ്യത്ത് കായികരംഗത്തും കൊടി പാറുകയാണ്. അടുത്തിടെ, ഏഷ്യന്‍ ഗെയിംസിനുശേഷം, പാരാ ഏഷ്യന്‍ ഗെയിംസിലും ഭാരത താരങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. ഈ ഗെയിമുകളില്‍ 111 മെഡലുകള്‍ നേടി ഭാരതം പുതിയ ചരിത്രം സൃഷ്ടിച്ചു. പാരാ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് സമ്മര്‍ ഗെയിംസിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ബെര്‍ലിനിലാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്. ബുദ്ധിപരമായ െവല്ലുവിളികള്‍ നേരിടുന്ന നമ്മുടെ കായികതാരങ്ങള്‍ക്ക് ഈ മത്സരം ഒരു മികച്ച അവസരമാണ്, ഇതിലൂടെ അവരുടെ കായികക്ഷമത പുറത്തുവരുന്നു. ഈ മത്സരത്തില്‍ 75 സ്വര്‍ണമടക്കം 200 മെഡലുകളാണ് ഇന്ത്യന്‍ ടീം നേടിയത്. റോളര്‍ സ്‌കേറ്റിംഗോ ബീച്ച് വോളിബോളോ ഫുട്‌ബോളോ ലാണ്‍ ടെന്നീസോ ആകട്ടെ, ഇന്ത്യന്‍ കളിക്കാര്‍ മെഡലുകള്‍ കൊയ്‌തെടുത്തു. ഈ മെഡല്‍ ജേതാക്കളുടെ ജീവിതയാത്ര തികച്ചും പ്രചോദനാത്മകമാണ്. ഗോള്‍ഫില്‍ ഹരിയാനയുടെ രണ്‍വീര്‍സൈനി സ്വര്‍ണം നേടി. കുട്ടിക്കാലം മുതല്‍ ഓട്ടിസം ബാധിതനായ രണ്‍വീറിനെ സംബന്ധിച്ചിടത്തോളം ഗോള്‍ഫിനോടുള്ള അഭിനിവേശം കുറയ്ക്കാന്‍ ഒരു വെല്ലുവിളിക്കും കഴിഞ്ഞില്ല. കുടുംബത്തിലെ എല്ലാവരും ഇന്ന് ഗോള്‍ഫ് കളിക്കാരായി മാറിയെന്ന് അവന്റെ അമ്മപോലും പറയുന്നു. പുതുച്ചേരിയില്‍ നിന്നുള്ള 16 കാരനായ ടി.വിശാല്‍ നാല് മെഡലുകള്‍ നേടി. ഗോവയുടെ സിയ സരോദേ പവര്‍ലിഫ്റ്റിംഗില്‍ 2 സ്വര്‍ണമടക്കം നാല് മെഡലുകള്‍ നേടി. ഒമ്പതാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടിട്ടും തളരാന്‍ അദ്ദേഹം തയ്യാറായില്ല. ഛത്തീസ്ഗഢിലെ ദുര്‍ഗ് നിവാസിയായ അനുരാഗ് പ്രസാദ് പവര്‍ലിഫ്റ്റിംഗില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും നേടിയിട്ടുണ്ട്. സൈക്ലിങ്ങില്‍ രണ്ട് മെഡലുകള്‍ നേടിയ ഝാര്‍ഖണ്ഡിന്റെ ഇന്ദു പ്രകാശിന്റെ കഥയാണ് അത്തരത്തിലുള്ള പ്രചോദനാത്മകമായ ഒരു കഥ. വളരെ സാധാരണ കുടുംബത്തില്‍ നിന്നാണ് വന്നതെങ്കിലും, ദാരിദ്ര്യം തന്റെ വിജയത്തിനു മുന്നില്‍ മതിലായി മാറാന്‍ ഇന്ദു അനുവദിച്ചില്ല. ഈ കായിക ഇനങ്ങളിലെ ഭാരതതാരങ്ങളുടെ വിജയം ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന മറ്റ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ഗ്രാമത്തില്‍, നിങ്ങളുടെ ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങളില്‍, ഈ കായിക ഇനത്തില്‍ പങ്കെടുക്കുകയോ വിജയിക്കുകയോ ചെയ്ത അത്തരം കുട്ടികളുടെ അടുത്തേക്ക് സ്വന്തം കുടുംബത്തോടൊപ്പം പോകാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അവരെ അഭിനന്ദിക്കുക. ആ കുട്ടികളോടൊപ്പം ചില നിമിഷങ്ങള്‍ ചിലവഴിക്കുക. നിങ്ങള്‍ക്ക് ഒരു പുതിയ അനുഭവം ഉണ്ടാകും. ദൈവം അവനില്‍ ഒരു ശക്തി നിറച്ചിട്ടുണ്ട്. അത് കാണാന്‍ നിങ്ങള്‍ക്കും അവസരം ലഭിക്കും. ഉറപ്പായും നിങ്ങള്‍ പോകണം.

എന്റെ കുടുംബാംഗങ്ങളെ, നിങ്ങള്‍ എല്ലാവരും ഗുജറാത്തിലെ തീര്‍ത്ഥാടന കേന്ദ്രമായ അംബാജി ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ഇതൊരു പ്രധാനപ്പെട്ട ശക്തിപീഠമാണ്. ഭാരതത്തില്‍ നിന്നും വിദേശത്തു നിന്നും ധാരാളം ഭക്തര്‍ മാ അംബയെ കാണാന്‍ ഇവിടെ എത്തിച്ചേരുന്നു. ഇവിടെ ഗബ്ബര്‍ പര്‍വതത്തിലേക്കുള്ള വഴിയില്‍ നിങ്ങള്‍ക്ക് വ്യത്യസ്തതരം യോഗാസനങ്ങളുടെയും ആസനങ്ങളുടെയും ചിത്രങ്ങള്‍ ദൃശ്യമാകും. ഈ പ്രതിമകളുടെ പ്രത്യേകത എന്താണെന്ന് അറിയാമോ? യഥാര്‍ത്ഥത്തില്‍ ഇവ സ്‌ക്രാപ്പില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു തരത്തില്‍ ജങ്ക് കൊണ്ട് നിര്‍മ്മിച്ചതും അതിശയിപ്പിക്കുന്നതുമായ ശില്‍പങ്ങളുണ്ട്. അതായത് ഈ പ്രതിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഉപയോഗിച്ചതും ജങ്കില്‍ വലിച്ചെറിയുന്നതുമായ പഴയ വസ്തുക്കളില്‍ നിന്നാണ്. അംബാജി ശക്തിപീഠത്തില്‍ മാതൃദേവതയുടെ ദര്‍ശനത്തോടൊപ്പം ഈ പ്രതിമകളും ഭക്തരുടെ ആകര്‍ഷണ കേന്ദ്രമായി മാറിയിട്ടുണ്ട്. ഈ ശ്രമത്തിന്റെ വിജയം കാണുമ്പോള്‍ ഒരു നിര്‍ദ്ദേശം കൂടി മനസ്സില്‍ വരുന്നുണ്ട്. പാഴ്‌വസ്തുക്കളില്‍ നിന്ന് ഇത്തരം കലാശില്പങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന നിരവധിപേര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. അതുകൊണ്ട് ഗുജറാത്ത് ഗവണ്‍മെന്റിനോട് ഒരു മത്സരം തുടങ്ങാനും അത്തരക്കാരെ ക്ഷണിക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഗബ്ബര്‍ പര്‍വതത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിനൊപ്പം ഈ ശ്രമം രാജ്യത്തുടനീളമുള്ള വേസ്റ്റ് ടു വെല്‍ത്ത്’ കാമ്പെയ്‌നിന് ആളുകളെ പ്രചോദിപ്പിക്കും.

സുഹൃത്തുക്കളേ, സ്വച്ഛ് ഭാരത്, ‘വേസ്റ്റ് ടു വെല്‍ത്ത്’ എന്നിവയെ കുറിച്ച് പറയുമ്പോഴെല്ലാം, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും എണ്ണമറ്റ ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അസമിലെ കാംരൂപ് മെട്രോപൊളിറ്റന്‍ ജില്ലയിലുള്ള അക്ഷര്‍ ഫോറം എന്ന പേരിലുള്ള ഒരു സ്‌കൂള്‍, കുട്ടികളില്‍ സുസ്ഥിര വികസനത്തിന്റെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി ചെയ്തുവരുന്നു. ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാ ആഴ്ചയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നു,  ഇത് ഇഷ്ടിക, താക്കോല്‍ ചെയിന്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. പുനരുപയോഗം; പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കല്‍ ഇവയില്‍ ഇവിടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു. ചെറുപ്രായത്തില്‍ തന്നെ പരിസ്ഥിതിയെ കുറിച്ചുള്ള ഈ അവബോധം ഈ കുട്ടികളെ രാജ്യത്തിന്റെ കര്‍ത്തവ്യബോധമുള്ള പൗരന്മാരാക്കുന്നതിന് വളരെയധികം സഹായിക്കും.

എന്റെ കുടുംബാംഗങ്ങളേ, സ്ത്രീശക്തിയുടെ സാമര്‍ത്ഥ്യം കാണാന്‍ കഴിയാത്ത ഒരു മേഖലയും ഇന്ന് ജീവിതത്തിലില്ല. അവളുടെ നേട്ടങ്ങള്‍ എല്ലായിടത്തും വാഴ്ത്തപ്പെടുന്ന ഈ കാലഘട്ടത്തില്‍, ചരിത്രത്തിന്റെ സുവര്‍ണ്ണ താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഭക്തിയുടെ ശക്തി പ്രകടിപ്പിച്ച ഒരു സ്ത്രീസന്യാസിയെ കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. ആദരണീയയായ സന്യാസിനി മീരാബായിയുടെ 525-ാം ജന്മദിനമാണ് ഈ വര്‍ഷം രാജ്യം ആഘോഷിക്കുന്നത്. പല കാരണങ്ങളാല്‍ രാജ്യത്തുടനീളമുള്ള ആളുകള്‍ക്ക് അവര്‍ ഒരു പ്രചോദനാത്മക ശക്തിയാണ്. നിങ്ങള്‍ക്ക് സംഗീതത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, മീരാബായ്  സംഗീതത്തോടുള്ള സമര്‍പ്പണത്തിന്റെ മഹത്തായ ഉദാഹരണമാണ്. നിങ്ങള്‍ കവിതയെ സ്‌നേഹിക്കുന്ന ആളാണെങ്കില്‍, ഭക്തിയില്‍ മുഴുകിയിരിക്കുന്ന മീരാഭായിയുടെ ഭജനകള്‍, നിങ്ങള്‍ക്ക് മറ്റൊരു ആനന്ദം നല്‍കുന്നു, നിങ്ങള്‍ ദൈവിക ശക്തിയില്‍ വിശ്വസിക്കുന്നുവെങ്കില്‍, മീരാബായിയുടെ ശ്രീകൃഷ്ണനിലെ സ്വാംശീകരണം നിങ്ങള്‍ക്ക് ഒരു വലിയ പ്രചോദനമായി മാറും. മീരാഭായി വിശുദ്ധ രവിദാസിനെ തന്റെ ഗുരുവായി കണക്കാക്കി അവള്‍ പറയാറുണ്ടായിരുന്നു.

            ‘ഗുരു മിലിയ രൈദാസ്, ദീന്‍ഹി ഗ്യാന്‍കി ഗുട്കി’

(രൈദാസ് എന്ന ഗുരുവിനെ നേടി, അറിവിന്റെ ഔഷധം നേടി)

രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും മീരാഭായ് ഇപ്പോഴും പ്രചോദനമാണ്. ആ കാലഘട്ടത്തിലും അവര്‍ തന്റെ ആന്തരിക ശബ്ദം കേള്‍ക്കുകയും യാഥാസ്ഥിതിക ആശയങ്ങള്‍ക്കെതിരെ നിലകൊള്ളുകയും ചെയ്തു. ഒരു സന്യാസിനിയായിട്ടും അവര്‍ നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നു. രാജ്യം പലതരത്തിലുള്ള ആക്രമണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഭാരതീയ സമൂഹത്തെയും സംസ്‌കാരത്തെയും ശക്തിപ്പെടുത്താന്‍ അവര്‍ മുന്നിട്ടിറങ്ങി. ലാളിത്യത്തിന് എത്രമാത്രം ശക്തിയുണ്ടെന്ന് മീരാഭായിയുടെ ജീവിതത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നു. ഞാന്‍ വിശുദ്ധ മീരാഭായിയെ വണങ്ങുന്നു.

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ, ഇത്തവണത്തെ ‘മന്‍ കി ബാത്തില്‍’ ഇത്രയും മാത്രം. നിങ്ങള്‍ എല്ലാവരുമായുള്ള ഓരോ ഇടപെടലുകളും എന്നില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കുന്നു. പ്രതീക്ഷയും പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട നൂറുകണക്കിന് കഥകള്‍ നിങ്ങളുടെ സന്ദേശങ്ങളില്‍ എന്നെ തേടിയെത്തിക്കൊണ്ടിരിക്കുന്നു. സ്വാശ്രയ ഭാരതം പ്രചാരണത്തിന് ഊന്നല്‍ നല്‍കണമെന്ന് ഞാന്‍ വീണ്ടും നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുക, ലോക്കലിനു വേണ്ടി വോക്കല്‍ ആകുക. നിങ്ങളുടെ വീടുകള്‍ വൃത്തിയായി സൂക്ഷിക്കുക, നിങ്ങളുടെ പ്രദേശവും നഗരവും വൃത്തിയായി സൂക്ഷിക്കുക, നിങ്ങള്‍ക്കറിയാവുന്നതുപോലെ, സര്‍ദാര്‍ സാഹബിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 ന് രാജ്യം ഐക്യദിനമായി ആഘോഷിക്കുന്നു, രാജ്യത്ത് പലയിടത്തും ഐക്യത്തിനായി റണ്‍ ഫോര്‍ യൂണിറ്റി എന്ന പരിപാടി സംഘടിപ്പിക്കുന്നു. നിങ്ങളും ഒക്ടോബര്‍ 31ന് റണ്‍ ഫോര്‍ യൂണിറ്റി പ്രോഗ്രാം സംഘടിപ്പിക്കൂ. അത്തരം പരിപാടികളില്‍ നിങ്ങളും വന്‍തോതില്‍ ചേരുകയും ഐക്യത്തിന്റെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുകയും വേണം. വരാനിരിക്കുന്ന ഉത്സവങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. നിങ്ങള്‍ എല്ലാവരും നിങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷമായി ഉത്സവങ്ങള്‍ ആഘോഷിക്കൂ. ഏവരും ആരോഗ്യത്തോടെയിരിക്കുക, സന്തോഷമായിരിക്കുക, ഇതാണ് എന്റെ ആഗ്രഹം. കൂടാതെ ദീപാവലി സമയത്ത് തീപിടുത്തം ഉണ്ടാകാന്‍ സാധ്യതയുള്ള അബദ്ധങ്ങള്‍  ചെയ്യരുത്. ആരുടെയെങ്കിലും ജീവന്‍ അപകടത്തിലാണെങ്കില്‍, നിങ്ങള്‍ സ്വയം പരിപാലിക്കുകയും മുഴുവന്‍ പ്രദേശത്തെയും പരിപാലിക്കുകയും വേണം. ഒത്തിരി ഒത്തിരി ആശംസകള്‍. വളരെ നന്ദി.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ
Maintained By : Studio3