ഭാരതം 2,600 കോടിയിലധികം രൂപയുടെ കളിപ്പാട്ടങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നു
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 ജൂലൈ 31 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്‌ക്കാരം.
ഇത് മന്‍ കി ബാത്തിന്റെ 91-ാം പതിപ്പാണ്. നമ്മള്‍ മുന്‍പ് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. പല പല വിഷയങ്ങളിലും സ്വന്തം അഭിപ്രായം പങ്കുവെച്ചു. എന്നാല്‍ ഇപ്രാവശ്യത്തെ മന്‍ കി ബാത്തിന് ഒരു പ്രധാന സവിശേഷതയുണ്ട്. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ ഭാരതം സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയാകുന്നു എന്നതാണ് കാരണം. നാമെല്ലാവരും വളരെ അത്ഭുതകരമായ, ചരിത്രപരമായ ആ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ പോകുകയാണ്. ഈശ്വരന്‍ ഈ വലിയ ഭാഗ്യമാണ് നമുക്ക് തന്നിരിക്കുന്നത്.
നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കൂ, നമ്മള്‍ അടിമത്തത്തിന്റെ കാലത്താണ് ജനിച്ചിരുന്നതെങ്കില്‍ ഈ ഒരു ദിവസത്തെ കുറിച്ച് നമുക്ക് സങ്കല്പിക്കാന്‍ സാധിക്കുമായിരുന്നോ? അടിമത്തത്തില്‍ നിന്നുള്ള മോചനത്തിനു വേണ്ടിയുള്ള ആ പിടച്ചില്‍ പാരതന്ത്ര്യത്തിന്റെ ചങ്ങലകളില്‍ നിന്നു സ്വാതന്ത്ര്യം നേടാനുള്ള ആ പാരവശ്യം എത്ര വലുതായിരുന്നിരിക്കും. ആ കാലത്തായിരുന്നെങ്കില്‍ ഓരോ ദിവസവും ലക്ഷക്കണക്കിന് ഭാരതീയര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി, മല്ലടിച്ച് ജീവത്യാഗം ചെയ്യുന്നത് നമ്മളും കാണുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ എന്റെ ഹിന്ദുസ്ഥാന്‍ എന്നാണ് സ്വാതന്ത്ര്യം നേടുന്നത് എന്ന സ്വപ്നവുമായിട്ടായിരിക്കും ഓരോ പ്രഭാതത്തിലും നാം ഉണരുക. ഒരുപക്ഷേ, നമ്മളും ‘വന്ദേമാതരം’ പാടിക്കൊണ്ട്, ‘ഭാരത് മാതാ കി ജയ്’ വിളിച്ചുകൊണ്ട് വരും തലമുറയ്ക്കു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുമായിരുന്നു. സ്വന്തം യുവത്വം ഹോമിക്കുമായിരുന്നു.
സുഹൃത്തുക്കളേ, ജൂലൈ 31, അതായത് ഇന്ന്, നമ്മള്‍ എല്ലാവരും ഉധം സിങ്ങിന്റെ രക്തസാക്ഷിത്വത്തിനു മുന്നില്‍ പ്രണമിക്കുകയാണ്. രാജ്യത്തിനുവേണ്ടി തങ്ങളുടെ സര്‍വ്വസ്വവും സമര്‍പ്പിച്ച മഹാന്മാരായ എല്ലാ വിപ്ലവകാരികള്‍ക്കും ഈ അവസരത്തില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
സുഹൃത്തുക്കളേ, സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഒരു ജനകീയ വിപ്ലവമായി മാറിയിരിക്കുന്നതില്‍ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. സമൂഹത്തിലെ ഓരോ വിഭാഗത്തില്‍പ്പെട്ടവരും ഇതുമായി ബന്ധപ്പെട്ട് പല പരിപാടികളിലും പങ്കെടുക്കുന്നു. ഇതില്‍ ഒരു പരിപാടിയാണ് ഈ മാസം ആദ്യം മേഘാലയയില്‍ നടന്നത്. മേഘാലയയിലെ വീരനായ യോദ്ധാവ് യു. ടിരോത് സിംഗിന്റെ ചരമദിനത്തില്‍ ആളുകള്‍ അദ്ദേഹത്തെ സ്മരിച്ചു. ഖാസി ഹില്‍സില്‍ അധികാരം സ്ഥാപിക്കാനും അവിടത്തെ സംസ്‌കാരത്തിന് പ്രഹരം ഏല്‍പ്പിക്കാനും ശ്രമിച്ച വെള്ളക്കാരുടെ ഗൂഢാലോചനയെ ചെറുത്തു തോല്‍പ്പിക്കാന്‍ ടിരോത് സിംഗ് ശ്രമിച്ചു. ചരമദിന പരിപാടിയില്‍ ഒരുപാട് കലാകാരന്മാര്‍ മനോഹരമായി അവരവരുടെ കലാവൈഭവം പ്രകടിപ്പിച്ചു. അതുവഴി ചരിത്രത്തെ ജീവസ്സുറ്റതാക്കി. ഇതില്‍ മേഘാലയയുടെ മഹത്തായ സംസ്‌കാരം വിളിച്ചോതുന്ന ഒരു കാര്‍ണിവല്‍ അവതരിപ്പിക്കപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് കര്‍ണ്ണാടകയില്‍ ‘അമൃത ഭാരതീ കന്നടാര്‍ത്ഥി’ എന്ന പേരില്‍ ഒരു പാരിപാടി സംഘടിപ്പിക്കപ്പെട്ടു. അതിന്റെ ഭാഗമായി സംസ്ഥാനത്തെ 75 സ്ഥലങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവുമായി ബന്ധപ്പെട്ട് ഗംഭീരമായ പരിപാടി നടത്തപ്പെട്ടു. അതില്‍ കര്‍ണ്ണാടകത്തിലെ മഹാന്മാരായ സ്വാതന്ത്ര്യസമരസേനാനികളെ സ്മരിക്കുന്നതിനോടൊപ്പം പ്രാദേശിക സാഹിത്യസംബന്ധിയായ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതിനും ശ്രമം നടന്നു.
സുഹൃത്തുക്കളേ, ഈ ജൂലായില്‍ ‘സ്വാതന്ത്ര്യത്തിന്റെ തീവണ്ടിയും റെയില്‍വേ സ്റ്റേഷനും’ എന്ന പേരില്‍ വളരെ ശ്രദ്ധേയമായ ഒരു പരിപാടി സംഘടിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ പങ്കിനെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന പല റെയില്‍വേ സ്റ്റേഷനുകളും നമ്മുടെ നാട്ടിലുണ്ട്. ഈ റെയില്‍വേ സ്റ്റേഷനുകളെ കുറിച്ച് അറിയുമ്പോള്‍ നിങ്ങളും അത്ഭുതപ്പെടും. ഝാര്‍ഖണ്ഡിലെ ‘ഗോമോ ജംഗ്ഷന്‍’ ഇപ്പോള്‍ ‘നേതാജി സുഭാഷ്ചന്ദ്രബോസ് ജംഗ്ഷന്‍ ഗോമോ’ എന്നാണ് ഔദ്യോഗികമായി ഇപ്പോള്‍ അറിയപ്പെടുന്നത്. എന്തുകൊണ്ടെന്നറിയാമോ? കാല്‍കാ മെയിലില്‍ സഞ്ചരിക്കവേ ഇതേ സ്റ്റേഷനില്‍ വെച്ചാണ് സുഭാഷ് ചന്ദ്രബോസിന് ബ്രിട്ടീഷുകാരെ കബളിപ്പിക്കാനായത്. നിങ്ങളെല്ലാവരും ലഖ്നൗവിന് അടുത്തുള്ള കാകോരി റെയില്‍വേ സ്റ്റേഷനെപ്പറ്റി കേട്ടുകാണും. രാമപ്രസാദ ബിസ്മില്‍, അശ്ഫാക് ഉല്ലാഖാന്‍ മുതലായ ധീരന്മാരുടെ പേരുകള്‍ ഈ സ്റ്റേഷനുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതുവഴി യാത്ര ചെയ്ത ഇംഗ്ലീഷുകാരുടെ ഖജനാവ് കൊള്ളയടിക്കുകവഴി ഈ ധീര വിപ്ലവകാരികള്‍ അവരുടെ ശക്തി അറിയിക്കുകയാണ് ചെയ്തത്. നിങ്ങള്‍ തമിഴ്നാട്ടുകാരുമായി സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു തൂത്തുക്കുടി ജില്ലയിലെ ‘വാഞ്ചി മണിയാച്ചി ജംഗ്ഷനെ’പ്പറ്റി അറിയാന്‍ കഴിയും. ഈ സ്റ്റേഷന്‍ തമിഴ് സ്വാതന്ത്ര്യസമരസേനാനി വാഞ്ചിനാഥന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ വെച്ചാണ് 25 വയസ്സുകാരന്‍ വാഞ്ചി ബ്രിട്ടീഷ് കളക്ടര്‍ക്ക് അദ്ദേഹത്തിന്റെ ചെയ്തിയ്ക്കു ശിക്ഷ നല്‍കിയത്.
സുഹൃത്തുക്കളേ, ആ പട്ടിക വളരെ വലുതാണ്. രാജ്യത്തിലെ ഇരുപത്തിനാല് സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന 75 റെയില്‍വേ സ്റ്റേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ 75 റെയില്‍വേ സ്റ്റേഷനുകളും വളരെ ഭംഗിയായി അലങ്കരിക്കുകയാണ്. ഈ സ്റ്റേഷനുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളും നിങ്ങളുടെ സമീപത്തുള്ള ഐതിഹാസികമായ സ്റ്റേഷന്‍ തീര്‍ച്ചയായും സന്ദര്‍ശിക്കാനുള്ള സമയം കണ്ടെത്തുക തന്നെ വേണം. അപ്പോള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഇതുവരെ നമുക്ക് അറിയാന്‍ കഴിയാതിരുന്ന ചരിത്രത്തെ കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ കഴിയും. സ്വന്തം സ്‌കൂളിലെ ചെറിയ കുട്ടികളെ ഇങ്ങനെയുള്ള സ്റ്റേഷനുകളില്‍ കൊണ്ടുപോയി സംഭവങ്ങളെല്ലാം അവരെ പറഞ്ഞു കേള്‍പ്പിക്കുകയും അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യണം എന്നാണ് സമീപപ്രദേശങ്ങളിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും എനിക്കു പറയാനുള്ളത്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 13 മുതല്‍ 15 വരെ ‘ഹര്‍ ഘര്‍ തിരംഗ, ഓരോ വീട്ടിലും ത്രിവര്‍ണ്ണ പതാക’ എന്ന സവിശേഷമായ പരിപാടി സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ നിങ്ങളും സ്വന്തം വീടുകളില്‍ തീര്‍ച്ചയായും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണം. ത്രിവര്‍ണ്ണ പതാക നമ്മെ ഐക്യപ്പെടുത്തുന്നു, രാജ്യത്തിനുവേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ആഗസ്റ്റ് രണ്ടു മുതല്‍ 15 വരെ ത്രിവര്‍ണ്ണ പതാകയെ സ്വന്തം സോഷ്യല്‍ മീഡിയാ പ്രൊഫൈല്‍ പിക്ചറാക്കാനുള്ള ഒരു നിര്‍ദ്ദേശവും ഞാന്‍ നിങ്ങളുടെ മുന്നില്‍ വെയ്ക്കുകയാണ്. ആഗസ്റ്റ് രണ്ട് എന്ന തീയതിക്ക് നമ്മുടെ ത്രിവര്‍ണ്ണ പതാകയുമായി ഒരു വിശേഷബന്ധം ഉണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയുമോ? പിംഗലി വെങ്കയ്യയുടെ ജന്മ വാര്‍ഷിക ദിനമാണ് അന്ന്. അദ്ദേഹമാണ് നമ്മുടെ ദേശീയപതാക രൂപകല്‍പ്പന ചെയ്തത്. ഞാന്‍ ആദരപൂര്‍വ്വം അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയാണ്. നമ്മുടെ ദേശീയപതാകയെ കുറിച്ച് സംസാരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞാന്‍ മാഡം കാമാ എന്ന വിപ്ലവകാരിയായ മഹതിയെ സ്മരിക്കുകയാണ്. ത്രിവര്‍ണ്ണ പതാക രൂപകല്‍പ്പന ചെയ്തതില്‍ അവരുടെ പങ്ക് വളരെ മഹത്തരമാണ്.
പ്രിയമുള്ള സുഹൃത്തുക്കളേ, നമ്മള്‍ നാട്ടുകാരെല്ലാവരും വളരെ നിഷ്ഠയോടു കൂടി സ്വന്തം കര്‍ത്തവ്യങ്ങള്‍ നിറവേറ്റണം എന്നതാണ് സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടേയും മഹത്തായ സന്ദേശം. എന്നാല്‍ മാത്രമേ എണ്ണമറ്റ നമ്മുടെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നം നമുക്ക് പൂര്‍ണ്ണമാക്കാന്‍ കഴിയൂ. അവരുടെ സ്വപ്നത്തിലെ ഭാരതം കെട്ടിപ്പടുക്കാന്‍ കഴിയൂ. അതുകൊണ്ട് ഇനി വരാന്‍ പോകുന്ന 25 വര്‍ഷം എന്ന ആ അമൃതകാലഘട്ടം ഓരോ ഭാരതീയനും കര്‍ത്തവ്യം നിറവേറ്റാനുള്ള കാലം പോലെ തന്നെയാണ്. രാജ്യത്തെ സ്വതന്ത്രമാക്കിയ നമ്മുടെ ധീരസേനാനികള്‍ ഈ ചുമതല നമ്മെ ഏല്‍പ്പിച്ചിട്ടാണ് കടന്നുപോയത്. അത് നമുക്ക് പൂര്‍ണ്ണമായും നിറവേറ്റേണ്ടതുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കൊറോണയ്ക്കെതിരായി നമ്മുടെ യുദ്ധം ഇപ്പോഴും നിലനില്‍ക്കുന്നു. ലോകം മുഴുവന്‍ ഇപ്പോഴും ഇതുമായി മല്ലിടുന്നു. ജനങ്ങള്‍ക്ക് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയറിലുള്ള ഏറിവരുന്ന താല്പര്യം ഇതില്‍ എല്ലാവരെയും സഹായിച്ചിട്ടുണ്ട്. കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ ഭാരതത്തിന്റെ പരമ്പരാഗത ചികിത്സാ പദ്ധതി എത്രമാത്രം ഫലപ്രദമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആയുഷ് ആഗോളതലത്തില്‍ ഇതിനായി പ്രധാന പങ്ക് നിര്‍വ്വഹിച്ചിട്ടുണ്ട്. ലോകത്തെമ്പാടും ആയുര്‍വേദത്തിനോടും ഭാരതീയ മരുന്നുകളോടുമുള്ള താല്പര്യം വര്‍ദ്ധിച്ചു വരുന്നുണ്ട്. ആയുഷ് എക്സ്പോര്‍ട്ടില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായതിനു കാരണം ഇതാണ്. മാത്രമല്ല, ഈ മേഖലയില്‍ പല പുതിയ സ്റ്റാര്‍ട്ടപ്പുകളും വരുന്നു എന്നുള്ളത് വളരെ നല്ല കാര്യമാണ്. ഈ അടുത്തകാലത്ത് ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സമ്മിറ്റ് നടന്നു. ഈ ഉച്ചകോടിയില്‍ ഏകദേശം പതിനായിരം കോടി രൂപയുടെ ഇന്‍വെസ്റ്റ്മെന്റ് പ്രൊപ്പോസലുകള്‍ കിട്ടി എന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേയ്ക്കാം. കൊറോണക്കാലത്ത് ഔഷധസസ്യങ്ങളുടെ റിസര്‍ച്ചില്‍ വന്‍ വര്‍ദ്ധനവുണ്ടായി എന്നുള്ളത് മറ്റൊരു പ്രധാന കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് വളരെയധികം ഗവേഷണപഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. ഇത് എന്തായാലും നല്ലൊരു തുടക്കമാണ്.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് ഔഷധസസ്യങ്ങളുമായി ബന്ധപ്പെട്ട് മഹത്തരമായ പ്രയത്നങ്ങള്‍ നടക്കുന്നു. ഈ ജൂലൈ മാസത്തില്‍ തന്നെ ‘ഇന്ത്യന്‍ വെര്‍ച്വല്‍ ഹെര്‍ബേറിയം’ ലോഞ്ച് ചെയ്യപ്പെട്ടു. നമ്മുടെ വേരുകളുമായി ചേരുന്നതിന് ഡിജിറ്റല്‍ ലോകത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് ഉദാഹരണമാണ് ഇത്. സംരക്ഷിത ചെടികള്‍ അഥവാ ചെടികളുടെ ഭാഗങ്ങളുടെ ഡിജിറ്റല്‍ ഇമേജിന്റെ താല്പര്യജനകമായ സംഗ്രഹമാണ് ഇന്ത്യന്‍ വെര്‍ച്വല്‍ ഹെര്‍ബേറിയം. ഇവ വെബുകളില്‍ സുലഭമാണ്. ഈ വെര്‍ച്വല്‍ ഹെര്‍ബേറിയത്തില്‍ ഒരുലക്ഷത്തിലധികം സ്പെസിമെന്‍സുമായി ബന്ധപ്പെട്ട് സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ലഭ്യമാണ്. ഭാരതത്തിന്റെ സസ്യവൈവിദ്ധ്യത്തിന്റെ സമൃദ്ധമായ ചിത്രം വെര്‍ച്വല്‍ ഹെര്‍ബേറിയത്തില്‍ കാണപ്പെടുന്നു. ഇന്ത്യന്‍ വെര്‍ച്വല്‍ ഹെര്‍ബേറിയം ഭാരതീയ സസ്യജാലങ്ങളുടെ ഗവേഷണത്തിന് മഹത്തായ റിസോഴ്സ് ആകുമെന്ന് ഞാന്‍ കരുതുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മന്‍ കീ ബാത്തിലൂടെ ഓരോ പ്രാവശ്യവും നമ്മള്‍, നമ്മളില്‍ ആഹ്ലാദമുണര്‍ത്തുന്ന, നമ്മുടെ നാട്ടുകാരുടെ വിജയഗാഥകള്‍ ആണ് ചര്‍ച്ച ചെയ്യുന്നത്. അങ്ങനെയുള്ള വിജയഗാഥ ചുണ്ടില്‍ പുഞ്ചിരി പടര്‍ത്തുമെങ്കില്‍, നാവില്‍ മാധുര്യം ഉണര്‍ത്തുമെങ്കില്‍ അതിനെ നമ്മള്‍ സ്വര്‍ണ്ണത്തിന് സുഗന്ധം പോലെ എന്നുപറയും. നമ്മുടെ കൃഷിക്കാര്‍ ഈയിടെ തേന്‍ ഉല്പാദനത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. തേനിന്റെ മാധുര്യം നമ്മുടെ കൃഷിക്കാരുടെ ജീവിതം മാറ്റിമറിയ്ക്കുകയാണ്. അവരുടെ വരുമാനം വര്‍ദ്ധിച്ചിരിക്കുകയാണ്. ഹരിയാനയിലെ യമുനാ നഗറില്‍ സുഭാഷ് കംബോജ് എന്നു പേരുള്ള തേനീച്ച വളര്‍ത്തുകാരന്‍ സുഹൃത്തുണ്ട്. ശാസ്ത്രീയമായി തേനീച്ച പരിപാലനം ചെയ്യുവാനുള്ള പരിശീലനം സിദ്ധിച്ചയാളാണ് ശ്രീ സുഭാഷ്. അദ്ദേഹം കേവലം ആറ് കൂടുമായാണ് ആദ്യം സംരംഭം ആരംഭിച്ചത്. ഇന്ന് അദ്ദേഹം ഏകദേശം രണ്ടായിരം കൂടുകളില്‍ തേനീച്ചകളെ വളര്‍ത്തുന്നുണ്ട്. അദ്ദേഹം ഉല്പാദിപ്പിക്കുന്ന തേന്‍ പല രാജ്യങ്ങളിലും വിതരണം ചെയ്യുന്നുണ്ട്. ജമ്മുവിലെ പല്ലി എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ശ്രീ വിനോദ് കുമാര്‍ 1500 ലധികം തേനീച്ച കോളനികള്‍ പരിപാലിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം അദ്ദേഹം റാണി തേനീച്ച പരിപാലനത്തില്‍ പരിശീലനം നേടി. ഇതിലൂടെ അദ്ദേഹം 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ വാര്‍ഷിക വരുമാനം നേടുന്നുണ്ട്. ശ്രീ മധുകേശ്വര്‍ ഹെഗ്ഡേ കര്‍ണ്ണാടകത്തിലെ ഒരു കൃഷിക്കാരനാണ്. താന്‍ ഭാരത സര്‍ക്കാരില്‍ നിന്നും 50 തേനീച്ച കോളനികള്‍ക്കായുള്ള സബ്സിഡി എടുത്തിരുന്നു എന്ന് ശ്രീ മധുകേശ്വര്‍ പറഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ പക്കല്‍ 800 ല്‍പ്പരം കോളനികള്‍ ഉണ്ടെന്നു മാത്രമല്ല, ധാരാളം ടണ്‍ തേന്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളില്‍ പല പുതുമകളും ആവിഷ്‌ക്കരിച്ചു. ഞാവല്‍ തേന്‍, തുളസി തേന്‍, നെല്ലിക്ക തേന്‍ തുടങ്ങിയ സസ്യങ്ങളില്‍ നിന്ന് എടുക്കുന്ന തേനിന്റെ വിവിധ ഇനങ്ങള്‍ ഉണ്ടാക്കുന്നുമുണ്ട്. ശ്രീ മധുകേശ്വറിന്റെ തേനുല്പാദനത്തിലെ പുതുമയും വിജയവും അദ്ദേഹത്തിന്റെ പേര് അന്വര്‍ത്ഥമാക്കുന്നതു തന്നെയാണ്.
സുഹൃത്തുക്കളേ, തേനിന് നമ്മുടെ പരമ്പരാഗത ആരോഗ്യശാസ്ത്രത്തില്‍ എത്രയേറെ പ്രാധാന്യമാണുള്ളതെന്ന് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ തേനിനെ അമൃത് എന്നാണ് പറഞ്ഞിരിക്കുന്നത്. തേന്‍ നമുക്ക് സ്വാദ് മാത്രമല്ല, ആരോഗ്യവും പ്രദാനം ചെയ്യുന്നു. തേന്‍ ഉല്പാദനരംഗത്ത് ഇന്ന് അനേകം സാധ്യതകളുണ്ട്. പ്രൊഫഷണല്‍ ഡിഗ്രി എടുത്ത യുവാക്കളും ഇതില്‍ സ്വയംതൊഴില്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരാളാണ് യു പിയിലെ ഖോരക്പുരിലെ ശ്രീ നിമിത് സിംഗ്. ശ്രീ നിമിത് ബി ടെക്കുകാരനാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ ഡോക്ടറുമാണ്. എന്നാല്‍ പഠിത്തം കഴിഞ്ഞശേഷം ശ്രീ നിമിത് ജോലിക്കു പകരം സ്വയംതൊഴില്‍ ചെയ്യാനുള്ള തീരുമാനം എടുത്തു. അദ്ദേഹം തേന്‍ ഉല്പാദനം തൊഴിലായി സ്വീകരിച്ചു. ഗുണനിലവാര പരിശോധനകള്‍ക്കായി ലഖ്നൗവില്‍ സ്വന്തമായി ഒരു ലാബും ഉണ്ടാക്കി. ശ്രീ നിമിത് ഇപ്പോള്‍ തേനില്‍ നിന്നും മെഴുകില്‍ നിന്നും നല്ല വരുമാനം ഉണ്ടാക്കുന്നുണ്ട്. കൂടാതെ പല നാട്ടില്‍ പോയി കര്‍ഷകര്‍ക്ക് പരിശീലനവും നല്‍കുന്നു. ഇതുപോലുള്ള ചെറുപ്പക്കാരുടെ ശ്രമഫലമായാണ് നമ്മുടെ രാജ്യം ഇന്ന് ഇത്ര വലിയ തേന്‍ ഉല്പാദക രാജ്യമായി മാറുന്നത്. നമ്മുടെ രാജ്യത്ത് തേനിന്റെ കയറ്റുമതി കൂടി എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. നമ്മുടെ രാജ്യം നാഷണല്‍ ബീ കീപ്പിംഗ് ആന്‍ഡ് ഹണി മിഷന്‍ എന്ന പദ്ധതി തുടങ്ങി. കര്‍ഷകര്‍ കഠിനമായി അദ്ധ്വാനിച്ചു. അങ്ങനെ നമ്മുടെ തേനിന്റെ മാധുര്യം ലോകമെമ്പാടും വ്യാപിച്ചു. ഈ മേഖലയില്‍ ഇനിയും വലിയ സാധ്യതകളുണ്ട്. നമ്മുടെ യുവാക്കള്‍ ഇത്തരം അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എനിക്ക് ഹിമാചല്‍ പ്രദേശിലെ മന്‍ കീ ബാത്ത് ശ്രോതാവ് ശ്രീമാന്‍ ആശിഷ് ബഹല്‍ജീയുടെ കത്ത് കിട്ടി. അദ്ദേഹം കത്തില്‍ ചമ്പയിലെ ‘മിഞ്ചര്‍ മേള’യെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ചോളത്തിന്റെ പൂവിനെയാണ് മിഞ്ചര്‍ എന്നുപറയുന്നത്. ചോളം പൂവിടുമ്പോള്‍ മിഞ്ചര്‍ മേള അഥവാ മിഞ്ചര്‍ ഉത്സവം ആഘോഷിക്കുന്നു. ഈ ഉത്സവത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ടൂറിസ്റ്റുകള്‍ പങ്കെടുക്കാന്‍ വരും. യാദൃശ്ചികം എന്നുപറയട്ടെ, ഇപ്പോള്‍ മിഞ്ചര്‍ മേള നടക്കുകയാണ്. നിങ്ങള്‍ ഇപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ പര്യടനം നടത്തുകയാണെങ്കില്‍ ഈ ഉത്സവം കാണാന്‍ ചമ്പയില്‍ പോകാവുന്നതാണ്. ചമ്പ വളരെ മനോഹരമായ പ്രദേശമായതുകൊണ്ടാണ് അവിടത്തെ നാടന്‍പാട്ടുകളില്‍ ഇടയ്ക്കിടെ ഇങ്ങനെ പറയുന്നത് – ‘ചമ്പേ ഇക് ദിന്‍ ഓണാ കനേ മഹീനാ റൈണാ’ – അതായത് ആരോണോ ഒരു ദിവസത്തേക്ക് ചമ്പയില്‍ വരുന്നത് അവന്‍ ഈ പ്രദേശത്തെ മനോഹാരിത കണ്ട് ഒരുമാസം വരെ ഇവിടെ തങ്ങുന്നു.
സുഹൃത്തുക്കളേ, നമ്മുടെ നാട്ടില്‍ ഉത്സവങ്ങള്‍ക്ക് വലിയ സാംസ്‌കാരിക മഹത്വം ഉണ്ട്. ഉത്സവങ്ങള്‍ ജനങ്ങളെയും മനസ്സുകളെയും ഒന്നിപ്പിക്കുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കാലത്തിനുശേഷം ‘ഖരീഫ്’ വിളകള്‍ പാകമാകുമ്പോള്‍ സെപ്റ്റംബറില്‍ ഷിംലയില്‍, മാണ്ഡിയില്‍, കുള്ളുവില്‍. സോലനില്‍ ‘സൈരി’ അഥവാ ‘സൈര്‍’ ആഘോഷിക്കുന്നു. സെപ്റ്റംബറില്‍ തന്നെയാണ് ‘ജാഗ്ര’യും വരുന്നത്. ജാഗ്ര ഉത്സവത്തില്‍ ‘മഹാസു’ ദേവനെ ആഹ്വാനം ചെയ്ത് ‘ബീസു’ ഗാനം ആലപിക്കും. മഹാസു ദേവന്റെ ഈ ജാഗ്ര ഷിംലയിലും കിന്നൗറിലും സിര്‍മൗറിനും ഒപ്പം ഉത്തരാഖണ്ഡിലും ആഘോഷിക്കപ്പെടുന്നു.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും ആദിവാസികളുടെ ഇടയില്‍ പല പരമ്പരാഗത മേളകളും അതായത് ഉത്സവങ്ങളുമുണ്ട്. ഇവയില്‍ ചിലതൊക്കെ ആദിവാസികളുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ളവയാണെങ്കില്‍ ചിലത് ആദിവാസി സമൂഹത്തിന്റെ ചരിത്രവും പൈതൃകവുമായി ബന്ധപ്പെട്ടവയാണ്. ഉദാഹരണമായി നിങ്ങള്‍ക്ക് അവസരം കിട്ടിയാല്‍ തെലുങ്കാനയിലെ മേഡാരമിലെ നാലുദിവസം നീണ്ടുനില്‍ക്കുന്ന സമക്ക-സരളമ്മ ജാത്ര മേള കാണാന്‍ പോകണം. ഈ ഉത്സവം തെലുങ്കാനയിലെ മഹാകുംഭമേള എന്നാണ് അറിയപ്പെടുന്നത്. സരളമ്മയെന്നും സമക്ക എന്നും പേരുള്ള രണ്ട് ആദിവാസി നായികമാരായ മഹിളകളെ ആദരിക്കുന്ന ആഘോഷമാണ് സരളമ്മ സമക്ക ജാത്ര മേള. ഇത് തെലുങ്കാനയിലെ മാത്രമല്ല, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് മുതലായ സംസ്ഥാനങ്ങളിലെയും കോയാ ആദിവാസി സമൂഹത്തിന്റെയും ആരാധനയുടെ, വിശ്വാസത്തിന്റെ കേന്ദ്രമാണ്. ആന്ധ്രാപ്രദേശിലെ മാരിദമ്മയുടെ ഉത്സവവും ആദിവാസി സമൂഹത്തിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട ആഘോഷമാണ്. ജേഷ്ഠമാസത്തിലെ അമാവാസി മുതല്‍ ആഷാഢമാസത്തിലെ അമാവാസി വരെ നീളുന്നതാണ് ഈ ഉത്സവം. ഇവിടത്തെ ആദിവാസി സമൂഹം ഇതിനെ ശക്തിയുടെ ഉപാസനയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഇവിടെ കിഴക്കന്‍ ഗോദാവരിയിലെ പെധാപുരത്ത് മാരിദമ്മയുടെ ഒരു ക്ഷേത്രമുണ്ട്. അതുപോലെ രാജസ്ഥാനിലെ ഗരാസിയ എന്ന ആദിവാസി സമൂഹം വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി ദിവസം ‘സിയാവാ മേള’ അഥവാ ‘മന്‍ഖാരോ മേള’ സംഘടിപ്പിക്കുന്നു.
ഛത്തീസ്ഗഢിലെ ബസ്തറില്‍ നാരായണപുരത്തെ ‘മാവലി മേള’ വളരെ സവിശേഷതയാര്‍ന്ന ഉത്സവമാണ്. സമീപത്തുള്ള മദ്ധ്യപ്രദേശിലെ ‘ഭഗോരിയ മേള’ വളരെ പ്രസിദ്ധമാണ്. ഭോജരാജാവിന്റെ കാലത്താണ് ഭഗോരിയ മേളയ്ക്ക് തുടക്കം കുറിച്ചതെന്നും പറയപ്പെടുന്നു. അന്ന് കാസൂംര എന്നും ബാലൂന്‍ എന്നും പേരുള്ള ഭീല്‍ രാജാക്കന്മാര്‍ അവരവരുടെ തലസ്ഥാനത്താണ് ആദ്യം ഈ ഉത്സവം സംഘടിപ്പിച്ചത്. അന്നുമുതല്‍ ഇക്കാലം വരെ ഈ ഉത്സവം അതേ ഉത്സാഹത്തോടെ ആഘോഷിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ ഗുജറാത്തില്‍ ‘തരണേതര്‍’, ‘മാധോപുര്‍’ തുടങ്ങി വളരെ പ്രസിദ്ധമായ പല ഉത്സവങ്ങളുമുണ്ട്. ഉത്സവങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ, നമ്മുടെ ജീവിതത്തിന്റെ ഊര്‍ജ്ജസ്രോതസ്സാകുന്നു. നിങ്ങളുടെ സമീപപ്രദേശങ്ങളിലും ഇതുപോലുള്ള അനേകം ഉത്സവങ്ങള്‍ ഉണ്ടാകാം. ഈ ആധുനികകാലത്ത് സമൂഹത്തിലെ ഇതുപോലുള്ള പുരാതന കണ്ണികള്‍ ‘ഏകഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സങ്കല്പത്തെ ശക്തിപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാ ണ്. നമ്മുടെ യുവാക്കള്‍ തീര്‍ച്ചയായും ഇവയുമായി ബന്ധപ്പെടണം. എപ്പോഴെങ്കിലും നിങ്ങള്‍ ഇങ്ങനെയുള്ള ഉത്സവങ്ങളില്‍ പോകണം. അവിടത്തെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും വേണം. ആഗ്രഹമുണ്ടെങ്കില്‍ ഏതെങ്കിലും പ്രധാന ഹാഷ് ടാഗ് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതിലൂടെ ഈ ആഘോഷങ്ങളെ കുറിച്ച് മറ്റുള്ളവരും അറിയും. സാംസ്‌കാരിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും നിങ്ങള്‍ക്ക് ആ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സാംസ്‌കാരിക മന്ത്രാലയം ഒരു മത്സരം സംഘടിപ്പിക്കുന്നു. അതില്‍ ഉത്സവങ്ങളുടെ ഏറ്റവും നല്ല ചിത്രങ്ങള്‍ അയക്കുന്ന ആളുകള്‍ക്ക് സമ്മാനം നല്‍കപ്പെടും. അപ്പോള്‍ പിന്നെ അമാന്തിക്കുന്നതെന്തിനാണ്! ഉത്സവങ്ങള്‍ കാണുക, ചിത്രങ്ങള്‍ പങ്കുവെയ്ക്കുക. സമ്മാനം ഒരുപക്ഷേ നിങ്ങള്‍ക്കാണെങ്കിലോ!
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ക്ക് ഓര്‍മ്മ കാണും, മന്‍ കി ബാത്തിന്റെ ഒരു ലക്കത്തില്‍ ഭാരതത്തിന് കളിപ്പാട്ട കയറ്റുമതിയുടെ പവര്‍ ഹൗസ് ആകാനുള്ള എല്ലാ കഴിവും ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. സ്പോര്‍ട്സിലും ഗയിംസിലും ഭാരതത്തിന്റെ സമൃദ്ധമായ പാരമ്പര്യത്തെ കുറിച്ചു ഞാന്‍ വിശേഷിച്ചു ചര്‍ച്ച ചെയ്തു. ഭാരതത്തിന്റെ തദ്ദേശീയ കളിപ്പാട്ടങ്ങള്‍ നമ്മുടെ പാരമ്പര്യത്തിനും പ്രകൃതിക്കും അനുകൂലമാണ്. പരിസ്ഥിതി സൗഹൃദവുമാണ്. ഞാനിന്ന് നിങ്ങളോട് ഇന്ത്യന്‍ കളിപ്പാട്ടങ്ങളുടെ വിജയം പങ്കിടാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ചെറുപ്പക്കാരുടെ സ്റ്റാര്‍ട്ടപ്പുകളുടെയും സംരംഭകരുടെയും ബലത്തില്‍ നമ്മുടെ കളിപ്പാട്ട വ്യവസായം ഇത്രയധികം വിജയം വരിക്കുമെന്ന് ആരും തന്നെ സങ്കല്പിച്ചിട്ടുണ്ടാകില്ല. ഇന്നിപ്പോള്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങളെ കുറിച്ച് പറയുമ്പോള്‍ എല്ലായിടത്തു നിന്നും വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നുതന്നെ മുഴങ്ങിക്കേള്‍ക്കുന്നു. ഇന്ത്യയിലിപ്പോള്‍ വിദേശത്തുനിന്ന് വരുന്ന കളിപ്പാട്ടങ്ങളുടെ എണ്ണം നിരന്തരം കുറഞ്ഞുവരുന്നു എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. മുന്‍പ് 3,000 കോടിയിലധികം രൂപയുടെ കളിപ്പാട്ടങ്ങള്‍ വിദേശത്തുനിന്നും വന്നിരുന്നിടത്ത് ഇപ്പോള്‍ ഇവയുടെ ഇറക്കുമതി 70 ശതമാനം വരെ കുറഞ്ഞിരിക്കുന്നു. അതേസമയം ഭാരതം 2,600 കോടിയിലധികം രൂപയുടെ കളിപ്പാട്ടങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നു. മുന്‍പ് 300-400 കോടി രൂപയുടെ കളിപ്പാട്ടങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് പുറത്തേക്ക് അയക്കപ്പെട്ടിരുന്നത്. ഈ നേട്ടങ്ങള്‍ കൊറോണക്കാലത്താണ് എന്നുകൂടി നാം അറിയണം. ഭാരതത്തിന്റെ കളിപ്പാട്ടമേഖല സ്വയം രൂപമാറ്റം വരുത്തിക്കാണിച്ചു തന്നിരിക്കുന്നു. ഭാരതത്തിലെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ നമ്മുടെ പുരാണങ്ങളെയും ചരിത്രത്തെയും സംസ്‌കാരത്തെയും ആധാരമാക്കിയുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നു. കളിപ്പാട്ടമുണ്ടാക്കുന്ന ചെറുകിട സംരംഭകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കുന്നു. ഇത്തരം ചെറുകിട സംരംഭകര്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ ഇന്ന് ലോകം മുഴുവന്‍ എത്തുന്നു. ഭാരതത്തിന്റെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ ഇന്ന് ലോകത്തിലെ പ്രധാന ഗ്ലോബല്‍ ടോയ് ബ്രാന്‍ഡുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
നമ്മുടെ സ്റ്റാര്‍ട്ടപ് മേഖലയും കളിപ്പാട്ടത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു എന്നുള്ളത് എനിക്ക് വളരെ സന്തോഷപ്രദമായ കാര്യമാണ്. ഈ മേഖലയില്‍ അവര്‍ ശ്രദ്ധേയമായ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. ബാംഗ്ലൂരില്‍ ഷൂമി ടോയ്സ് എന്നു പേരുള്ള ഒരു സ്റ്റാര്‍ട്ടപ്, പരിസ്ഥിതി സൗഹൃദമായ കളിപ്പാട്ടങ്ങളില്‍ കേന്ദ്രീകരിച്ചാണ് മുന്നോട്ടു പോകുന്നത്. ഗുജറാത്തിലെ ആര്‍കിഡ്സൂ കമ്പനി ഏ ആര്‍ ബേയ്സ്ഡ് ഫ്ളാഷ് കാര്‍ഡുകളും ഏ ആര്‍ ബേയ്സ്ഡ് കഥാപുസ്തകങ്ങളും ഉണ്ടാക്കുന്നു. പൂനെയിലെ ഫണ്‍വെന്‍ഷന്‍ ലേണിംഗ് എന്ന കമ്പനി കളിപ്പാട്ടങ്ങളിലൂടെയും ആക്ടിവിറ്റി പസില്‍സിലൂടെയും ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗണിതത്തിലും കുട്ടികളുടെ അഭിരുചി വര്‍ദ്ധിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കളിപ്പാട്ട മേഖലയില്‍ മഹത്തരമായ സംഭാവനകള്‍ നല്‍കുന്ന ഉല്പാദകരെ, സ്റ്റാര്‍ട്ടപ്പുകളെ ഞാന്‍ അഭിനന്ദിക്കുകയാണ്. വരുവിന്‍, നമുക്കെല്ലാവര്‍ക്കും ഒരുമിച്ചു ചേര്‍ന്ന് ഭാരതത്തിലെ കളിപ്പാട്ടങ്ങളെ ലോകത്താകമാനം ജനകീയമാക്കാം. അതോടൊപ്പം തന്നെ ഭാരതത്തിലെ കളിപ്പാട്ടങ്ങളും പസില്‍സും ഗയിംസും ധാരാളമായി വാങ്ങണമെന്നാണ് അഭ്യുദയകാംക്ഷികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത്.
സുഹൃത്തുക്കളേ, ക്ലാസ്മുറികളിലാകട്ടെ, കളിക്കളത്തിലാകട്ടെ നമ്മുടെ യുവത രാജ്യത്തിന് അഭിമാനിക്കാന്‍ അവസരമൊരുക്കുന്നു. ഈ മാസത്തില്‍ സിങ്കപ്പൂര്‍ ഓപ്പണില്‍ പി വി സിന്ധു അവരുടെ ആദ്യ കിരീടം നേടി. നീരജ് ചോപ്രയും തന്റെ അഭൂതപൂര്‍വ്വമായ പ്രകടനം നിലനിര്‍ത്തിക്കൊണ്ട് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നമ്മുടെ രാജ്യത്തിനുവേണ്ടി വെള്ളിമെഡല്‍ നേടി. നമ്മുടെ കളിക്കാര്‍ അയര്‍ലന്റ് പാരാ ബാഡ്മിന്റണ്‍ ഇന്റര്‍ നാഷണലില്‍ 11 മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി. റോമില്‍ നടന്ന വേള്‍ഡ് കേഡറ്റ് റസലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതീയ കളിക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നമ്മുടെ താരം സൂരജ് ഗ്രക്കോ-റോമന്‍ ഈവന്റില്‍ അത്ഭുതം സൃഷ്ടിച്ചു. 32 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അദ്ദേഹത്തിലൂടെ റസലിംഗില്‍ സ്വര്‍ണ്ണമെഡല്‍ നേടി. നമ്മുടെ കളിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രവര്‍ത്തന നിരതമായ ഒരു മാസമായിരുന്നു. ചെന്നൈയില്‍ നടക്കുന്ന 44 -ാമത്തെ ചെസ് ഒളിമ്പ്യാഡിന് ആതിഥ്യം വഹിക്കുക എന്നത് ഭാരതത്തിന് വളരെ അഭിമാനകരമായ കാര്യമാണ്. ജൂലൈ 28 നാണ് ഈ ടൂര്‍ണമെന്റ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു. യു കെയില്‍ കോമണ്‍വെല്‍ത്ത് ഗയിംസ് ആരംഭിച്ചതും അതേദിവസം തന്നെയാണ്. യുവതയുടെ ആവേശം ഉള്‍ക്കൊണ്ട ഭാരതത്തിന്റെ സംഘം നമ്മുടെ രാജ്യത്തെ പ്രതിനിധീകരിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ ഭാരതീയരുടെ പേരില്‍ എല്ലാ കളിക്കാര്‍ക്കും അത്ലറ്റുകള്‍ക്കും ആശംസകള്‍ നേരുന്നു. ഭാരതം ഫിഫ അണ്ടര്‍ 17 വനിതാ ലോക കപ്പിന് ആതിഥ്യം വഹിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഈ ടൂര്‍ണമെന്റ് ഒക്ടോബര്‍ അടുപ്പിച്ചായിരിക്കും നടക്കുക. ഇത് രാജ്യത്തെ പെണ്‍കുട്ടികളുടെ കായികരംഗത്തോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കും.
സുഹൃത്തുക്കളേ, കുറച്ചു ദിവസം മുന്‍പാണല്ലോ രാജ്യത്തെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ ഫലപ്രഖ്യാപനം ഉണ്ടായത്. തങ്ങളുടെ കഠിപ്രയത്നത്തിന്റെ ഫലമായി വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളെയും ഞാന്‍ അനുമോദിക്കുന്നു. മഹാമാരിയുടെ കാലത്ത് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഈ ചുറ്റുപാടിലും നമ്മുടെ ചെറുപ്പക്കാര്‍ കാണിച്ച ധൈര്യവും സംയമനവും പ്രശംസാര്‍ഹമാണ്. ഞാന്‍ ഏവരുടെയും ശോഭനമായ ഭാവിക്കായി പ്രാര്‍ത്ഥിക്കുന്നു.
എന്റെ പ്രിയ നാട്ടുകാരേ, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തെ നമ്മുടെ രാജ്യത്തിന്റെ യാത്രയെ കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടാണ് ഇന്ന് നമ്മള്‍ ആരംഭിച്ചത്. ഇനി നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ അടുത്ത 25 വര്‍ഷത്തേക്കുള്ള യാത്ര തുടങ്ങിക്കാണും. നമ്മുടെ വീട്ടില്‍, നമ്മുടെ പ്രിയപ്പെട്ടവരുടെ വീട്ടില്‍ ത്രിവര്‍ണ്ണ പതാക പാറട്ടെ. ഇതിനായി നമുക്കെല്ലാം ഒരുമിക്കാം. ഇത്തവണ സ്വാതന്ത്ര്യദിനം നിങ്ങള്‍ എങ്ങനെ ആഘോഷിച്ചു, വേറിട്ട് എന്തു ചെയ്തു, ഇതെല്ലാം ഞാനുമായി പങ്കുവെയ്ക്കുക. അടുത്ത തവണ ഈ അമൃതോത്സവത്തിന്റെ വിവിധ വര്‍ണ്ണങ്ങളെ കുറിച്ച് നമുക്ക് സംസാരിക്കാം. അതുവരേയ്ക്കും വിട നല്‍കുക.
വളരെ വളരെ നന്ദി.
നമസ്‌കാരം.