പുതുക്കിയ ഡിസൈനുമായി മഹീന്ദ്രയുടെ ഥാര്‍ വിപണിയില്‍

കൊച്ചി: രാജ്യത്തെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് പുതിയ ഥാറിന്‍റെ ഫേസ്ലിഫ്റ്റ് മോഡല്‍ പുറത്തിറക്കി. 9.99 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. പുതിയ ഡിസൈന്‍, അത്യാധുനിക സൗകര്യങ്ങള്‍, സ്മാര്‍ട്ട് സാങ്കേതികവിദ്യ എന്നിവയോടു കൂടിയ ഈ എസ്യുവി നഗര യാത്രകള്‍ കൂടുതല്‍ സുഖപ്രദമാക്കാനും സാഹസിക യാത്രകളെ പുതിയ തലത്തിലേക്ക് ഉയര്‍ത്താനുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ ഥാറിലെ വ്യത്യസ്തമായ ഫ്രണ്ട് ഗ്രില്‍, ഡ്യുവല്‍-ടോണ്‍ ഫ്രണ്ട് ബമ്പര്‍, ആര്‍18 അലോയ് വീലുകള്‍ എന്നിവ വാഹനത്തെ ശ്രദ്ധേയമാക്കുന്നു. ഉള്‍ഭാഗത്തെ പുതിയ കറുത്ത തീമിലുള്ള ഡാഷ്ബോര്‍ഡും പുതിയ സ്റ്റിയറിംഗ് വീലും ഇന്‍റീരിയറിനെ മികച്ചതാക്കുന്നു. ടാംഗോ റെഡ്, ബാറ്റില്‍ഷിപ്പ് ഗ്രേ എന്നീ രണ്ട് പുതിയ നിറങ്ങള്‍ ഉള്‍പ്പെടെ ആറ് ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളില്‍ പുതിയ ഥാര്‍ ലഭ്യമാണ്. രണ്ടാം നിരയിലെ യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍ റിയര്‍ എസി വെന്‍റുകളുണ്ട്. ഡോറില്‍ ഘടിപ്പിച്ച പവര്‍ വിന്‍ഡോ സ്വിച്ചുകളും പുതിയ റിയര്‍ വ്യൂ ക്യാമറയും ഡ്രൈവിംഗ് എളുപ്പമാക്കുന്നു. അകത്ത് നിന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന ഫ്യൂവല്‍ ലിഡ് ഇന്ധനം നിറയ്ക്കുന്നത് എളുപ്പമാക്കുന്നു. പുതിയ ഥാറില്‍ 26.03 സെന്‍റീമീറ്റര്‍ വലുപ്പമുള്ള എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്‍റ് സ്ക്രീനുണ്ട്. ഇതില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടുകളുമുണ്ട്. വിവിധതരം ഡ്രൈവിംഗ് അനുഭവങ്ങള്‍ക്കായി 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പോലുള്ള മള്‍ട്ടിപ്പിള്‍ ട്രാന്‍സ്മിഷനുകളോടൊപ്പം റിയര്‍-വീല്‍ ഡ്രൈവ്, 4×4 കോണ്‍ഫിഗറേഷനുകളിലും മഹീന്ദ്ര വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാക്കുന്നു.