ഇന്ത്യയുടെ കോവിന്‍ പോര്‍ട്ടലില്‍ താല്‍പ്പര്യം അറിയിച്ച് 50 രാജ്യങ്ങള്‍
1 min readസൗജന്യമായി വികസിപ്പിച്ച് കൊടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം
ന്യൂഡെല്‍ഹി: വാക്‌സിന്‍ വിതരണത്തിനായി ഇന്ത്യ തയ്യാറാക്കിയ കോവിന്‍ പോര്‍ട്ടലില്‍ താല്‍രപ്പര്യമറിയിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയതായി ദേശീയ ആരോഗ്യ അതോറിട്ടി സിഇഒയും കോവിന്‍ പ്ലാറ്റ്‌ഫോമിന്റെ മേധാവിയുമായ ആര്‍ എസ് ശര്‍മ്മ. കോവിഡ്-19 പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍, കോവിന്നിന്റെ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ ഇന്ത്യയുടെ വാക്‌സിനേഷന്‍ പരിപാടി കൂടുതല്‍ ശക്തിയാര്‍ജിച്ചതായി ശര്‍മ്മ പറഞ്ഞു.
വാക്‌സിന്‍ ലഭ്യമാക്കാനും കാര്യക്ഷമതയോടെ അവ രേഖപ്പെടുത്താനും വിലയിരുത്തലുകള്‍ നടത്താനും വാക്‌സിനേഷന്‍ പരിപാടിയിലും വിതരണത്തിലും കാലോചിതമായ മാറ്റങ്ങളും വരുത്താനും സാധ്യതകളുള്ള പ്ലാറ്റ്‌ഫോം ആണ് കോവിന്‍. എന്നാല്‍ മികവുറ്റ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തില്‍ ഇത് സാധിക്കുമായിരുന്നില്ലെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഡിജിറ്റല്‍ രംഗത്ത് രാജ്യം വന്‍ കുതിപ്പ് നടത്തിയതായും ശര്‍മ്മ പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യയുടെ ആറാം വാര്‍ഷികത്തില്‍ ഡിജിറ്റല്‍ രംഗത്ത് ഇന്ത്യ കൈവരിച്ച വലിയ നേട്ടങ്ങള്‍ ആഘോഷമാക്കണമെന്നും എന്നാല്‍ ഡിജിറ്റല്‍ ഇന്ത്യ പടുത്തുയര്‍ത്തുകയെന്ന ലക്ഷ്യം നേടുന്നതിനായി ഇനിയുമേറെ മുന്നോട്ട് പോകണമെന്നത് മറക്കരുതെന്നും ശര്‍മ്മ പറഞ്ഞു. മധ്യ ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക മേഖലകളിലുള്ള അമ്പതോളം രാജ്യങ്ങള്‍ കോവിന്‍ ജനപ്രിയ പ്ലാറ്റ്‌ഫോം ആയി മാറിയെന്നും ഈ രാജ്യങ്ങള്‍ കോവിന്‍ സാങ്കേതികവിദ്യയില്‍ താല്‍പ്പര്യം അറിയിച്ചെന്നും കഴിഞ്ഞ ദിവസം ശര്‍മ്മ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കോവിന്നിന്റെ ഓപ്പണ്‍ സോഴ്‌സ് പതിപ്പ് സൗജന്യമായി താല്‍പ്പര്യമുള്ള രാഷ്ട്രങ്ങള്‍ക്ക് വികസിപ്പിച്ച് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയതായും ശര്‍മ്മ വ്യക്തമാക്കി.