ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ ശ്രദ്ധേയമായി ‘ദി മാജിക്കല്‍ എവരി ഡേ’ കേരള പവലിയന്‍
തിരുവനന്തപുരം: ലണ്ടനില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ഡബ്ല്യുടിഎം-2022) 43-ാം പതിപ്പില്‍ ശ്രദ്ധേയമായി കേരളത്തിന്‍റെ പവലിയന്‍. നവംബര്‍ 9 വരെ നടക്കുന്ന ഡബ്ല്യുടിഎമ്മില്‍ കേരള പ്രതിനിധി സംഘത്തെ നയിക്കുന്ന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പവലിയന്‍ ഉദ്ഘാടനം ചെയ്തു. 120 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് കേരള ടൂറിസം പവലിയന്‍ സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഉത്സവാഘോഷങ്ങളെ അടയാളപ്പെടുത്തുന്ന പവലിയന്‍ ‘ദി മാജിക്കല്‍ എവരി ഡേ’ എന്ന പ്രമേയത്തിലാണ് പവലിയന്‍ സജ്ജീകരിച്ചിട്ടുള്ളത്. ഒരു ജോടി കൂറ്റന്‍ കെട്ടുകാളകളുടെ പ്രതിമയാണ് പവലിയന്‍റെ പ്രധാന ആകര്‍ഷണം. ലോകമെമ്പാടുമുള്ള ടൂറിസം ബയേഴ്സിനെയും സെല്ലേഴ്സിനേയും ആകര്‍ഷിക്കുന്ന പ്രമുഖ ട്രാവല്‍-ടൂറിസം വ്യാപാര മേളയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് കേരള പവലിയന്‍.
ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ഉത്തരവാദിത്ത മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്കുമാര്‍ എന്നിവരും കേരള പ്രതിനിധി സംഘത്തില്‍ മന്ത്രിയെ അനുഗമിക്കുന്നുണ്ട്. നവംബര്‍ 9 വരെ നടക്കുന്ന ഡബ്ല്യുടിഎമ്മില്‍ 10 വ്യാപാര പങ്കാളികളുമായാണ് കേരളം പങ്കെടുക്കുന്നത്. കോവിഡ് മൂലമുണ്ടായ യാത്രാ നിയന്ത്രണങ്ങള്‍ക്കു ശേഷം ടൂറിസം മേഖല പൂര്‍ണമായി തുറന്ന പശ്ചാത്തലത്തില്‍ ഡബ്ല്യുടിഎമ്മിന്‍റെ ഈ പതിപ്പിന് പ്രാധാന്യമേറെയാണ്. അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, പയനിയര്‍ പേര്‍സണലൈസ്ഡ് ഹോളിഡേയ്സ്, ട്രയല്‍ ബ്ലേസര്‍ ടൂര്‍സ് ഇന്ത്യ, അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, സിട്രിന്‍ ഹോസ്പിറ്റാലിറ്റി വെഞ്ച്വേഴ്സ്, നിരാമയ വെല്‍നസ് റിസോര്‍ട്ട്സ്, റീന്‍ റിസോര്‍ട്ട്സ്, സാഗര ബീച്ച് റിസോര്‍ട്ട്, താമര ലഷര്‍ എക്സ്പീരിയന്‍സ്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ് എന്നീ പങ്കാളികള്‍ ഉള്‍പ്പെടുന്നതാണ് കേരള പ്രതിനിധി സംഘം.
ഡബ്ല്യുടിഎമ്മിനോടനുബന്ധിച്ച് ലണ്ടനിലെ ഈസ്റ്റ് അവന്യൂവിലുള്ള ട്രിനിറ്റി സെന്‍ററില്‍ ടൂറിസം ക്ലബ്ബ് ഉദ്ഘാടനം ഇന്ന് (നവംബര്‍ 8) നടക്കും. കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്ത് വിജയകരമായി നടക്കുന്ന ആഗോളപ്രശസ്തമായ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെക്കുറിച്ച് നവംബര്‍ 9 ന് നടക്കുന്ന സെമിനാര്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ‘തിരിഞ്ഞ് നോക്കുക, മുന്നോട്ട് പോകുക: കേരളത്തിന്‍റെ റെസ്പോണ്‍സിബിള്‍ ടൂറിസം യാത്രയുടെ 15 വര്‍ഷങ്ങള്‍’ എന്ന വിഷയത്തിലാണ് സെമിനാര്‍. റെസ്പോണ്‍സിബിള്‍ ടൂറിസത്തിന്‍റെ ഡബ്ല്യുടിഎം ഉപദേഷ്ടാവ് ഹരോള്‍ഡ് ഗുഡ്വിന്‍ മുഖ്യപ്രഭാഷണം നടത്തും. ഐസിആര്‍ടി ഇന്‍റര്‍നാഷണല്‍-വെസ്റ്റ് ആഫ്രിക്കയുടെ സ്ഥാപകനും റെസ്പോണ്‍സിബിള്‍ ടൂറിസത്തിന്‍റെ കണ്‍സള്‍ട്ടന്‍റുമായ അദാമ ബാഹ്, ഐസിആര്‍ടി ദക്ഷിണാഫ്രിക്കയുടെ ട്രാന്‍സ്ഫ്രോണ്ടിയര്‍ പാര്‍ക്ക് ഡെസ്റ്റിനേഷന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഗ്ലിന്‍ ഒ ലിയറി എന്നിവര്‍ സംസാരിക്കും.