November 18, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വലിയ സമ്പത്തിനായി ‘ചെറിയ’ മാതൃക

1 min read

  • രവികുമാര്‍ ഝാ
    (മാനേജിംഗ് ഡയറക്ടര്‍ ആന്റ് സിഇഒ, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്)

സമ്പത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണം, ഓഹരികള്‍ എന്നിവയെ ചുറ്റിപ്പറ്റി മാത്രം നടന്നിരുന്ന ഇന്ത്യയില്‍, ചെറിയ സംഖ്യയുടെ നിക്ഷേപങ്ങളിലൂടെ വലിയ സമ്പത്ത് സൃഷ്ടിക്കുന്ന എസ്‌ഐപികള്‍ പുതുചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. 250 രൂപ മുതല്‍ ആരംഭിക്കുന്ന ഈ എസ്‌ഐപി നിക്ഷേപ പദ്ധതികള്‍ നിക്ഷേപത്തേയും സമ്പാദ്യത്തേയും കുറിച്ചുള്ള ഇന്ത്യന്‍ സങ്കല്‍പങ്ങള്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു. ഒരു കാലത്ത് വന്‍തുകകള്‍ മാറ്റിവെയ്ക്കാന്‍ കഴിവുള്ളവര്‍ക്കു മാത്രമാണ് സമ്പത്തു സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നത്. ഈ കാഴ്ചപ്പാടിനെ വെല്ലുവിളിക്കുകയാണ് ചെറുകിട എസ്‌ഐപി കളിലൂടെ സമ്പത്ത് സൃഷ്ടിക്കുന്ന നിക്ഷേപകര്‍. ചെറിയ തുകയാണെങ്കിലും അച്ചടക്കത്തോടെ സ്ഥിരമായി നിക്ഷേപിച്ചാല്‍ അത് വലിയ സാമ്പത്തിക സ്ഥിതിയിലേക്കു നയിക്കുമെന്ന് അവര്‍ തെളിയിക്കുന്നു.

ചെറുത് അത്ര ‘ ചെറുതല്ല ‘

പണമുണ്ടാക്കണമെങ്കില്‍ കീശയില്‍ ധാരാളം പണം വേണമെന്നാണ് മധ്യവര്‍ഗ ഇന്ത്യക്കാര്‍ പതിറ്റാണ്ടുകളായി വിശ്വസിച്ചു വന്നിരുന്നത്. കൂടുതല്‍ പണം കൈയിലുണ്ടെങ്കില്‍ അത് ഇരട്ടിപ്പിക്കാനുള്ള സാധ്യത വലുതാണെന്നായിരുന്നു പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാല്‍ എല്ലാവര്‍ക്കും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എളുപ്പമാക്കി മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഈ ധാരണ അട്ടിമറിച്ചിരിക്കുന്നു. കൂലിവേലക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, ചെറുകിട കച്ചവടക്കാര്‍, പെട്ടിക്കടക്കാര്‍ തുടങ്ങി ഏതു തുറയില്‍ പെട്ടവര്‍ക്കും ഇപ്പോള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം സാധ്യമാണ്. മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളിലൂടെ പ്രതിമാസ, ദ്വൈവാര നിക്ഷേപം സാധ്യമായതോടെ, അസ്ഥിര വരുമാനക്കാര്‍ക്കും ധനകാര്യ വിപണികളില്‍ സാന്നിധ്യം കൈവന്നു. ഈ ഉള്‍ച്ചേരല്‍ സാമ്പത്തികം മാത്രമല്ല, മാനസികം കൂടിയാണ്. നിക്ഷേപം സമ്പന്നരുടെ മാത്രം കുത്തകയല്ലാതായി. അത് ശാക്തീകരണത്തിന്റെ ജനാധിപത്യ ഉപകരണമായിത്തീര്‍ന്നു. അലമാരയില്‍ സൂക്ഷിക്കുന്ന പണത്തെയോ, അസ്ഥിരമായ പ്രതിദിന വരുമാനത്തെയോ മാത്രം ആശ്രയിച്ചു ജീവിക്കേണ്ടി വരുന്ന അവസ്ഥയില്‍ നിന്ന് സാധാരണക്കാര്‍ മോചനം നേടി. ഛോട്ടി എസ്‌ഐപി (ചെറിയ എസ്‌ഐപി ) മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ നവാഗതര്‍ക്കും മൂന്നിനം എസ്‌ഐപികള്‍ക്കും (മൂന്ന്് അസെറ്റ് മാനേജ്‌മെന്റ് കമ്പനികളുടേത്) മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഛോട്ടി എസ്‌ഐപി അല്ലാതെയുള്ള എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നവര്‍ക്കും മൊത്ത നിക്ഷേപം നടത്തുന്നവര്‍ക്കും ഭാവിയില്‍ ഛോട്ടി എസ്‌ഐപി നിക്ഷേപം സാധ്യമാവില്ല. പ്രതിമാസം 250 രൂപ വീതം മൂന്നു വ്യത്യസ്ത മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ മൂന്നു വ്യത്യസ്ത എസ്‌ഐപികളിലായി നിക്ഷേപിക്കാന്‍ ഈ സംവിധാനം അനുവദിക്കുന്നു. നിക്ഷേപം വ്യത്യസ്ത ഫണ്ടുകളിലായതിനാല്‍ പോര്‍ട്‌ഫോളിയോ വൈവിധ്യവല്‍ക്കരണവും നടക്കുന്നു. നിക്ഷേപാരംഭത്തില്‍ ഛോട്ടി എസ്‌ഐപികള്‍ ആയി രൂപ കല്‍പന ചെയ്യപ്പെട്ടവ ഇതേ വിഭാഗത്തില്‍ തുടരുകയും ചെയ്യും.

  എക്സല്‍സോഫ്റ്റ് ടെക്നോളജീസ് ഐപിഒ നവംബര്‍ 19 മുതല്‍

‘ ചെറിയ ‘ വിഹിതം പിന്നീട് ശക്തി കൈവരിക്കുന്നു

നിക്ഷേപം സ്വഭാവമായിത്തീരുന്നു എന്നതാണിതിലെ മാജിക്. വ്യക്തിയുടെ ഇരുപതുകളില്‍ ചെറിയ തുകയായി ആരംഭിക്കുന്ന സമ്പാദ്യം ക്രമേണ വളരുന്നു. ഇന്ന് 250 രൂപയില്‍ ആരംഭിക്കുന്ന നിക്ഷേപം പ്രതിവര്‍ഷം 10 ശതമാനം വീതം വര്‍ധിപ്പിച്ചാല്‍ പോലും മധ്യ വയസാകുമ്പോള്‍ ലക്ഷങ്ങളുടെ നേട്ടമുണ്ടാക്കാന്‍ കഴിയും. സ്ഥിരതയും കാല ദൈര്‍ഘ്യവും ചേരുമ്പോള്‍ കൂട്ടിച്ചേര്‍ക്കലിന്റെ പ്രയോജനം ലഭിക്കും. എസ്‌ഐപിയുടെ വലുപ്പം മാത്രമല്ല കാര്യം. ക്ഷമയ്ക്കാണ് അക്രമോത്സുകതയേക്കാള്‍ ഫലം ലഭിക്കുക. ലളിതവും അതേ സമയം ശക്തവുമായ മൂന്ന് അടിത്തറയിലാണ് ഛോട്ടി എസ്‌ഐപി മോഡല്‍ സ്ഥിതി ചെയ്യുന്നത്:

  24 കോടി നിക്ഷേപക അക്കൗണ്ട് നേട്ടവുമായി എന്‍എസ്ഇ

1. ചേരാനുള്ള എളുപ്പം- വെറും 250 രൂപ അടച്ച് എസ്‌ഐപിയില്‍ ചേരുന്നതിലൂടെ, നേരത്തേ മാറ്റി നിര്‍ത്തപ്പെട്ട ലക്ഷങ്ങള്‍ക്ക് ധനകാര്യ വിപണിയുമായി ബന്ധപ്പെടാന്‍ കഴിയുന്നു.
2. സ്വഭാവ രൂപീകരണം – ചെറിയ തുകയുടെ നിക്ഷേപത്തിലൂടെ എസ്‌ഐപികള്‍ ജനങ്ങളെ വിപണിയിലെ ഉയര്‍ച്ച താഴ്ചകളൈ മറി കടക്കാന്‍ കെല്‍പുള്ള, അച്ചടക്കത്തില്‍ അധിഷ്ഠിതമായ നിക്ഷേപ സംസ്‌കാരത്തിലേക്ക് ആനയിക്കുന്നു.
3. രൂപ- മൂല്യ ശരാശരി -സ്ഥിരമായി ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിലൂടെ വിപണിയുടെ അസ്ഥിരതകള്‍ നിക്ഷേപകര്‍ക്ക് അനുകൂലമായിത്തീരുന്നു.

സാമൂഹികവും സാമ്പത്തികവുമായ വ്യതിയാനം

ഈയടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കുടുംബങ്ങളുടെ നിക്ഷേപ നിരക്ക് സമ്മര്‍ദ്ദം നേരിടുകയായിരുന്നു. പ്രതീക്ഷകള്‍ ഉയരുമ്പോഴും അത് ജിഡിപിയുടെ 30 ശതമാനത്തില്‍ താഴേക്കു പോയി. സമ്പാദ്യ ക്ഷമതയും ഉപഭോഗ ത്വരയും തമ്മിലുള്ള ഈ പൊരുത്തക്കേട് പലരേയും അരക്ഷിതരാക്കി. ചെറുകിട സമ്പാദ്യം സമ്പദ് വ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ക്കുക വഴി ഛോട്ടി എസ്‌ഐപികള്‍ ഈ പ്രവണത മാറ്റിയെടുക്കുന്നു. അമ്പരപ്പിക്കുന്നതാണ് ഇതിന്റെ സാധ്യത. ഇന്ത്യയിലെ 500 ദശലക്ഷം തൊഴിലാളികളില്‍ 10 ശതമാനം പേരെങ്കിലും പ്രതിമാസം 250 രൂപ വീതം നിക്ഷേപിച്ചാല്‍ 20 വര്‍ഷം കൊണ്ട് 30 ലക്ഷം കോടി രൂപ മറി കടക്കും. ഇത് വ്യക്തിപരമായ ധന ഉല്‍പാദനം മാത്രമല്ല, ദേശീയ മൂലധനത്തിന്റെ വിത്തു വിതയ്ക്കല്‍ കൂടിയാണ്. ഇന്ത്യന്‍ മൂലധന വിപണിയെ ശക്തിപ്പെടുത്തുകയും വ്യവസായങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കും ദീര്‍ഘകാല ആഭ്യന്തര ഫണ്ടായിത്തീരുകയും വിദേശ മൂലധനത്തിന്മേലുള്ള ആശ്രിതത്വം കുറയ്ക്കുകയും ചെയ്യും. ആത്യന്തികമായി, ഛോട്ടി എസ്‌ഐപി മാതൃക എണ്ണം മാത്രമല്ല. പണവുമായുള്ള നമ്മുടെ ബന്ധത്തിന്റെ പുനര്‍ നിര്‍വചനം കൂടിയാണ്. നിക്ഷേപം ആരംഭിക്കാന്‍ സമ്പന്നരാകേണ്ടതില്ല, സമ്പന്നരാകാന്‍ നിക്ഷേപം തുടങ്ങിയാല്‍ മതി. നിങ്ങള്‍ വിദ്യാര്‍ത്ഥിയായലും, യുവ പ്രൊഫഷണല്‍ ആയാലും, വീട്ടമ്മയോ ഭാവി ലക്ഷ്യങ്ങള്‍ക്കായി പദ്ധതിയിടുന്ന ആളായാലും, പ്രതിമാസ ബജറ്റിന്റെ താളം തെറ്റിക്കാതെ സുപ്രധാനമായ ആദ്യ ചുവടു വെയ്ക്കാന്‍ ഛോട്ടി എസ്‌ഐപി സഹായിക്കുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നിക്ഷേപത്തിലൂടെ ഛോട്ടി എസ്‌ഐപികള്‍ സാമ്പത്തിക സ്വാതന്ത്ര്യം പുനര്‍ നിര്‍വചിക്കുകയാണു ചെയ്യുന്നത്. വെറും 250 രൂപയിലൂടെ വരുമാന വ്യ്ത്യാസമില്ലാതെ ഓരോ ഇന്ത്യക്കാരേയും ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാനുള്ള യത്‌നത്തില്‍ അത് പങ്കു ചേര്‍ക്കുന്നു. ഇത് ചെറിയ നിക്ഷേപം മാത്രമല്ല, കൂട്ടിച്ചേര്‍ക്കലിലൂടെ സൃഷ്ടിക്കപ്പെടുന്ന ശക്തിയുടെ വിളംബരവും അച്ചടക്കപൂര്‍ണമായ ധന വിനിമയ സ്വഭാവ പരിശീലനവുമാണ്. വലിയ സമ്പത്ത്, ഒരിക്കലും ഒരു രാത്രികൊണ്ട് സൃഷ്ടിക്കപ്പെടുന്നില്ല. സാധാരണക്കാരുടെ ഓരോ രൂപയും, ഓരോ മാസവും അച്ചടക്കത്തോടെ വ്യവസ്ഥാപിതമായി കൂട്ടിച്ചേര്‍ത്താണ് അത് സൃഷ്ടിക്കുന്നത്. ഛോട്ടി എസ്‌ഐപി മാതൃക തികച്ചും അസാധാരണമായിത്തീരുന്നത് അതുകൊണ്ടാണ്. ചെറിയ ചുവടുകളെ അത് ബൃഹത്തായ സ്വപ്‌നമാക്കി മാറ്റിത്തീര്‍ക്കുന്നു.

  ഊരാളുങ്കൽ സൊസൈറ്റി സഹകരണ സാംസ്‌കാരിക പൈതൃക കേന്ദ്രം

(മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കു വിധേയമാണ്്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂര്‍വം വായിക്കുക)

Maintained By : Studio3