പ്രവാസികള്‍ക്കുള്ള വിസ മാറ്റ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് കുവൈറ്റ്
പുതിയ തീരുമാന പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പ്രവാസികള്‍ക്കും ആശ്രിത വിസയിലുള്ളവര്‍ക്കും സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറാം
കുവൈറ്റ് സിറ്റി: ചില മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കുള്ള വിസ മാറ്റ നിയന്ത്രണങ്ങളില്‍ കുവൈറ്റിലെ മാന്‍പവര്‍ അതോറിട്ടി ഇളവുകളില്‍ അനുവദിച്ചു. പുതിയ തീരുമാനം അനുസരിച്ച് കുവൈറ്റിലെ പ്രവാസികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആശ്രിത വിസയിലുള്ളവര്‍ക്കും സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറാമെന്ന് പ്രാദേശിക മാധ്യമമായ കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് മുന്‍ തൊഴിലുടമയുടെ അനുമതിയോടെ മറ്റ് മേഖലകളിലേക്കും തൊഴില്‍ മാറാം.
കാര്‍ഷികം, മത്സ്യബന്ധനം, സഹകരണ സൊസൈറ്റികള്‍, സ്വതന്ത്ര വ്യാപാര മേഖല, കന്നുകാലി മേയ്ക്കല്‍ തുടങ്ങി ആറോളം മേഖലകളിലാണ് വിസ മാറ്റത്തിന് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ ഈ വിഭാഗങ്ങളിലുള്ള വിസകള്‍ മറ്റ് മേഖലയിലേക്ക് മാറ്റാന്‍ സാധിക്കുമായിരുന്നില്ല. അതേസമയം സര്‍ക്കാര്‍ കരാറുകളിലും ചെറുകിട, ഇടത്തരം പ്രോജക്ടുകളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പുതിയ തീരുമാനം ബാധകമായിരിക്കില്ലെന്ന് കുവൈറ്റ് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറ്റം നടത്തുന്നത് വിലക്കിക്കൊണ്ട് മാന്‍പവര്‍ അതോറിട്ടി ഉത്തരവ് പുറത്തിറക്കിയിരുന്നു. കുവൈറ്റ് വനിതകളുടെ ഭര്‍ത്താക്കന്മാര്‍, മക്കള്‍, കുവൈറ്റ് പൗരന്മാരുടെ ഭാര്യമാര്‍, യാത്രാരേഖകള്‍ ഉള്ള പാലസ്തീനുകാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ അടക്കം ആരോഗ്യമേഖലയിലെ പ്രത്യേക സാങ്കേതിക തൊഴിലുകളിലുള്ളവര്‍ എന്നിവരെ ഈ ഉത്തരവില്‍ നിന്നും ഒഴിവാക്കിയിരുന്നു. സമാനമായി ആശ്രിത വിസയില്‍ രാജ്യത്തെത്തുന്നവര്‍ സ്വകാര്യ മേഖലയില്‍ ജോലി നേടി തൊഴില്‍ വിസയാക്കുന്നതിനും കുവൈറ്റ് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനമെടുത്തതെന്ന് മാന്‍പവര്‍ അതോറിട്ടി വ്യക്തമാക്കി.