കെടിഎം വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് ആഗസ്റ്റ് 14 ന് കൊച്ചിയില്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് ആഗസ്റ്റില്‍ നടത്തുന്ന പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് ആഗസ്റ്റ് 14 മുതല്‍ 16 വരെ കൊച്ചിയില്‍ നടക്കും. വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം (മീറ്റിംഗ് ഇന്‍സെന്‍റീവ്സ്, കോഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ് -എംഐസിഇ) രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുകയുമാണ് കോണ്‍ക്ലേവിന്‍റെ ലക്ഷ്യമെന്ന് കെടിഎം ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ സംസ്ഥാന വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയായിരിക്കും. 15, 16 തിയതികളില്‍ കൊച്ചിയിലെ ലെ മെറഡിയനിലാണ് ആണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്. ഹൈബി ഈഡന്‍ എംപി, കൊച്ചി മേയര്‍ എം അനില്‍കുമാര്‍, കേന്ദ്ര ടൂറിസം മന്ത്രാലയം അഡി. സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ സുമന്‍ ബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി ബിജു കെ, കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, അഡി. ഡയറക്ടര്‍ ശ്രീധന്യ സുരേഷ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥന്‍ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തു നിന്നുമായി ഇതിനകം 610 ലേറെ ബയര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ കൂടുതല്‍ രജിസ്ട്രേഷന്‍ ഉണ്ടാകും. സൊസൈറ്റി അറിയിച്ചു. രാജ്യത്തിനകത്തു നിന്ന് 545 ബയര്‍മാരും വിദേശത്ത് നിന്ന് 65 ബയര്‍മാരുമാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. യുഎഇ, യുകെ, ജര്‍മ്മനി, യുഎസ്എ, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഹംഗറി, ഇസ്രായേല്‍, ഇറ്റലി, മലേഷ്യ, ഒമാന്‍, പോളണ്ട്, റുമേനിയ, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ശ്രീലങ്ക, തുര്‍ക്കി, യുക്രെയിന്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെത്തും. സെല്ലര്‍മാര്‍ക്കായി 75 പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാകും. ഇതിനു പുറമെ കെടിഡിസി, കേരള ടൂറിസം, കേന്ദ്ര ടൂറിസം മന്ത്രാലയം എന്നിവയുടെ സ്റ്റാളുകളുമുണ്ടാകും. ഈ മേഖലയുടെ സമഗ്രവികസനത്തിനും ഭാവിദര്‍ശനവും വ്യക്തമാക്കുന്ന രണ്ട് ദേശീയ സെമിനാറുകളും കോണ്‍ക്ലേവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം രംഗത്ത് രാജ്യത്തിന്‍റെ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് കെടിഎം- 2024 ന്‍റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടര്‍ ചര്‍ച്ചകളുടെ ഫലമായാണ് ഈ മേഖലയിലെ അന്താരാഷ്ട്ര സമ്മേളനം കേരളത്തില്‍ നടത്താന്‍ ധാരണയായത്. സെന്‍റര്‍ സ്റ്റേജ് കേരള എന്നതാണ് പ്രഥമ കോണ്‍ക്ലേവിന്‍റെ പ്രമേയം. ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരമേഖലയെന്നതിനപ്പുറത്തേക്ക് ടൂറിസത്തിന്‍റെ വിവിധ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഇത്തരമൊരു ഉദ്യമം നടത്തുന്നത്. വന്‍കിട മൈസ്-വെഡിംഗ് കമ്പനികളുമായി ചേര്‍ന്ന് പരിശീലന കളരികള്‍, നൂതന വിപണന തന്ത്രങ്ങള്‍, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യാ വിന്യാസം എന്നിവ സംഘടിപ്പിക്കും. പ്രാദേശികമായ സപ്ലൈ ശൃംഖലയെ പൂര്‍ണമായും ഉപയോഗപ്പെടുത്തിയാകും മുന്നോട്ടു പോവുക. മൈസ് രംഗത്തെ മികച്ച പരിചയമുള്ളവരും ഈ രംഗത്തെ ഗൗരവത്തോടെ കാണുന്ന വ്യവസായികള്‍ക്കുമായി പ്രദര്‍ശനവേദി നിജപ്പെടുത്തിയിട്ടുണ്ട്. വിവാഹ സംഘാടകര്‍, ആഡംബര റിസോര്‍ട്ടുകള്‍, ഡെസ്റ്റിനേഷന്‍ വെഡിംഗ് സ്ഥലങ്ങള്‍, പുഷ്പാലങ്കാരം, ഫോട്ടോഗ്രഫി, കാറ്ററിംഗ്, ബ്രൈഡല്‍ സര്‍വീസുകള്‍ എന്നിവര്‍ക്കാകും വെഡിംഗ് മേഖലയിലെ പ്രദര്‍ശനത്തില്‍ അവസരം ലഭിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന ബയര്‍മാര്‍ക്ക് കേരള ടൂറിസത്തിന്‍റെ ആകര്‍ഷണങ്ങള്‍ കോര്‍ത്തിണക്കിയ ടൂര്‍ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കൊച്ചി, മൂന്നാര്‍, കുമരകം, കൊല്ലം, കോവളം, തൃശൂര്‍, കോഴിക്കോട്, വയനാട്, ബേക്കല്‍ എന്നീ സ്ഥലങ്ങളിലാണ് സന്ദര്‍ശനം സംഘടിപ്പിക്കുന്നത്. ബീച്ചുകള്‍, കായലുകള്‍, മലനിരകള്‍ എന്നിവ കോര്‍ത്തിണക്കി വിവാഹ ടൂറിസം സംഘടിപ്പിക്കും. സാംസ്ക്കാരിക പൈതൃകം, പുരാതന വാസ്തുകല, രുചിയൂറുന്ന ഭക്ഷണ രീതികള്‍ എന്നിവയെല്ലാം സമ്മേളനത്തിന്‍റെ ആശയവുമായി കോര്‍ത്തിണക്കും. വാണിജ്യ കൂടിക്കാഴ്ചകളെല്ലാം മുന്‍നിശ്ചയിച്ച പ്രകാരം ക്രമപ്പെടുത്തും. വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറുകള്‍, വിദഗ്ധര്‍ നയിക്കുന്ന പരിശീലന കളരികള്‍, എന്നിവയ്ക്കു പുറമെ വെഡിംഗ് മൈസ് രംഗത്ത് കേരളത്തിന് മുന്നോട്ടു വയ്ക്കാനുള്ള എല്ലാ ആകര്‍ഷണങ്ങളുടെയും പ്രദര്‍ശനങ്ങളും കോണ്‍ക്ലേവിനെ മികവുറ്റതാക്കും. ഡെസ്റ്റിനേഷന്‍ വെഡിംഗ് പ്ലാനിംഗ്, കോര്‍പറേറ്റ് സമ്മേളനങ്ങള്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, വന്‍കിട കണ്‍വെന്‍ഷന്‍ സെന്‍ററുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എന്നിവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരാന്‍ ഈ സമ്മേളനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചര മണി വരെയുള്ള വാണിജ്യ കൂടിക്കാഴ്ചകള്‍ക്ക് പുറമെ ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും. കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ്, സെക്രട്ടറി എസ് സ്വാമിനാഥന്‍, വൈസ്പ്രസിഡന്‍റ് സി ഹരികുമാര്‍, മുന്‍ പ്രസിഡന്‍റുമാരായ ഏബ്രഹാം ജോര്‍ജ്ജ്, ബേബി മാത്യു, ജോയിന്‍റ് സെക്രട്ടറിമാരായ ജോബിന്‍ ജോസഫ്, ട്രഷറര്‍ ജിബ്രാന്‍ ആസിഫ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.