കേരള ട്രാവല്‍മാര്‍ട്ട് ഉദ്ഘാടനം 2022 മേയ് അഞ്ചിലേക്ക് മാറ്റി
തിരുവനന്തപുരം: രാജ്യത്തെ ടൂറിസം മേഖലയിലെ ഏറ്റവും വലിയ മേളയായ കേരള ട്രാവല്‍മാര്‍ട്ട് 11-ാം ലക്കം കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് 2022 മേയ് അഞ്ചിലേക്ക് മാറ്റി. കൊവിഡ് കാലഘട്ടത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന പ്രമുഖ ട്രാവല്‍ മാര്‍ട്ടാണ് കെടിഎം 2022. മേയ് അഞ്ചിന് കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മേയ് ആറു മുതല്‍ എട്ട് വരെയാണ് ട്രാവല്‍മാര്‍ട്ട്.
കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് മാര്‍ച്ചില്‍ നടത്താനിരുന്ന മാര്‍ട്ട് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേരള ടൂറിസം അഡി. ചീഫ് സെക്രട്ടറി ഡോ. വേണു വി ഐഎഎസ് പറഞ്ഞു. മാര്‍ട്ടില്‍ പങ്കെടുക്കാനെത്തുന്ന ആയിരത്തില്‍പരം ബയര്‍മാര്‍ക്കും സുരക്ഷിതമായ കേരള സന്ദര്‍ശനം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കെടിഎമ്മിനായി രജിസ്റ്റര്‍ ചെയ്ത വ്ളോഗര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കായി കെടിഎമ്മിനു മുന്നോടിയായി കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള സന്ദര്‍ശനം ഏര്‍പ്പെടുത്തും. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വേദിയാണ് ഇക്കുറി ഒരുക്കിയിട്ടുള്ളതെന്ന് കെടിഎം സെക്രട്ടറി ശ്രീ ജോസ് പ്രദീപ് പറഞ്ഞു. പൂര്‍ണമായും കടലാസ് രഹിത- ഹരിത മാര്‍ട്ടായിരിക്കും ഇത്തവണ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കാരവാന്‍ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവയ്ക്ക് പ്രത്യേക പ്രദര്‍ശനമുണ്ടാകുമെന്ന് മുന്‍ പ്രസിഡന്‍റ് ശ്രീ ഏബ്രഹാം ജോര്‍ജ്ജ് പറഞ്ഞു. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് പതിറ്റാണ്ടിനു ശേഷം കേരളം ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന സുപ്രധാന ടൂറിസം ഉത്പന്നമായ കാരവാന്‍ ടൂറിസവും സാഹസിക ടൂറിസവുമാകും ഇക്കുറി കേരള ട്രാവല്‍മാര്‍ട്ടിന്‍റെ പ്രമേയം. ഇതോടൊപ്പം കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഉത്തരാവദിത്ത ടൂറിസം ഇത്തവണയും പ്രധാന വിഷയമാണ്.
കേരളത്തിന് ലോക ടൂറിസം ഭൂപടത്തില്‍ പ്രത്യേക സ്ഥാനം നേടിത്തന്ന പുരവഞ്ചി ടൂറിസത്തിനു ശേഷം അവതരിപ്പിക്കുന്ന കാരവാന്‍ ടൂറിസത്തെ ഈ വ്യവസായം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ട് കാരവാന്‍ ടൂറിസത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിയൊരുക്കുന്ന സര്‍ക്കാര്‍ നടപടി വ്യവസായത്തിന് ഊര്‍ജ്ജം പകരും. കൂടാതെ മലബാര്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം മേഖലയുടെ പ്രചാരണവും ഇക്കുറി കെടിഎമ്മിന്‍റെ പ്രധാന ഇനമാണ്.
ആഭ്യന്തര ബയര്‍മാര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് കെടിഎം 11-ാം ലക്കം വിഭാവനം ചെയ്തിരിക്കുന്നത്. 1100 ല്‍പരം വിദേശ-ആഭ്യന്തര ബയര്‍മാര്‍ ഇതിനകം തന്നെ കെടിഎമ്മിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നാം തരംഗം കുറയുന്നതോടെ ബയര്‍മാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് കെടിഎം സൊസൈറ്റി കണക്കു കൂട്ടുന്നത്. രാജ്യത്തിനകത്തും പുറത്തു നിന്നുമായി നൂറോളം മാധ്യമങ്ങളും കെടിഎമ്മിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ബയര്‍മാരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പ്രോത്സാഹന നടപടികള്‍ എടുത്തിട്ടുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ 2021 മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ടില്‍ നടത്തിയിരുന്നു. കൊവിഡാനന്തര സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും സംസ്ഥാനത്തിന്‍റെ സല്‍പേര് വര്‍ധിപ്പിക്കാനും ടൂറിസം വ്യവസായത്തിന് നേതൃത്വപരമായ പങ്ക് വഹിക്കാനാകുമെന്ന് കെടിഎം ഈ വെര്‍ച്വല്‍ മീറ്റിലൂടെ തെളിയിച്ചു.