October 1, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരള ബാങ്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കൈകോര്‍ക്കുന്നു

1 min read

കൊച്ചി : ഐടി സാങ്കേതികവിദ്യയുടെ ചടുലമായ മാറ്റങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ സംഭവിക്കുമ്പോള്‍ അതിലൂടെ ഉയര്‍ന്നു വരുന്ന വെല്ലുവിളികള്‍ കൂടി നേരിടാന്‍ ബാങ്കുകള്‍ സജ്ജമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഈ വെല്ലുവിളി അവസരമാക്കി മാറ്റാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്) സംഘടിപ്പിച്ച ഐടി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളിലും സഹകരണ ബാങ്കിംഗ് മേഖലയിലും ഡിജിറ്റല്‍ നവീകരണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടു കൊണ്ട് ഫിന്‍ടെക് ഇനോവേഷന്‍ സോണ്‍ രൂപീകരിക്കാനായി കേരള ബാങ്കുംകേരള സ്റ്റാര്‍ട്ടപ്പ് മിഷനും(കെഎസ് യുഎം) ധാരണാപത്രം ഒപ്പിട്ടു. ഐടി കോണ്‍ക്ലേവില്‍ നടന്ന ചടങ്ങില്‍ കേരള ബാങ്കിനുവേണ്ടി സിഇഒ. ജോര്‍ട്ടി എം. ചാക്കോയും കെഎസ്യുഎമ്മിനുവേണ്ടി സിഇഒ. അനൂപ് അംബികയും ധാരണാപത്രം കൈമാറി. ഐടി ഇന്‍റഗ്രേഷന്‍, കോര്‍ ബാങ്കിംഗ് സംവിധാനം എന്നിവയടക്കമുള്ള നൂതനസാങ്കേതിക സംവിധാനങ്ങളൊരുക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് തടയാന്‍ ഇടപാടുകാരെ ബോധവത്കരിക്കണം. ഡാറ്റാ സെക്യൂരിറ്റി ഉറപ്പാക്കണം. സുരക്ഷിതമായ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് ബാങ്കുകളെ ബാധ്യതയാണ്. ഈ ദിശയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. നൂതനമായ ഡിജിറ്റലൈസേഷനായുളള മാര്‍ഗരേഖ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്ക് സ്റ്റാര്‍ട്ടപ്പ് രംഗത്തേക്ക് കടന്നു വരുന്നതിന്‍റെ പ്രാഥമിക കാല്‍വയ്പാണ് ഫിന്‍ടെക് ഇനോവേഷന്‍ സോണെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ്, നബാര്‍ഡ് ചെയര്‍മാന്‍ കെ വി ഷാജി, കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കല്‍ സംബന്ധിച്ചു. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവരുടെ വളര്‍ച്ചയ്ക്ക് വേഗത നല്‍കുന്നതിനുമായാണ് ഉഭയകക്ഷി സഹകരണം യാഥാര്‍ഥ്യമാക്കുന്നത്. കേരള ബാങ്കിന്‍റെ കൊച്ചി കാക്കനാടുള്ള ഐ.ടി. ഡിപ്പാര്‍ട്ട്മെന്‍റ് വളപ്പില്‍ ഫിന്‍ടെക് ഇന്നൊവേഷന്‍ ഹബ്ബിനായി 1000 ചതുരശ്ര അടി സ്ഥലം ഒരുക്കും. മികച്ച ഭാവിവാഗ്ദാനം പ്രകടിപ്പിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമായി കോഹോര്‍ട്ട് അടിസ്ഥാനത്തിലുള്ള ഫിന്‍ടെക് ആക്സിലറേറ്റര്‍ പ്രോഗ്രാമുകള്‍ നടത്തും. കേരള ബാങ്കിനും സഹകരണ ബാങ്കിംഗ് ഇക്കോസിസ്റ്റത്തിനും അനുയോജ്യമായ ഡിജിറ്റല്‍ ബാങ്കിംഗ് പരിഹാരമാര്‍ഗങ്ങളില്‍ സഹകരിച്ചുള്ള നിര്‍മ്മാണം(കൊ-ക്രിയേഷന്‍) പ്രോത്സാഹിപ്പിക്കും. മെന്‍റര്‍ഷിപ്പ്, ഫണ്ടിംഗ് പിന്തുണ, വിപണി പ്രവേശനം എന്നിവയിലൂടെ ഫിന്‍ടെക് നവീകരണത്തിനായി അനുകൂലമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുക തുടങ്ങിയവയാണ് ധാരണാപത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് (പിഒസി) പ്രോജക്റ്റുകള്‍ ഏറ്റെടുക്കാന്‍ അവസരം നല്‍കുക, ബാങ്കിംഗ്, ഫിനാന്‍സ് മേഖലകളിലെ വിദഗ്ദ്ധരെ ഉപയോഗിച്ച് മെന്‍റര്‍ഷിപ്പ് പിന്തുണ നല്‍കുക, പൈലറ്റ് ടെസ്റ്റിംഗിനായി ബാങ്കിന്‍റെ ഉപഭോക്തൃ അടിത്തറയിലേക്കും അടിസ്ഥാന സൗകര്യങ്ങളിലേക്കും പ്രവേശനം സാധ്യമാക്കുക എന്നിവ കേരള ബാങ്ക് സാധ്യമാക്കും. കൊച്ചിയിലെ ഫിന്‍ടെക് ഇന്നൊവേഷന്‍ ഹബ്ബ് സ്ഥാപിക്കുകയും ആവശ്യമായ മനുഷ്യവിഭവശേഷിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിന്യസിക്കുകയും ചെയ്യുന്നത് കെഎസ് യുഎം ആണ്. ഇതിനു പുറമെ ആക്സിലറേറ്റര്‍ പ്രോഗ്രാമുകള്‍ രൂപകല്‍പ്പന ചെയ്യുകയും നടപ്പിലാക്കുക, തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷന്‍, സാങ്കേതിക ഉപദേശം, നിക്ഷേപകരുമായുള്ള ബന്ധങ്ങള്‍ എന്നിവ നല്‍കുക, ഇന്നൊവേഷന്‍ ഗ്രാന്‍റുകള്‍, സീഡ് ലോണുകള്‍, ആഗോള വിപണി പ്രവേശനം പോലുള്ള നിലവിലുള്ള കെഎസ്യുഎം പിന്തുണ സ്കീമുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുക എന്നിവയും കെഎസ് യുഎമ്മിന്‍റെ ചുമതലയാണ്. ഈ സംയുക്ത സംരംഭത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേരള ബാങ്കിലെ ഐടി ചീഫ് ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ ഇരു സ്ഥാപനങ്ങളിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. മൂന്ന് വര്‍ഷമാണ് ധാരണാപത്രത്തിന്‍റെ കാലാവധി.

  ഇൻഫോപാർക്ക് ഫേസ് 3 എ.ഐ ടൗൺഷിപ്പ്ഒരുങ്ങുന്നു
Maintained By : Studio3