Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബില്‍ഡ് ഇറ്റ് ബിഗ് ഫോര്‍ ബില്യണ്‍സ് പദ്ധതിയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

1 min read

തിരുവനന്തപുരം: രാജ്യത്തെ മിടുക്കന്‍മാരായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും ആശയദാതാക്കള്‍ക്കും ലോകോത്തരനിലവാരമുള്ള ഉത്പന്നങ്ങള്‍ കേരളത്തില്‍ നിന്ന് വികസിപ്പിക്കാനായുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി ബില്‍ഡ് ഇറ്റ് ബിഗ് ഫോര്‍ ബില്യണ്‍സ് എന്ന രാജ്യവ്യാപക സ്റ്റാര്‍ട്ടപ്പ് സഹായപരിപാടിയ്ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ രൂപം നല്‍കി. വ്യക്തമായ സ്റ്റാര്‍ട്ടപ്പ് പദ്ധതി, ഗവേഷണ പിന്‍ബലമുള്ള ഉത്പന്ന മാതൃക എന്നിവ കൈമുതലായുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം. രാജ്യത്തിന്‍റെ ഏതു ഭാഗത്തു നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കും ഈ പരിപാടിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു കോടി രൂപ വരെയുള്ള ധനസഹായം, രാജ്യത്തെ ഏറ്റവും ആധുനികമായ ലാബുകളില്‍ അവസരം, നിക്ഷേപ അവസരങ്ങള്‍, വിപണി പ്രവേശനത്തിനുള്ള അവസരം വിദഗ്ധോപദേശം, ഗവേഷണ സഹായം തുടങ്ങിയവ ലഭിക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുക, നൂതന സംരഭങ്ങളെ ലോകവിപണിയിലേക്കെത്തിക്കുക എന്നീ പ്രാഥമികമായ ലക്ഷ്യങ്ങളാണ് ഈ പരിപാടിയ്ക്കുള്ളത്. നിര്‍ണായക മേഖലകളില്‍ സ്വാശ്രയത്വം ശക്തിപ്പെടുത്തുകയെന്നതിനോടൊപ്പം രാജ്യത്തെ നൂതനമേഖലകളിലും ഉത്പാദക രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ ഉദ്യമത്തിലൂടെ കഴിയുമെന്നാണ് കെഎസ് യുഎം പ്രതീക്ഷിക്കുന്നത്. ഇറക്കുമതിയ്ക്കായി മാത്രം കഴിഞ്ഞ വര്‍ഷം ഇന്ത്യ 610 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളത്തിന്‍റെ ജിഡിപിയുടെ രണ്ടിരട്ടിയോളമാണ് ഇത്. ഇതില്‍ 68 ബില്യണ്‍ ഇലക്ട്രോണിക്സ് ഇറക്കുമതിയ്ക്കായാണ് ചെലവാക്കുന്നത്. ചൈനയില്‍ നിന്ന് 26.1 ബില്യണ്‍ ഡോളറിന്‍റെ ഇല്ക്ട്രോണിക്സ് ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നതെന്നത് അത്ഭുതപ്പെടുത്തുന്ന കണക്കാണ്. കേവലം ആശയങ്ങള്‍ മാത്രമല്ല, ആഗോളവിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശേഷിയുള്ള ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാനുള്ള കാല്‍വയ്പാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥിതിവിശേഷം മറികടക്കാനാണ് ബില്‍ഡ് ഇറ്റ് ബിഗ് ഫോര്‍ ബില്യണ്‍സ് പദ്ധതി കെഎസ് യുഎം മുന്നോട്ടു വയ്ക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാകും ഈ പദ്ധതി. വിപ്ലവകരമായ ആശയമോ, പ്രവര്‍ത്തന മാതൃകയോ, ഗവേഷണഫലമോ ഉണ്ടെങ്കില്‍ കെഎസ് യുഎമ്മിനെ സമീപിക്കാം. പ്രവര്‍ത്തന മാതൃക നിര്‍മ്മിക്കാനുള്ള സാങ്കേതിക സഹായം, പ്രൊഡക്ട് ടെസ്റ്റിംഗ് എന്നിവയും കെഎസ് യുഎം നല്‍കും. അന്താരാഷ്ട്രതലത്തില്‍ തന്നെ ഈ ഉത്പന്നത്തെ അവതരിപ്പിക്കുന്നതിനുള്ള സഹായവും പദ്ധതി പ്രകാരം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കെഎസ് യുഎമ്മിന്‍റെ ഇന്‍കുബേഷന്‍ സംവിധാനത്തിലൂടെ ഫാബ്രിക്കേഷന്‍ സംവിധാനം, എഐ ലാബ്, വ്യാവസായിക നിലവാരത്തിലുള്ള നിര്‍മ്മാണ സംവിധാനം എന്നിവയിലേക്കും പ്രവേശനം ലഭിക്കും. ഇലക്ട്രോണിക്സ് ആന്‍ഡ് സെമികണ്ടക്ടേഴ്സ്, മെഡിക്കല്‍ ഉപകരണങ്ങളും ഹെല്‍ത്ത് ടെക്കും, സുസ്ഥിര ഊര്‍ജ്ജ പദ്ധഥികള്‍, എഐ ആന്‍ഡ് റോബോട്ടിക്സ്, സ്പേസ് ടെക്- ഡിഫന്‍സ് ടെക് തുടങ്ങിയ മേഖലകളിലാണ് ഈ പരിപാടിയിലൂടെ കെഎസ് യുഎം പ്രത്യേക ശ്രദ്ധ നല്‍കുന്നതെന്നും അനൂപ് അംബിക ചൂണ്ടിക്കാട്ടി. ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ എന്നീ പദ്ധതികളുടെ ആശയങ്ങളോട് ചേര്‍ന്ന് നിര്‍ക്കുന്നതാണ് പുതിയ പദ്ധതി. രാജ്യത്തിന് വേണ്ടിയുള്ള ഉത്പാദനം, ലോകം കീഴടക്കല്‍ എന്നതാണ് ഈ പദ്ധതിയുടെ ആഹ്വാനം. ബില്‍ഡ് ഇറ്റ് ബിഗ് ഫോര്‍ ബില്യണ്‍സ് പദ്ധതിയില്‍ അപേക്ഷിക്കുന്നതിനായി
https://builditbig.startupmission.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

  സ്വദേശ് ദര്‍ശന്‍ 2.0; തലശ്ശേരി, വര്‍ക്കല ടൂറിസം പദ്ധതികള്‍ക്ക് 50 കോടി രൂപ
Maintained By : Studio3