കെ ഫോണിന്‍റെ വാണിജ്യ സേവനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്കിന്‍റെ (കെ ഫോണ്‍) വാണിജ്യ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് ടെക്നോപാര്‍ക്ക് കാമ്പസില്‍ തുടക്കമായി. ‘സിനര്‍ജി 2024’ എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടെക്നോപാര്‍ക്കിലെ കെ ഫോണ്‍ സേവനങ്ങളുടെ ഉദ്ഘാടനം ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) നിര്‍വ്വഹിച്ചു. ടെക്നോപാര്‍ക്കിന് ഇതൊരു നാഴികക്കല്ലാണെന്നും കെ ഫോണ്‍ സേവനങ്ങള്‍ ടെക്നോപാര്‍ക്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുമെന്നും സിഇഒ പറഞ്ഞു. ഉദ്യോഗസ്ഥരും ജീവനക്കാരും കെ ഫോണ്‍ കണക്റ്റിവറ്റി പരമാവധി പ്രയോജനപ്പെടുത്തണം. ടെക്നോപാര്‍ക്കിലെ ഐടി ആവാസവ്യവസ്ഥയ്ക്ക് കെ ഫോണ്‍ കണക്റ്റിവിറ്റിയുടെ നേട്ടങ്ങള്‍ ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
23,000 വീടുകളില്‍ ഇതിനോടകം കെ ഫോണ്‍ കണക്ഷനുകള്‍ സ്ഥാപിക്കാനായെന്നും ടെക്നോപാര്‍ക്കിലെ പ്രവര്‍ത്തനം കെ ഫോണിന് കൂടുതല്‍ കരുത്ത് പകരുമെന്നും കെ ഫോണ്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു. കെ ഫോണിന്‍റെ സുഗമമായ കണക്റ്റിവിറ്റി ഐടി വ്യവസായത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ ഫോണ്‍ ലിമിറ്റഡ് ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ രാജ കിഷോര്‍ യല്ലാമതി കെ ഫോണിനെയും അതിന്‍റെ നേട്ടങ്ങളെയും കുറിച്ച് വിശദമായ അവതരണം നടത്തി. നാസ്കോം റീജണല്‍ മേധാവി എം എസ് സുജിത് ഉണ്ണി, ജിടെക് വൈസ് ചെയര്‍മാനും ഓസ്പിന്‍ ടെക്നോളജീസ് സിഇഒയുമായ പ്രസാദ് വര്‍ഗീസ് എന്നിവര്‍ ഐടി മേഖലയിലെ ടെലികോം പ്രവണതകളെയും ഐടി സമൂഹത്തിന് കെ ഫോണിലൂടെ സാധ്യമാകുന്ന അടിസ്ഥാന സൗകര്യങ്ങളെയും കണക്റ്റിവിറ്റിയെയും കുറിച്ച് സംസാരിച്ചു.