ടൂറിസം മാനവവിഭവശേഷി വികസനം, കിറ്റ്സിന് ദേശീയ പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന് (കിറ്റ്സ്) ദേശീയ പുരസ്കാരം. ടൂറിസം മാനവവിഭവശേഷി വികസിപ്പിക്കുന്നതിലും തൊഴില്‍ സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമുള്ള മികവിനാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി)യുടെ അംഗീകാരം കിറ്റ്സിന് ലഭിച്ചത്. ന്യൂഡല്‍ഹിയിലെ ഭാരത്മണ്ഡപത്തില്‍ നടന്ന 20-ാമത് ഫിക്കി അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്നും കിറ്റ്സ് ഡയറക്ടര്‍ ഡോ. ദിലീപ് എം.ആര്‍ അവാര്‍ഡ് സ്വീകരിച്ചു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മികവ് കൈവരിച്ച സ്ഥാപനങ്ങളെ ആദരിക്കുന്നതിനുള്ള ഹയര്‍ എജ്യൂക്കേഷന്‍ ഏക്സ്ലന്‍സ് അവാര്‍ഡ് 2025 ലെ ‘എക്സലന്‍സ് ഇന്‍ ക്രിയേറ്റിംഗ് എംപ്ലോയ്മെന്‍റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ്’ എന്ന വിഭാഗത്തിലാണ് കിറ്റ്സ് പ്രത്യേക ജൂറി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ടൂറിസം വ്യവസായത്തിന്‍റെ മാനവ വിഭവശേഷി അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ സംസ്ഥാനത്തിന്‍റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം പഠന മേഖലയ്ക്ക് കേരളം നല്‍കുന്ന പ്രാധാന്യവും ഇതിലൂടെ അംഗീകരിക്കപ്പെടുന്നു. അക്കാദമിക മേഖലയില്‍ കിറ്റ്സിനെ സെന്‍റര്‍ ഓഫ് എക്സലന്‍സ് ആക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കിറ്റ്സിനെ മികവിന്‍റെ കേന്ദ്രമായി മാറ്റുന്നതിന്‍റെ ഭാഗമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി ഈ പുരസ്കാരത്തെ കാണൂന്നുവെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു. നൈപുണ്യ വികസനത്തിലൂന്നി ടൂറിസം മേഖലക്കാവശ്യമായ മാനവ വിഭവ ശേഷി വികസനത്തില്‍ പ്രത്യേക ശ്രദ്ധ ടൂറിസം വകുപ്പ് സ്വീകരിച്ചുവരുന്നുണ്ടെന്നും ഈ നേട്ടം അതിന് ആക്കം കൂട്ടുമെന്നും ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഉന്നത നിലവാരത്തിലുള്ള പഠനം ഒരുക്കുന്നതിനോടൊപ്പം കാമ്പസ് പ്ലേസ്മെന്‍റ് നല്‍കുന്നതില്‍ ഇന്ത്യയിലെ തന്നെ ടൂറിസം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലാണ് കിറ്റ്സ്. കഴിഞ്ഞ വര്‍ഷം കിറ്റ്സില്‍ നിന്ന് യുറോപ്യന്‍ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ പ്ലേസ്മെന്‍റ് നല്‍കാനായി. അതിനോടൊപ്പം മറ്റ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനവും തൊഴിലും നല്‍കാന്‍ കിറ്റ്സിന് സാധിച്ചു. ഹോംസ്റ്റേ, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സംരംഭകത്വം തുടങ്ങുന്നതിനുള്ള പരിശീലനവും അറിവും കിറ്റ്സ് നല്‍കിവരുന്നു. ടൂര്‍ ഗൈഡുകളുടെ പരിശീലനവും സാഹസിക ടൂറിസം മേഖലയിലെ പരിശീലനവും തൊഴില്‍ ഉറപ്പിക്കുന്നവയും ഉന്നത നിലവാരം പുലര്‍ത്തുന്നവയുമാണ്. പരിശീലന പരിപാടികളിലൂടെ നൂറുകണക്കിന് തൊഴിലവസരങ്ങളാണ് കിറ്റ്സിന് സൃഷ്ടിക്കാന്‍ കഴിഞ്ഞത്.