ടൂറിസം അതിഥി മന്ദിരങ്ങള്‍ മുഖം മിനുക്കുന്നു
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്‍റെ അതിഥി മന്ദിരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി 28.5 കോടി രൂപയോളം വരുന്ന വിവിധ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. പ്രകൃതിരമണീയമായ പൊന്‍മുടി ഗസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിന്‍റെ ഇന്‍റീരിയര്‍ ഫര്‍ണിഷിംഗിനായുള്ള അന്തിമഘട്ട പ്രവര്‍ത്തനങ്ങള്‍ 99,90,960 രൂപ ചെലവില്‍ പൂര്‍ത്തീകരിക്കും. ഡിസംബറോടെ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസ് വളപ്പില്‍ സ്ഥിതിചെയ്യുന്ന യാത്രി നിവാസിന്‍റെ നവീകരണത്തിന് 9 കോടിയാണ് അനുവദിച്ചിട്ടുള്ളത്.
2014 ല്‍ പ്രവര്‍ത്തനമാരംഭിച്ച ദേവികുളത്തെ യാത്രി നിവാസിന് 98 ലക്ഷം രൂപയാണ് നവീകരണത്തിനായി നല്‍കിയിരിക്കുന്നത്. കെട്ടിടം മോടിപിടിപ്പിക്കല്‍, ഓഫീസ് മുറിയുടെ എക്സ്റ്റീരിയര്‍, അടുക്കളയുടെയും സ്റ്റാഫ് റൂമിന്‍റെയും വൈദ്യുതീകരണം, ലാന്‍സ്കേപ്പിംഗ് എന്നിവ അടക്കമാണിത്. കൊല്ലത്തെ ഗസ്റ്റ് ഹൗസിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10,39,52,619 രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. 18 മാസത്തിനകം നവീകരണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴ് നാട്ടിലെ കന്യാകുമാരിയിലുള്ള കേരളാ ഹൗസിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 6,50,00,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.
ധാരാളം സന്ദര്‍ശകര്‍ ദിനംപ്രതി എത്താറുള്ള സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പ്രധാനപ്പെട്ട താമസസ്ഥലങ്ങളാണിവ. നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമെന്നും ഗസ്റ്റ് ഹൗസുകളിലെ താമസം കൂടുതല്‍ സുഖകരവും അഹ്ളാദപ്രദവും ആകുമെന്നും ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ തന്നെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ സ്റ്റാഫ് റൂമിനും ഡ്രൈവര്‍മാരുടെ മുറിക്കും കാര്‍ പാര്‍ക്കിംഗിനും വേണ്ടിയുള്ള കെട്ടിടം നിര്‍മ്മിക്കും. കൂടാത ഇവിടെ പൊതുവായ നവീകരണ പ്രവര്‍ത്തനങ്ങള്‍ കൂടി നടപ്പാക്കുന്നതിനായി 66,00,000 രൂപയ്ക്കും ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.