കേരള ടൂറിസത്തിന് ഗ്ലോബല്‍ വിഷന്‍ പുരസ്ക്കാരം
തിരുവനന്തപുരം: അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ആന്‍ഡ് ലെഷര്‍ ഡോട്കോമിന്‍റെ ഗ്ലോബല്‍ വിഷന്‍ 2022 പുരസ്ക്കാരത്തിന് കേരള ടൂറിസം അര്‍ഹരായി. കേരള ടൂറിസം നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം മിഷനാണ് പുരസ്ക്കാരത്തിന് അര്‍ഹമാക്കിയ പദ്ധതി. അനുഭവവേദ്യവും സുസ്ഥിരവും പാരിസ്ഥിതിക സൗഹൃദവുമായ ടൂറിസം-ഗതാഗത പദ്ധതികള്‍ നടപ്പാക്കുന്ന വ്യക്തികള്‍, കമ്പനികള്‍, സംഘടനകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയാണ് ട്രാവല്‍ ആന്‍ഡ് ലെഷര്‍ പുരസ്ക്കാരത്തിനായി തെരഞ്ഞെടുക്കുന്നത്. ലോകമെമ്പാടുമുള്ള ടൂറിസം മേഖലയില്‍ നിന്ന് അഞ്ച് ഗ്ലോബല്‍ വിഷന്‍ പുരസ്ക്കാരമാണ് നല്‍കി വരുന്നത്. 14 അംഗ ജൂറിയാണ് വിശദമായ പരിശോധനകള്‍ക്ക് ശേഷം പുരസ്ക്കാരപട്ടിക പ്രഖ്യാപിച്ചത്.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, വനിതാശാക്തീകരണം, സമൂഹ ഉന്നമനം, കാര്‍ഷികവൃത്തി പ്രോത്സാഹിപ്പിക്കല്‍ എന്നിവയ്ക്കായി ടൂറിസത്തെ പ്രയോജനപ്പെടുത്തിയ ഉദാത്തമാതൃകയാണ് കേരള ടൂറിസം ആവിഷ്കരിച്ച ഉത്തരവാദിത്ത ടൂറിസം മിഷനെന്ന് പുരസ്ക്കാര നിര്‍ണയ സമിതി വിലയിരുത്തി. ജീവിക്കാനും സന്ദര്‍ശിക്കാനും പറ്റിയ ഇടമാക്കി സ്വന്തം സ്ഥലത്തെ മാറ്റുക എന്ന ഉത്തരവാദിത്തമാണ് ഇതിലൂടെ നടപ്പാക്കിയത്. പ്രാദേശിക കലാകാരന്‍മാര്‍, കരകൗശലവിദഗ്ധര്‍, കൃഷിക്കാര്‍ മുതലായവരെല്ലാം ഇന്ന് ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഗുണഭോക്താക്കളാണെന്നും സമിതി അഭിപ്രായപ്പെട്ടു.
കൊവിഡാനന്തര ടൂറിസം മേഖലയില്‍ അനുഭവവേദ്യ ടൂറിസത്തിനും ഗ്രാമീണ ടൂറിസത്തിനും വലിയ പ്രാധാന്യമാണ് അന്താരാഷ്ട്രതലത്തില്‍ കൈവന്നിട്ടുള്ളതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുരസ്ക്കാര ലബ്ധിയിലൂടെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ ലോകമെമ്പാടും മാതൃകാപരമായ അംഗീകാരം നേടിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസം കൊണ്ട് സമൂഹത്തില്‍ സമഗ്രമായ മാറ്റം സൃഷ്ടിച്ച സ്ഥാപനങ്ങള്‍ക്കാണ് ഗ്ലോബല്‍ വിഷന്‍ പുരസ്ക്കാരം ലഭിച്ചതെന്ന് സംസ്ഥാന ടൂറിസം വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. വേണു വി ചൂണ്ടിക്കാട്ടി. കേരളത്തിലെ ടൂറിസം വികസനത്തോടൊപ്പം മികച്ച സാമൂഹ്യസൂചികയ്ക്കുമുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്‍റെ എല്ലാ തട്ടിലുള്ള ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രവര്‍ത്തനത്തിനുള്ള ആഗോള അംഗീകാരമാണ് ഈ പുരസ്ക്കാരമെന്ന് കേരള ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ പറഞ്ഞു. ടൂറിസം മേഖലയിലെ ജനപങ്കാളിത്തത്തോടു കൂടിയുള്ള ബദല്‍ എന്ന നിലയില്‍ എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വളര്‍ച്ചയെന്ന ആശയം ഫലപ്രദമായി നടപ്പാക്കാനുള്ള മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാണ് ഈ പുരസ്ക്കാരമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പറഞ്ഞു.
കേരള ടൂറിസത്തിന് പുറമെ അലാക്സകന്‍ ഡ്രീം ക്രൂയിസസ് (അലാസ്ക, യുഎസ്എ), ബ്ലാക്ക് കള്‍ച്ചറല്‍ ഹെറിറ്റേജ് ടൂര്‍സ് (യുഎസ്എ), പുതിയ സൂപ്പര്‍ സോണിക് യാത്രാവിമാനമായ ബൂം-65 (യുഎസ്എ), സൈറ ഹോസ്പിറ്റാലിറ്റി (യുകെ) എന്നിവയ്ക്കാണ് ഗ്ലോബല്‍ വിഷന്‍ പുരസ്ക്കാരം ലഭിച്ചത്.